ഉസ്താദേ, ബാറിലാണ് പടച്ചോന്‍! | താഹ മാടായി
Discourse
ഉസ്താദേ, ബാറിലാണ് പടച്ചോന്‍! | താഹ മാടായി
താഹ മാടായി
Tuesday, 1st September 2020, 3:04 pm

സ്വീഡനില്‍ തെരുവില്‍ തീ പിടിക്കുമ്പോള്‍ ഇവിടെ ചില ‘സ്വതന്ത്ര ചിന്ത’കര്‍ സന്തോഷിക്കുന്നത് എന്തുകൊണ്ടാണ്? കത്തട്ടങ്ങനെ കത്തട്ടെ എന്ന ചിന്ത പുരോഗമന ശാസ്ത്ര ബോധ മനസ്സുകളിലും സന്തോഷപ്പൂത്തിരി കത്തിക്കുന്നുണ്ടോ?

സമൂഹത്തെ താറടിക്കാതെ, വാക്കുകളില്‍ പരപുച്ഛം കുത്തി നിറക്കാതെ യുക്തിവാദം പ്രചരിപ്പിച്ച ചിലരുണ്ടായിരുന്നു. നമ്മുടെ തലമുറ, എഴുപതുകളില്‍ മൂത്രമൊഴിച്ചു നടന്ന ബാല്യം, തീര്‍ച്ചയായും ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട അങ്ങനെയൊരു പേരാണ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടേത്. ആ കാലത്തെ രാഷ്ട്രീയ വിക്ഷോഭങ്ങള്‍ ചുവരെഴുത്തുകളായും തടവറ കവിതകളായും സംഭാഷണങ്ങളായും സിനിമകളായും പില്‍ക്കാല ചരിത്ര / സാംസ്‌കാരിക വായനകള്‍ക്കായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

അതൊക്കെ ബദലിടങ്ങള്‍ തേടിയിറങ്ങിയ രാഷ്ട്രീയ മനുഷ്യരുടെ ബലി ചിത്രങ്ങളായി മാറി എന്നതും വാസ്തവമാണ്. സ്വതന്ത്ര്യത്തെ ഏതെല്ലാം വിധത്തില്‍ നിര്‍വ്വചിക്കാം, രാഷ്ട്രീയമായി അഭിമുഖീകരിക്കാം എന്ന ചോദ്യങ്ങള്‍ക്ക് ‘രാഷ്ട്രീയം എതിര് രാഷ്ട്രീയം’ എന്ന ഉത്തരമാണ് പല അന്വേഷണങ്ങളും ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഈ രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കിടയില്‍, നഷ്ടപ്പെട്ടുപോയ ഒരു പേരാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെത്. പിള്ള എന്ന വാലുപേക്ഷിച്ച് ‘പുഴ ‘യില്‍ സ്വന്തം പേരിനെ ചേര്‍ത്തു നിര്‍ത്തിയ ധിഷണാശാലി. സ്വതന്ത്ര ചിന്ത ഒഴുകിയ ഒരു പുഴയായിരുന്നു ആ എഴുത്തുകള്‍.

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള

ഇപ്പോള്‍ മുന്നിലുള്ളത് വളരെ ചെറിയ ഒരു പുസ്തകമാണ്. ‘ലഘുലേഖ’യെന്നോ ‘പോക്കറ്റ് പുസ്തക’മെന്നോ പറയാവുന്ന ഈ കൃതി അതിലെ വചനങ്ങങ്ങളുടെ ആഴം കൊണ്ട് ഒരു ബൃഹദ് കൃതിയുടെ ആന്തരികമായ ബലം പ്രകടിപ്പിക്കുന്നു. ‘കുറ്റിപ്പുഴയുടെ സൂക്തങ്ങള്‍’ എന്നാണ് ഈ കുഞ്ഞു പുസ്തകത്തിന്റെ പേര്. നാം മൊബൈല്‍ ഫോണ്‍ പോലെ, നമ്മുടെ ബോധത്തോടൊപ്പം കൊണ്ടു നടക്കേണ്ടതാണ് ഈ പോക്കറ്റ് പുസ്തകം.

