ഫസീല ബാനുവിന്റെ പാട്ടുകേട്ടിരിക്കുന്ന മുനവ്വറലി തങ്ങള്‍ക്ക് ഈ വലിയ പെരുന്നാള്‍ തലേന്ന് ഹൃദയം കൊണ്ടൊരുമ്മ
DISCOURSE
ഫസീല ബാനുവിന്റെ പാട്ടുകേട്ടിരിക്കുന്ന മുനവ്വറലി തങ്ങള്‍ക്ക് ഈ വലിയ പെരുന്നാള്‍ തലേന്ന് ഹൃദയം കൊണ്ടൊരുമ്മ
താഹ മാടായി
Saturday, 9th July 2022, 7:05 pm
പെണ്ണുണ്ടാക്കുന്ന അപ്പത്തരങ്ങളെല്ലാം തിന്നാം, എന്നാല്‍, അവരെ സ്റ്റേജില്‍ കയറ്റില്ല എന്നത് വലിയ തമാശയാണ്. വിളയില്‍ ഫസീലയും ആയിഷ ബീഗവും രഹ്നയും റാസ ബീഗവും പാടിയുണര്‍ത്തിയ മലയാളത്തില്‍, വഅള് (മതപ്രസംഗം) പറയുന്ന ഒരു സ്ത്രീ പോലുമില്ല.

സമ്മാനം വാങ്ങാന്‍ സ്റ്റേജില്‍ കയറവെ, ഒരു പെണ്‍കുട്ടിയെ ശകാരിച്ചു വിട്ട സമസ്ത പണ്ഡിതന്‍ കൂടി മനോഹരമായ ഈ ദൃശ്യം കാണണം. ശിഹാബ് തങ്ങളുടെ പോരിശയാണ് ഫസീല പാടുന്നത്.

തട്ടമിട്ട ഫസീലയുടെ പാട്ട് തൊപ്പിയിടാതെ മുനവ്വറലി തങ്ങള്‍ സുസ്‌മേരവദനനായി ആസ്വദിച്ചു കേള്‍ക്കുമ്പോള്‍, അത് കാലികമായ ചില സന്ദേശങ്ങള്‍ സമുദായത്തിനും പണ്ഡിതന്മാര്‍ക്കും നിശബ്ദമായി കൈമാറുന്നുണ്ട്.

എന്റെ നിരീക്ഷണങ്ങള്‍ മാത്രമാണിവ:

ഒന്ന്: ചില പണ്ഡിതന്മാര്‍ വെച്ചു പുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കടുകട്ടിയായ യാഥാസ്ഥിതികത ഒരു സമുദായമെന്ന നിലയില്‍ ഇസ്‌ലാമിന് വലിയ ബാധ്യതയാണ്.

പെണ്‍കുട്ടികള്‍ പ്രകാശമാണ് എന്ന് ബഡായി പറഞ്ഞാല്‍ പോരാ, അവരുടെ സര്‍ഗാത്മക പ്രകാശനങ്ങളെ അംഗീകരിച്ചുകൊണ്ടു വേണം ഇനി വരും കാലം മുന്നോട്ടു പോകാന്‍. അപ്പത്തരങ്ങളെമ്പാടും ചുട്ട് പുതിയാപ്പിളയെ സല്‍ക്കരിക്കുന്ന അമ്മായിമാരെ കുറിച്ചുള്ള പാട്ടുകള്‍ ചിത്രീകരിച്ച ആ പഴയ കാലം കടന്നു പോവുകയാണ്.

ഷോപ്പിങ്ങ് മാളുകളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, എയര്‍പോര്‍ട്ടുകളില്‍, വിദൂരദേശങ്ങളില്‍, സമരവഴികളില്‍ ആത്മവിശ്വാസത്തോടെ മുസ്‌ലിം സ്ത്രീകള്‍ ചുവടുറപ്പോടെ മുന്നോട്ടു പോവുകയാണ്. അവരെ ഉള്‍ക്കൊണ്ടു കൂടിയേ സമുദായത്തിന് മുന്നോട്ടു പോകാനാവൂ.

രണ്ട്: ഒരു പെണ്‍കുട്ടി പാട്ടു പാടുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം, ഒരു തിരശ്ശീലയുടെ മറയുമില്ലാതെ കേട്ടിരിക്കുന്ന പാണക്കാട് മുനവ്വറലി തങ്ങള്‍, ഒരു നാവോത്ഥാനം കൊണ്ടു വരികയാണ്.

