മുസ്ലിം ലീഗ് ഓണം /മുഹറം ചന്തയില്‍ നിന്ന് ചട്ടിയും കുടുക്കയും വാങ്ങില്ലേ?
Discourse
മുസ്ലിം ലീഗ് ഓണം /മുഹറം ചന്തയില്‍ നിന്ന് ചട്ടിയും കുടുക്കയും വാങ്ങില്ലേ?
താഹ മാടായി
Monday, 9th August 2021, 8:14 pm
വിവാദം വരുമ്പോള്‍ മതത്തിന്റെ തൊപ്പിയിട്ട് നില്‍ക്കുക, മതത്തിന്റെ പിറകില്‍ ഒളിച്ചു നില്‍ക്കുക ഇതൊക്കെ മുസ്‌ലിം ലീഗിന്റെ സ്ഥിരം പരിപാടിയാണ്

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, വിചിത്രമായ ഒരാവശ്യവുമായി ഞങ്ങളുടെ സ്‌കൂളിലെ എം.എസ്.എഫ് (മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന) ഘടകം ഒരു സമരം നടത്തുകയുണ്ടായി. എം.എസ്.എഫ് മറ്റു വിദ്യാലയങ്ങളില്‍ അത്തരമൊരു സമരം അക്കാലത്ത് നടത്തിയിട്ടുണ്ടോ എന്നുറപ്പില്ല. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു, അത്.

സമരത്തില്‍ മുഴങ്ങിയ മുദ്രാവാക്യം ഇതായിരുന്നു:
‘ക്രിസ്മസ്സിനു
പത്ത് ദിവസം
ഓണത്തിന്
പത്ത് ദിവസം
മുസ്‌ലിങ്ങളുടെ പെരുന്നാളിന്
പത്ത് ദിവസം തന്നൂടെ?
സര്‍ക്കാറെ
സര്‍ക്കാറെ
ഞങ്ങള്‍ക്കും വേണം
പത്ത് ദിവസം
പെരുന്നാളിന് പത്ത് ദിവസം’.

സമരത്തിന് മുന്നില്‍ നിന്ന ആരിഫ് എന്ന വിദ്യാര്‍ഥിയെ സ്‌കൂളിലെ അറബി മാഷ് ഓടിച്ച് പിടിച്ച് അടിച്ചു. ആരെയും ജീവിതത്തില്‍ അടിച്ചിട്ടില്ലാത്ത ലിയോ മാഷും ആ മുദ്രാവാക്യം മുഴക്കിയ കുട്ടികളെ ചിലരെ പാഞ്ഞു പിടിച്ചു തല്ലി. വര്‍ഗീയത പച്ചക്ക് വിളിച്ചു പറഞ്ഞതായിരുന്നു, ആ അധ്യാപകരെ പ്രകോപിപ്പിച്ചത്. കേള്‍ക്കുമ്പോള്‍ വളരെ നിഷ്‌കളങ്കമാണ് ആ മുദ്രാവാക്യം. ഓണം ഹിന്ദുക്കളുടെ ആഘോഷമാണ്, ക്രിസ്മസ് ക്രിസ്ത്യാനികളുടെ ആഘോഷം- പത്ത് ദിവസമാണ് സ്‌കൂള്‍ പൂട്ട്.

എന്നാല്‍ വാസ്തവം മറ്റൊന്നാണ്. അതിന് ശേഷം വരുന്ന (മുമ്പോ?) പരീക്ഷയുടെ പേരിലാണ് ഈ അവധി ദിനങ്ങള്‍. ഓണവും ക്രിസ്മസും വരുമ്പോള്‍. അവധി ദിനങ്ങള്‍ ആ വിശേഷ ദിവസങ്ങളോടൊപ്പം ചേര്‍ത്തെഴുതി. അങ്ങനെ ‘പരീക്ഷപ്പൂട്ട്’ ഓണപ്പൂട്ടും ക്രിസ്മസ് പൂട്ടുമായി അറിയപ്പെട്ടു, ആ നിലയില്‍ ആഘോഷിച്ചു.

ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ‘ഓണം / മുഹറം ചന്ത’ എന്ന് പറയുമ്പോള്‍ മുസ്‌ലിം ലീഗ് പറയുന്നു: ‘ഞങ്ങള്‍ക്കു വേണ്ട മുഹറം ചന്ത.’

‘എല്ലാ വിശേഷ ദിവസങ്ങളും എല്ലാവരുടേതുമാകണമെന്ന്’ കെ.ഇ.എന്‍ മുമ്പേ പറയാറുണ്ട്: എല്ലാ ആരാധനാലയങ്ങളും എല്ലാവരുടേതുമാകണം’.