‘യുക്തിതിവാദ പ്രചരണ വേദി’ തൃശൂര്‍ പ്രസാധനം ചെയ്ത ഈ പുസ്തകത്തിന് വില, ഒരു രൂപയാണ്. പ്രസാധന വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. പ്രിന്റ് വെല്‍, 27656 എന്ന് പിന്‍ താളില്‍ കാണാം. ഇംപ്രിന്റോ മറ്റു വിശദാംശങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. പ്രിന്റ് വെല്‍ പ്രസ്സ് ആയിരിക്കുമെന്നു തീരുമാനിക്കാം. ലെറ്റര്‍ പ്രസ്സിലാണ് ലിപി വിന്യാസം.

‘ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്ങ് ഇറ’ക്കു മുമ്പാണ് അച്ചടി. ഈ പുസ്തകം 1 രൂപക്ക് കിട്ടിയിരുന്നെങ്കില്‍, ആ കാലത്തെ ചായപ്പൈസ, 25 പൈസ ആയിരിക്കണം. എന്തായാലും, ഏറെ ശ്രദ്ധേയവും നമ്മുടെ സ്വതന്ത്ര ചിന്തയെ പ്രചോദിപ്പിക്കുന്നതുമാണ് ഇതിലെ സൂക്തങ്ങള്‍. കുറ്റിപ്പുഴയുടെ കൃതികളില്‍ നിന്ന് ‘ഏതോ ആള്‍’ സമാഹരിച്ചു ചേര്‍ത്തതാണ് ഇതിലെ ചിന്താശകലങ്ങള്‍.

അന്ധവിശ്വാസവും മതവിശ്വാസത്തിന്റെ പേരിലുള്ള മുസ്‌ലിങ്ങള്‍ക്കിടയിലെ കടുത്ത വിധി വിലക്കുകളും ആചാരപരതയും തീവ്രഹിന്ദുത്വവും തീവ്ര വലത് യുക്തിചിന്തകളും ഏറെ നിര്‍ണായകമായ സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള ഒരു രാജ്യത്തിലിരിന്നു കൊണ്ടാണ് ഈ കുറിപ്പുകള്‍ വായിക്കേണ്ടത്. മനുഷ്യ വിമോചനത്തെക്കുറിച്ച് ഒരു മലയാള ചിന്തകന്‍ പങ്കുവെച്ച രേഖകളാണ് (tangents) ഈ പുസ്തകം.

മത / തീവ്ര ദേശീയ ആചാരനിബദ്ധമായ ചിന്തകള്‍ ‘സാംസ്‌കാരിക ശീലം’ എന്ന നിലയില്‍ പൊതുഇടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത ഒരു കാലത്ത്, 1971ല്‍ ഈ ലോകത്തോട് വിട പറഞ്ഞ കുറ്റിപ്പുഴയുടെ സ്വതന്ത്രചിന്ത, ആ കാലത്തെ രാഷ്ട്രീയം പോലെ തന്നെ അടയാളപ്പെടുത്തേണ്ടതാണ്.

മതം/ജാതി / ഉയര്‍ന്ന ശ്രേണീ – അടിസ്ഥാനമാക്കിയുള്ള വിവാഹ തിരഞ്ഞെടുപ്പുകള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടുകയും ‘ദുരഭിമാനകൊലകള്‍’ വാര്‍ത്തയാവുകയും ചെയ്യുന്ന കാലമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റിപ്പുഴ എഴുതി: ‘ജാതി നശിക്കാനുള്ള പ്രധാന മാര്‍ഗ്ഗം മിശ്രവിവാഹ പ്രസ്ഥാനം തന്നെയാണ്.’ അപ്പോള്‍ തന്നെ ‘വഴിപാട് ദൈവത്തിനുള്ള കൈക്കൂലി ‘ എന്നും രേഖപ്പെടുത്തുന്നു. ‘മതം മനുഷ്യനെ വഴി തെറ്റിക്കുന്ന കൂട്ട ഭ്രാന്ത്’ എന്നും, ‘പൗരോഹിത്യം ജീവന മാര്‍ഗ്ഗം’ എന്നും ചാട്ടുളി പോലെയുള്ള ഭാഷയില്‍ കുറ്റിപ്പുഴ എഴുതുന്നു.

