ബാഷാ മോഡലില്‍ ദളപതി 67; 40ന് മുകളിലുള്ള ഗാങ്സ്റ്ററാവാന്‍ വിജയ്
Film News
ബാഷാ മോഡലില്‍ ദളപതി 67; 40ന് മുകളിലുള്ള ഗാങ്സ്റ്ററാവാന്‍ വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 3:11 pm

വിക്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന സിനിമയുടെ പുതിയ വിവരങ്ങളെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ചിത്രം ഈ വര്‍ഷം അവസാനം തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ ഒരു ഗാങ്സ്റ്റര്‍ ആയിട്ടായിരിക്കും വിജയ് എത്തുക.

അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രായത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമായിരിക്കും ഇത്. ദളപതി 67ല്‍ 40കളിലെ ഗാങ്സ്റ്റര്‍ കഥാപാത്രത്തെ വിജയ് അവതരിപ്പിക്കുമെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നായകന്റെ ചെറുപ്പകാലം കാണിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സമയവും 40കളിലെ നായകന്‍ തന്നെയായിരിക്കും വരുന്നത്.

രജനികാന്തിന്റെ ബാഷാ സിനിമയിലെ കഥാപാത്രത്തിന്റെ അവതരണത്തിന് സമാനമായിരിക്കും ദളപതി 67ലെ നായകന്റെ അവതരണവും. ഇതുവരെ കാണാത്ത രീതിയിലായിരിക്കും ചിത്രത്തില്‍ വിജയ് എത്തുക. ചിത്രത്തിലെ ഡാര്‍ക്കര്‍ ഷേഡുള്ള കഥാപാത്രത്തിനായി വിജയും ആവേശത്തിലാണ്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് വിജയേയും എത്തിക്കാനുള്ള ശ്രമമുണ്ടെന്ന് ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ‘കൈതിയിലും വിക്രത്തിലും ദളപതി 67ന്റെ ചില സൂചനകള്‍ നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ വിക്രത്തിന്റെ നിര്‍മാതാക്കളോട് കൂടി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദളപതി 67, കൈതി 2, വിക്രം 3 എന്നിങ്ങനെ നിരവധി സിനിമകളാണ് ലോകേഷിന്റേതായി ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Content Highlight: thalapathy 67 in Basha model, Vijay is a gangster over 40 in the movie