പാര്‍ട്ടിയുടെ അച്ഛന്‍ ഭാരങ്ങള്‍
Opinion
പാര്‍ട്ടിയുടെ അച്ഛന്‍ ഭാരങ്ങള്‍
താഹ മാടായി
Thursday, 27th June 2019, 1:46 pm

കണ്ണൂര്‍ മുഖ്യധാരാ ഇടത് രാഷ്ട്രീയം, അല്ലെങ്കില്‍ സി.പി.എം കേന്ദ്രീകൃത ഇടതുപക്ഷം, ഒരു പരീക്ഷണ കാലം നേരിടുകയാണ്. ‘പാര്‍ട്ടി’ എന്ന ഒറ്റ സമവാക്യത്തില്‍ വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പ് കണ്ടെത്തിയ സി.പി.എം നേതാക്കന്മാര്‍ക്കിടയില്‍ ഏതു കാണിക്കും അണിക്കും വായിച്ചെടുക്കാവുന്ന വിധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്നു.

പാര്‍ട്ടി വിശദീകരിക്കാത്ത ‘ആഘാതം ‘വാസ്തവത്തില്‍ ഈ അകല്‍ച്ചയാണ്. ബഹുരൂപമാര്‍ന്ന ഉള്ളടക്കമുള്ള സാമൂഹ്യ മാധ്യമ കാലത്ത് ,പാര്‍ട്ടിയുടെ ഭരണികളില്‍ മാത്രം ഉപ്പിലിട്ടു സൂക്ഷിക്കാവുന്ന ഒന്നല്ല വാര്‍ത്തകള്‍. അത് അപ്പപ്പോള്‍ രാഷ്ട്രീയ കൂറ്, ഇടത് ധാര്‍മ്മികത, കുടുംബ സദാചാരം, ആചാരം, ആചാര ലംഘനങ്ങള്‍, തൊഴില്‍ -തുടങ്ങി എല്ലാ കാര്യങ്ങളിലും പ്രദക്ഷിണം വെക്കുന്നു. അതാവട്ടെ ,ഏറെക്കുറെ പാരമ്പര്യവാദികളായ മലയാളികളുടെ ‘ഇടുങ്ങിയതും തുറസ്സില്ലാത്തതുമായ ‘കുടുംബക്കണ്ണി’ലൂടെയുള്ള നോട്ടമാണ്.

ഈ നോട്ടമാണ് ‘തട്ടുകള്‍’ ആയി രൂപാന്തരപ്പെടുന്നത്. കുടുംബം, സദാചാരം തുടങ്ങിയ കാര്യങ്ങളില്‍ സെമിറ്റിക് മതങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഒരു തരം പൗരോഹിത്യ വീക്ഷണമാണ് പുലര്‍ത്തുന്നത്. അടിസ്ഥാനപരമായി അത് യാഥാസ്ഥിതികമാണ്. വരണ്ടതും വിരസവുമായ ഒന്ന്, മിക്കവാറും സ്ത്രീ വിരുദ്ധമായ ഒന്ന്. അപ്പോള്‍ വ്യക്തിപരമായി ‘ആനന്ദ മാര്‍ഗ്ഗങ്ങള്‍’ , ലൈംഗികമായോ ആത്മീയമായോ ആയ ആനന്ദ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ബഹിഷ്‌കൃതനും നോട്ടപ്പുള്ളിയും സദാചാര വിരുദ്ധനുമാകുന്നു.

ഈ നോട്ടത്തിന്റെ ആഘാതം ഓരോ കമ്മ്യുണിസ്റ്റ് കുടുംബവും അഭിമുഖീകരിക്കുന്നു. ‘അച്ഛനെപ്പോലെ കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള മക്കള്‍’ എന്നോ അല്ലെങ്കില്‍,’ കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള അച്ഛനെ പറയിപ്പിക്കുന്ന കുടുംബം’ എന്നോ ആണ് പിന്നീടുള്ള ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. വാസ്തവത്തില്‍ പാര്‍ട്ടിയും ഒരു പുരുഷ മതമാണ്. ‘തലപ്പൊക്കമുള്ള അച്ഛനെ’യാണ് അത് സൂക്ഷ്മമായി പിന്തുടരുന്നത്. ഈ ‘അച്ഛന്‍ഭാരങ്ങളാണ്’ കമ്മ്യുണിസ്റ്റ് കുടുംബത്തിലെ ആണ്‍തരികളും പെണ്‍തരികളും അഭിമുഖീകരിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍.