ഓണത്തിന് ചില മുസ്‌ലിങ്ങള്‍ പൂക്കളമിട്ടപ്പോള്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് സലഫികള്‍ പറഞ്ഞു: ഓണം സദ്യ ശിര്‍ക്ക് ആണ്. അതായത്, മതവിരുദ്ധം. ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍. ‘മഹാബലി’യെ ഹിന്ദുക്കള്‍ അവതാരമായി കാണുന്നു. മുസ്‌ലിങ്ങള്‍ അതുകൊണ്ട് ഓണം ആഘോഷിക്കരുത്.

യഥാര്‍ഥത്തില്‍, ആ വാദം ശരിയാണ്, ഓണം മുസ്‌ലിങ്ങള്‍ ആഘോഷിക്കേണ്ടതില്ല. എന്നാല്‍, സദ്യ, പൂക്കള്‍, ഉത്സവം – ഇതെല്ലാം ‘മതാത്മകമല്ലാതെ തന്നെ’ മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുന്ന ഘടകങ്ങളാണ്. ചന്ത ആരുടേതാണ്? തെരുവ് ആരുടേതാണ്? ബലൂണുകളും മണ്‍കലങ്ങളും ബെഡ് ഷീറ്റുകളും കോഴിക്കോടന്‍ ഹലുവയും ആരുടേതാണ്?

ഉത്തരം ലളിതമാണ്: എല്ലാവര്‍ക്കും വേണ്ടതാണ്. ഉത്സവകാലത്ത് തെരുവുകളിലേക്കൊഴുകുന്ന ജനങ്ങള്‍, പല ജാതി മതങ്ങളുടെ ഒറ്റയൊറ്റ പ്രതിനിധാനമായിരിക്കേ തന്നെ, ‘പൊതു ഇട’ത്തില്‍ ഒന്നായി തീരുന്ന ഒരു സംലയനമുണ്ട്. ഓണത്തോടൊപ്പം മുഹറം കുടി ചേരുമ്പോള്‍, അവിടെ ഒന്നായിച്ചേരലിന്റെ രസമുണ്ട്. അതിലൊരു വാണിജ്യ യുക്തിയുമുണ്ട്. കച്ചോടം ഇടതുപക്ഷത്തെ ആരും പഠിപ്പിക്കുകയും വേണ്ട. പുല്ലരിയുന്ന പാവം സ്ത്രീയോട് പോലും ഫൈന്‍ വാങ്ങുന്ന ടീമാണ്.

ഓണത്തിന് കോവിഡ് പ്രോട്ടോക്കോള്‍ എടുത്തു മാറ്റിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു മലയാളിയും കോടതിയില്‍ പോകില്ല. കടുത്ത മതമൗലിക വാദിയായ ഏതെങ്കിലും മുസ്‌ലിമും അത്തരമൊരു പരാതിയുമായി പോകില്ല. കാരണം, ‘ചന്ത’ അല്ലെങ്കില്‍ ‘വിപണി’ വിജയത്തിന് പൊതുവായ ഒരൊഴുക്കു വേണം. കഞ്ഞിയില്‍ മണ്ണിടാന്‍ ആരും ആഗ്രഹിക്കില്ല. ആത്മഹത്യയുടെ മുനമ്പില്‍ കയറും പിടിച്ചു നില്‍ക്കുന്നുണ്ട്, പലരും.

വിപണിയുടെ വാതില്‍ പ്രവേശന വിളംബരമാണ് അവര്‍ കാത്തിരുന്നത്. ഓണത്തോടൊപ്പം മുഹറം കൂടി വരുന്നുണ്ടെങ്കില്‍, അതും കൂടെ വരട്ടെ. മണ്‍പാത്ര വില്‍പനക്കാരും പായ വില്‍പനക്കാരും പായസ വില്‍പനക്കാരും അവരുടെ ജീവിതത്തിലേക്ക് ഒരു പിടി സമ്പാദ്യമെങ്കിലുമെത്തിക്കട്ടെ. അപ്പോഴാണ് ലീഗുകാരുടെ മതം പറച്ചില്‍. വിവാദം വരുമ്പോള്‍ മതത്തിന്റെ തൊപ്പിയിട്ട് നില്‍ക്കുക, മതത്തിന്റെ പിറകില്‍ ഒളിച്ചു നില്‍ക്കുക ഇതൊക്കെ മുസ്‌ലിം ലീഗിന്റെ സ്ഥിരം പരിപാടിയാണ്. എം.എന്‍.വിജയന്‍ മുമ്പ് പറഞ്ഞത് പോലെ, ഓടിക്കേറാന്‍ ഒരിടവും കിട്ടാത്തപ്പോള്‍ മതത്തില്‍ കയറി നില്‍ക്കും. ആ ഒരു അടവാണ് മുസ്‌ലിം ലീഗ് ഇവിടെയും എടുക്കുന്നത്.