View this post on Instagram

A post shared by Fazila Banu (@faazilabanu)

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലേഖകനുണ്ടായ ഒരനുഭവം പറയാം. ഒരു ഗ്രാമത്തില്‍, വേണമെങ്കില്‍ ഒരു മുസ്‌ലിം ഗ്രാമത്തില്‍ എന്നു പറയാം, എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഒരു ക്ലബ്ബ് സമ്മാനം നല്‍കുന്ന ചടങ്ങ്. മുഖ്യ പ്രഭാഷണം ഈ ലേഖകനായിരുന്നു. ഉദ്ഘാടനം ആ നാട്ടിലെ മസ്ജിദിലെ ഖത്തീബും.

ഖത്തീബ് ആഗതനായപ്പോള്‍, പെട്ടെന്ന് സംഘാടകരില്‍ ഒരാള്‍ ഒരു കര്‍ട്ടണ്‍ വലിച്ച് സ്ത്രീകള്‍ക്കും സമ്മാനിതരായ പെണ്‍കുട്ടികള്‍ക്കും മുന്നില്‍ മറയുണ്ടാക്കി. ഏറെ അരോചകമായിരുന്നു, ആ കാഴ്ച. തിരശ്ശീലയ്ക്കു പിന്നിലെ ആ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സമുദായത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ടാവില്ലേ? ഖത്തീബ് പോയപ്പോള്‍ തിരശ്ശീല നീങ്ങി, സ്ത്രീകള്‍ സ്റ്റേജിലേക്ക് നോക്കി. അവിടെ വെളിച്ചം നിറഞ്ഞു.

പെണ്ണുണ്ടാക്കുന്ന അപ്പത്തരങ്ങളെല്ലാം തിന്നാം, എന്നാല്‍, അവരെ സ്റ്റേജില്‍ കയറ്റില്ല എന്നത് വലിയ തമാശയാണ്. വിളയില്‍ ഫസീലയും ആയിഷ ബീഗവും രഹ്നയും റാസ ബീഗവും പാടിയുണര്‍ത്തിയ മലയാളത്തില്‍, വഅള് (മതപ്രസംഗം) പറയുന്ന ഒരു സ്ത്രീ പോലുമില്ല.

നരകത്തിന്റെയും ഖബറിലെ ശിക്ഷയുടെയും കഥകള്‍ അതിവൈകാരികമായി അവതരിപ്പിച്ച് മുസ്‌ലിം സ്ത്രീകള്‍ ഊരി കൊടുക്കുന്ന സ്വര്‍ണ്ണമോതിരവും അലിക്കത്തും (മുസ്‌ലിം സ്ത്രീകള്‍ കാതിലിടുന്ന ആഭരണം) ഒക്കെയാണ് പല മത പ്രസംഗങ്ങളുടെയും വരുമാനമാര്‍ഗം. എന്നാല്‍, സ്ത്രീകള്‍ പാടുന്നത് ഹറാം. ഈ കാഴ്ചപ്പാടുകള്‍ പരിഹാസ്യമാണ്.

മൂന്ന്: പാണക്കാട് തങ്ങന്മാര്‍ ഈ കാലഘട്ടത്തിന്റെ പ്രചോദനമാകുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങള്‍ കൊണ്ടു കൂടിയാണ്. ഒരു ക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിലും അവിടെ നടന്ന സമൂഹസദ്യയിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തതും നാം കണ്ടു. മൈത്രി ഒരു സാമൂഹ്യനുഭവമായി മാറുന്ന കാഴ്ചയാണ് ഇതൊക്കെ. കാലുഷ്യത്തിന്റെ നരകം അത്രയും സമൂഹ ജീവിതത്തില്‍ നിന്ന് അകലുന്നു.

പെണ്‍കുട്ടിയുടെ പാട്ടുകേട്ടിരിക്കുന്ന മുനവ്വറലി തങ്ങള്‍ മനോഹരമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ജീവിതത്തിന് വെളിച്ചവും മൂല്യവും പകരുന്നതാണ് സംഗീതം.

ഇത് വായിച്ച് എനിക്കു പൊങ്കാലയിടാന്‍ വരുന്ന എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍. പാട്ടു കേള്‍ക്കൂ, വീണ്ടും വീണ്ടും കേള്‍ക്കൂ. തക്ബീര്‍ ധ്വനികള്‍ തന്നെ സംഗീതമയമല്ലേ?

 

Content Highlight: Thaha Madayi about the Song of  Faseela Banu, Munavarali Thangal and Islam Community

 

താഹ മാടായി
എഴുത്തുകാരന്‍