യുക്തിവാദ പ്രസ്ഥാനത്തെക്കുറിച്ച് കുറ്റിപ്പുഴ നിരീക്ഷിക്കുന്നു:

സിദ്ധാന്തബദ്ധമായ ബുദ്ധിയല്ല യുക്തി വാദത്തിനു വേണ്ടത്. അത് എപ്പോഴും സ്വതന്ത്രമായിരിക്കണം. ഒരു വിഷയത്തിലും ഒരു പ്രത്യേകാഭിപ്രായം സ്ഥാപിക്കണമെന്ന് യുക്തിവാദികള്‍ ശാഠ്യം പിടിക്കാറില്ല. അഭിപ്രായമേതായാലും കൊള്ളാം, അതില്‍ എത്തിച്ചേരുന്ന വഴി പിഴക്കാത്തതാകണം, യുക്തിക്കു ചേര്‍ന്നിരിക്കണം, തെളിവുള്ളതായിരിക്കണം എന്നേ അവര്‍ നിര്‍ബ്ബന്ധിക്കുന്നുള്ളൂ.’

തുടര്‍ന്ന് മറ്റൊരിടത്ത്, നിരൂപകനായ ആ ധിഷണ മറ്റൊരു വിധത്തിലും ചിന്തിക്കുന്നുണ്ട്: ബുദ്ധിപരമായ അമിത ബുഭുക്ഷ( Intellectual Gluttony) ഗുണത്തേക്കാളേറെ ദോഷം ചെയ്യും.’ ഇതു വായിക്കുമ്പോള്‍ സമകാലീന മലയാളീ യുക്തിവാദ പ്രഭാഷകരെ നമുക്ക് ഓര്‍മ വരാതിരിക്കില്ല.വൈര ബുദ്ധിയാണ് പലരുടെയും ഭാഷയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

സാഹിത്യം, തത്ത്വചിന്ത, അദ്വൈതം ഈ വിഷയങ്ങളിലെല്ലാം കുറ്റിപ്പുഴയുടെ നിരീക്ഷണങ്ങള്‍ ഇതില്‍ വായിക്കാം. ‘സാഹിത്യം ഏതു രൂപത്തിലും മനുഷ്യന്റെ ഇതിഹാസമാകണം, അവന്റെ അദ്ധ്വാന ശക്തിയേയും ബുദ്ധിവൈഭവത്തെയും ഉയര്‍ത്തിക്കാട്ടണം’ എന്നു നിരീക്ഷിക്കുന്ന കുറ്റിപ്പുഴയിലെ നിരൂപക മനസ്സ് മറ്റൊരിടത്ത് ഇങ്ങനെ കൂടി നിരീക്ഷിക്കുന്നു: അളങ്കിതമായ അന്ത: കരണചോദനയാണ് കലാപ്രവര്‍ത്തനത്തിന്റെ ജീവന്‍!’

ഗാന്ധിജിയെക്കുറിച്ചുള്ള കുറ്റിപ്പുഴയുടെ അഭിപ്രായം ആ കാലത്തെ ഗാന്ധിയന്മാര്‍ എങ്ങനെയാണ് വായിച്ചിരിക്കുക എന്നറിയില്ല. ആ അഭിപ്രായം ഇതാണ്:

ഗാന്ധിജിയുടെ സാമ്പത്തിക സിദ്ധാന്തം പുതിയ രൂപങ്ങള്‍ പൂണ്ട ക്യാപ്പിറ്റലിസം തന്നെയാണ്. അത് അപ്രകാരമാകുന്നത് മതപരമായ പ്രചോദനം മൂലമാകുന്നു. സെമിന്ദാര്‍മാരുടെയും രാജാക്കന്മാരുടെയും സ്വകാര്യ സ്വത്ത് തൊട്ടു പോകരുതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തൊട്ടു പോയാല്‍ ഹിംസയായി പോലും! അഹിംസ മാത്രം ഉരുക്കഴിച്ച് ഈ മുതലാളിമാരെയെല്ലാം പാവങ്ങളുടെ ട്രസ്റ്റിമാരാക്കി തീര്‍ക്കാം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം! പരുന്തിന്റെ കയ്യില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനേല്‍പിക്കുന്നതു പോലെയാണിത്’.