തൊഴില്‍ മുതല്‍ കൂട്ടായ്മകളില്‍ പോലും ഈ അച്ഛന്‍ ഭാരങ്ങള്‍ അവരെ പിന്തുടരുന്നു. അമ്മ, മിക്കവാറും അടുക്കളയില്‍ തന്നെ. നാടകങ്ങളില്‍ ,സിനിമകളില്‍ മാത്രമാണ് അവര്‍ അരങ്ങില്‍. പാര്‍ട്ടിയുടെ പൂമുഖം പുരുഷ നിബിഡമാണ്. പുരുഷ നിബിഡമായ പാര്‍ട്ടി ഈഗോ കേന്ദ്രീകൃതവുമായിരിക്കും. തലയിണ മന്ത്രങ്ങള്‍ പോലും ഈഗോയിസ്റ്റിനെ പ്രചോദിപ്പിക്കും.’ നിങ്ങളെക്കാള്‍ വല്യ ആളോ പാര്‍ട്ടിയില്‍ ഓറ് ‘-എന്ന് നിരന്തരം.ഒരു താരാട്ടു പോലെ പറഞ്ഞാല്‍ ഏതു സൈദ്ധാന്തിക പടച്ചട്ട ധരിച്ച പുരുഷനും അതില്‍ വീണു പോകും. വിപ്ലവോന്മുഖം എന്ന പോലെ പൈങ്കിളിയോന്മുഖവുമാണ് ചില രാഷ്ട്രീയ ഭവനങ്ങള്‍.

മാര്‍ക്‌സ് മാത്രമല്ല ,ദസ്‌തേവിസ്‌കിയും ലോകത്തെ മഹത്തായ രീതിയില്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ അഭിമുഖീകരിക്കുന്ന ഇരമ്പങ്ങള്‍ എല്ലായ്‌പ്പോഴും രാഷ്ട്രീയമായി വിശദീകരിക്കാനാവില്ല. രാഷ്ട്രീയമായി വിശദീകരിക്കാനാവാത്ത കാര്യങ്ങള്‍ക്കാണ് നാം രാഷ്ട്രീയ വിശദീകരണങ്ങള്‍ തേടുന്നത്. കണ്ണൂര്‍ പൊളിറ്റിക്‌സ് ആദ്യമായി മാര്‍ക്‌സ് വിട്ടു പോയതും ദസ്‌തേവിസ്‌കി സര്‍ഗ്ഗാത്മകമായി വിശദീകരിച്ചതുമായ ‘കുടുംബ ജീവിതത്തി’ലെ തീവ്ര ബോധ്യങ്ങളിലൂടെ കടന്നു പോവുകയാണ്.

നേതാക്കന്മാരുടെ കുട്ടികള്‍ ‘നമ്മുടെ സ്ഥാനാര്‍ത്ഥികള്‍’ അല്ലാത്ത കാലത്തോളം എന്തിനാണ് നമ്മുടെ മുഖ്യ പരിഗണനാ വിഷയമാവുന്നത്? അവരെ വെറുതെ വിടുക. എന്നിട്ട്, നേതാക്കന്മാരുടെ ഉദാസീനതകള്‍ ചര്‍ച്ച ചെയ്യുക. അടുക്കളയിലും അധികാരത്തിലുമുള്ള ‘ഓളും’ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ ഉള്ള ‘ഓറും’ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്ന പൈങ്കിളിയോന്മുഖ ആശ്രിത ബോധത്തില്‍ നിന്നാണ് വിമുക്തമാകേണ്ടത്. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കാന്‍ മിക്കവാറും പാര്‍ട്ടിയിലെ ആണ്‍കൂട്ടായ്മകള്‍ തന്നെയായിരിക്കുമല്ലോ രംഗത്തിറങ്ങുക, അല്ലേ?

താഹ മാടായി
എഴുത്തുകാരന്‍