മുഹറം എന്ന അറബ് മാസത്തിന്റെ പ്രത്യേകതയായി ഒരു മലയാളി മുസ്‌ലിം എന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ്:

‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്…” (ഖുര്‍ആന്‍: 9:36). അതിലൊന്നാണ്, മുഹറം.

ഇനി, വിശേഷ മാസമെന്ന് ഖുര്‍ആനിലൂടെ വ്യക്തമാക്കിയ മാസങ്ങളില്‍ ഒരു മാസമായ മുഹറം മാസത്തിലെ പ്രത്യേകതകള്‍:
ആഇശ പറയുന്നു: ”ഖുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇ(മുഹറം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. പ്രവാചകനും അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ പ്രവാചകന്‍ അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേശിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു”(ബുഖാരി).

മുഹറത്തില്‍ പത്താം ദിവസത്തെ പ്രത്യേകം ശ്രേഷ്ഠതയുള്ളതായി കാണാം. കാരണം, ആ ദിവസത്തിലാണ് അല്ലാഹു മൂസാ നബിയെ ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത് എന്ന് ഒരു ഹദീസില്‍ വായിക്കാം:

ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: ‘പ്രവാചകന്‍ മദീനയിലേക്ക് വന്നു, ആ സന്ദര്‍ഭത്തില്‍ ജൂതന്മാര്‍ ആശൂറാഅ് (മുഹര്‍റം പത്ത്)ന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു, അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു, ഇതെന്താണ്? (നിങ്ങള്‍ എന്തുകൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്) അവര്‍ പറഞ്ഞു: ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അത്കൊണ്ട് ഈ ദിവസം മൂസാ നോമ്പനുഷ്ഠിക്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ അടുപ്പമുള്ളവന്‍ ഞാനാണ്, അങ്ങനെ ആ ദിവസം നബി നോമ്പനുഷ്ഠിച്ചു, ആ ദിവസം നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിക്കുകയുമുണ്ടായി'(ബുഖാരി).

മറ്റൊരു ഭാഗം:

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍ പറയുകയുണ്ടായി: ‘റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്, നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്” (മുസ്ലിം).

‘ശിയാ’ മുസ്‌ലിങ്ങള്‍ക്ക് പ്രവാചകന്റെ പേരക്കിടാവിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ‘കര്‍ബല’ യുദ്ധ സ്മൃതിയുമാണ് മുഹറം. അവര്‍ നെഞ്ചത്തടിച്ചു കരയുന്ന ദിവസം.

അപ്പോള്‍, മുഹറം, അറബ് മാസത്തിന്റെ തുടക്കമെന്ന പോലെ മുസ്‌ലിങ്ങള്‍ക്ക് മാത്രം ബാധകമായ ഏറെ വിശേഷങ്ങള്‍ ഉള്ള മാസമാണ്. മറ്റ് മതക്കാര്‍ക്ക് അതില്‍ വിശേഷമായി ഒന്നുമില്ല. എന്നാല്‍, മുസ്‌ലിങ്ങള്‍ ഏറെയുള്ള നാടാണ് കേരളം.

ഓണം / മുഹറം ചന്ത എന്നു ഒന്നിച്ചു കേള്‍ക്കുമ്പോള്‍, മുസ്‌ലിം ലീഗ് ഇഷ്ടപ്പെടില്ല. മുസ്‌ലിം വേറെ, ലീഗ് വേറെ. എന്നാല്‍, ഇതു രണ്ടും ചേരുംപടി ചേര്‍ത്തു നിര്‍ത്തി രാഷ്ട്രീയ വിജയം നേടിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. വിവാദങ്ങള്‍ വരുമ്പോഴൊക്കെ മതത്തില്‍ പിടിച്ച് തടി തപ്പാന്‍ നോക്കുന്ന ഒന്നിനും ഒരു കണക്കുമില്ലാത്ത പാര്‍ട്ടി. ഈ പാര്‍ട്ടി നില നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ പോലും, ഇപ്പോള്‍, വലിയ നിരാശയിലാണ്.

കൈയിട്ടു വാരുന്നതിന് ഒരു കണക്കില്ലേ? ആ ചോദ്യം പൊതുസമൂഹത്തില്‍ നിന്നും സമുദായത്തില്‍ നിന്നും വരുമ്പോള്‍, മതത്തിന്റെ മറവില്‍ തിരിവില്‍ പോയി നില്‍ക്കും. എന്തായാലും, കുഞ്ഞാലിക്കുട്ടി ഓണം /മുഹറം ചന്തയില്‍ പോയി ചട്ടീം കുടുക്കയും വാങ്ങില്ല. വാങ്ങാനാഗ്രഹമുള്ളവര്‍ പോയി വാങ്ങിക്കോട്ടെ, കുഞ്ഞാലിക്കുട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thaha Madayi writes on Muharam Controversy

താഹ മാടായി
എഴുത്തുകാരന്‍