മഹാത്മാഗാന്ധി

എത്ര നിശിതമായ ഗാന്ധി വായന. (അപ്പോള്‍ തന്നെ ട്രസ്റ്റി എന്നത് പല തലങ്ങളില്‍, കുറ്റിപ്പുഴ പറഞ്ഞതില്‍ നിന്ന് ഒന്നു കൂടി കടന്ന് ഗാന്ധിജി ഉപയോഗിക്കുന്നുണ്ട് എന്നതും ചേര്‍ത്ത് വായിക്കണം. ഗാന്ധിജി ശരീരത്തെ കുറിച്ച് പറഞ്ഞത് ഇവിടെ വായനക്കാര്‍ക്കായി എടുത്തു ചേര്‍ക്കാം:
ശരീരം നമ്മുടേതാണ് എന്ന ചിന്ത നാം ഉപേക്ഷിക്കണം. അത് ഈശ്വരന്റേതാണ്. ആരോഗ്യകരമായും വൃത്തിയായും അദ്ദേഹത്തിന്റെ ഹിതാനുസാരിയായി ഉപയോഗിക്കുന്നതിനു വേണ്ടി നമുക്ക് നല്‍കിയിരിക്കുന്നു എന്നു മാത്രം. അതു കൊണ്ടു നാം ശരീരത്തിന്റെ ഉടമയല്ല, ട്രസ്റ്റിയാണ്. ഉടമസ്ഥന് തന്റെ മുതല്‍ ദുരുപയോഗം ചെയ്യാവുന്നതാണ്. എന്നാല്‍, ഒരു ട്രസ്റ്റിയെ സംബന്ധിച്ചിടത്തോളം തന്റെ സൂക്ഷിപ്പിലുള്ള മുതല്‍ ശ്രദ്ധാപൂര്‍വ്വം സമ്യക്കായി ഉപയോഗിക്കേണ്ടിയിരിക്കുന്നു(മഹാത്മാഗാന്ധിയുടെ തെരഞ്ഞെടുത്ത കത്തുകള്‍, II, പുറം 27,5_111932).

അങ്ങനെ, കുറ്റിപ്പുഴയുടെ സൂക്തങ്ങള്‍ എന്ന ഈ ഒരു രൂപാ വില പുസ്തകം, നമ്മെ കഴിഞ്ഞു പോയ കാലങ്ങളില്‍ നിന്ന് ജീവിക്കുന്ന ഇന്നത്തെ സ്ഥലത്തേക്ക് തിരിച്ചു കൊണ്ടു വരുന്നു.

യുക്തിവാദം, ദൈവ വിശ്വാസം – ദൈവം ഉണ്ട് / ഇല്ല – ഈ ഉത്തരങ്ങള്‍ക്കപ്പുറമുള്ള വ്യക്തിപരമായ സ്പിരിച്വല്‍ റിയാലിറ്റികളെ സ്പര്‍ശിക്കുന്നതാവണം. നിര്‍ഭാഗ്യവശാല്‍, മലയാളത്തിലെ യുക്തിവാദ പ്രഭാഷകര്‍ പലരും സ്വതന്ത്ര ചിന്ത എന്ന പേരില്‍ കഠിനമായ വെറുപ്പാണ് ഉല്‍പാദിപ്പിക്കുന്നത്.

മാടായിയില്‍ മുമ്പ് നടന്ന ഒരു സംഭവം ഓര്‍ക്കുകയാണ്:

അമിതമായി മദ്യപിക്കുമായിരുന്ന ഒരു മുസ്ലിം യുവാവിനെ വെള്ളിയാഴ്ച ഉച്ചക്ക് ഒരു പള്ളിയിലെ ഉസ്താദ് വഴിയില്‍ വെച്ചു കണ്ടു. ഉസ്താദ് ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കാന്‍ പള്ളിയില്‍ പോവുകയാണ്. പരിചയമുള്ള ആ ചെറുപ്പക്കാരനെ ഉസ്താദ് ഉപദേശിച്ചു: നല്ല വെളളിയാഴ്ച ദിവസമായിട്ടും നിനക്ക് കുടിക്കാതിരുന്നൂടെ.

