എഡിറ്റര്‍
എഡിറ്റര്‍
തളിപ്പറമ്പ് കള്ളനോട്ട് കേസ്: പ്രതി യൂസഫിനെ എന്‍.ഐ.എ കൊച്ചിയിലെത്തിച്ചു
എഡിറ്റര്‍
Wednesday 27th March 2013 12:35am

കൊച്ചി: തളിപ്പറമ്പ് കള്ളനോട്ട് കേസിലെ പ്രതി കാസര്‍കോട് സ്വദേശി യൂസഫിനെ എന്‍.ഐ.എ കൊച്ചിയിലെത്തിച്ചു. ദല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രി വിമാനമാര്‍ഗമാണ് യൂസഫിനെ കൊച്ചിയിലെത്തിച്ചത്.

Ads By Google

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളനോട്ട്‌റാക്കറ്റിലെ കണ്ണിയാണ് യൂസഫെന്നാണ് വിവരം.

തളിപ്പറമ്പ് കേസിലെ എട്ടാം പ്രതിയാണ് യൂസഫ്. ഇയാളെ ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി യൂസഫിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.യുടെ തീരുമാനം.

സെപ്തംബര്‍ 18നാണ് പ്രദീപ് കുമാര്‍, ആഷിഷ്, കാസര്‍കോഡ് ഹോസ്ദുര്‍ഗ് സ്വദേശി കമാല്‍ ഉമര്‍ എന്നു വിളിക്കുന്ന കമാല്‍ ഹാജി എന്നിവരില്‍നിന്നായി 8,96,000 രൂപയുടെ കള്ളനോട്ട് പൊലീസ് പിടികൂടിയത്.

കണ്ണൂരിലേക്ക് കാറില്‍ സഞ്ചരിച്ചിരുന്ന ഇവരെ കുറ്റിക്കോലിനു സമീപം വച്ചാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

കള്ളനോട്ട് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായതോടെ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് കള്ളനോട്ട് കേസ് എന്‍. ഐ. എക്ക് കൈമാറി.

ദുബായില്‍ നിന്ന് കൊണ്ടുവന്ന കള്ളനോട്ടാണിതെന്ന് എന്‍. ഐ. എയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ നോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിച്ചതാണെന്ന് സംശയമുണ്ടെന്നും രാജ്യത്തെ സാമ്പത്തിക സ്ഥിതി അട്ടിമറിക്കുകയും അതുവഴി തീവ്രവാദ ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്യാനാണ് നോട്ടുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് എന്‍. ഐ. എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളനോട്ടിനു പകരം നല്‍കാനായി ഇവര്‍ സ്വരൂപിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും എന്‍. ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു.

കേസിലെ മുഖ്യപ്രതി അബൂബക്കര്‍ ഹാജി, പ്രദീപ് കുമാര്‍, കാഞ്ഞങ്ങാട് സ്വദേശി കമാല്‍ ഉമ്മര്‍, കണ്ണൂര്‍ ചൊവ്വ സ്വദേശി എം.പി.ആശിഷ് എന്നിവരെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Advertisement