ചെറുപ്പക്കാരന്‍ വിനയത്തോടെ, ലഹരി നല്‍കുന്ന ‘സ്വതന്ത്ര ചിന്ത’യില്‍ പറഞ്ഞു: ഉസ്താദേ, ബാറിലാണ് പടച്ചോന്‍!’

ഉസ്താദിന്റെ മറുപടി കരുണയുള്ളതായിരുന്നു: അല്‍ഹംദുലില്ലാഹ്. പടച്ചോന്‍ നിനക്ക് കൃഫ (കൃപ) നല്‍കട്ടെ. കള്ള് കരളിനെ പിടിക്കാണ്ട് നോക്കണം!

ശാപവാക്കില്ല, നീ നരകത്തിലാണ് എന്ന പൊട്ടിപ്പിരാകലില്ല, ഒന്നുമില്ല. ഉസ്താദ് പള്ളിയിലേക്കും ആ മുസ്ലിം ചെറുപ്പക്കാരന്‍ ബാറിലേക്കും പോയി. രണ്ടു പേരിലും അപ്പോള്‍ പ്രവര്‍ത്തിച്ചത് അവരുടേതായ ‘സ്വതന്ത്ര ചിന്ത’കളാണ്.

ആ ചെറുപ്പക്കാരന്‍ പിന്നീട് മത വിശ്വാസിയായി മാറിയില്ലെങ്കിലും മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തി. ഇത് ഒരു സാരോപദേശ കഥയായി പറയുകയല്ല. പരസ്പരം തോല്‍പിക്കുമ്പോള്‍, ആരും ജയിക്കുന്നില്ല എന്ന് ഓര്‍മിപ്പിക്കുക മാത്രമാണ്. തെരുവുകള്‍ കത്തുമ്പോഴും തീ പിടിപ്പിക്കാന്‍ ഉള്ള പ്രകോപനങ്ങള്‍ കടത്തിവിടുമ്പോഴും, ആത്യന്തികമായി ‘സ്വച്ഛമായ സ്വാതന്ത്ര്യം’ എന്ന ആശയമാണ് റദ്ദാക്കപ്പെടുന്നത്. ബുദ്ധി കൊണ്ടു മാത്രമല്ല, വിശ്വാസപരമായ വൈകാരികതകള്‍ കൊണ്ടും ജീവിക്കുന്നവരാണ് മനുഷ്യര്‍. ബാറില്‍ പോകുന്നവനോട് ‘പടച്ചവന്‍ നിന്നെ തുണക്കട്ടെ’ എന്ന് ആശംസിച്ച ഉസ്താദ്, കാലുഷ്യമില്ലാത്ത ഒരു സ്‌നേഹമാണ് മുന്നില്‍ വെക്കുന്നത്. ദൈവത്തിലും പ്രവാചകനിലും ദൃഢമായ ഉറപ്പുള്ള ഒരാള്‍ക്ക് കുറ്റിപ്പുഴയേയും ഇടമറുകിനെയും വായിക്കാം. ‘സ്വതന്ത്ര ചിന്ത’കര്‍ക്ക് തിരിച്ചും അങ്ങനെ സാധിക്കേണ്ടതുണ്ട്.

സ്വതന്ത്ര ചിന്ത എന്ന ആശയം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് കാലം കടന്നു പോകുന്നത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി പ്രശാന്ത് ഭൂഷണ് പിഴ സംഖ്യയായി വിധിച്ചത് ഒരു രൂപയാണ്. ഒരു രൂപ വിലക്ക് വാങ്ങിയ ഒരു പുസ്തകത്തിന്റെ ഓര്‍മ, വിലയിടാനാവാത്ത ചിന്താബോധ്യങ്ങളിലേക്ക് മനസ്സിനെ കൊണ്ടു പോകുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി
എഴുത്തുകാരന്‍