'തെളിവുകള്‍ പുറത്തുവിടേണ്ടത് മാധ്യമങ്ങളിലൂടെയാണോ; എന്തുകൊണ്ട് കോടതിയില്‍ നല്‍കിയില്ല; പൊലീസ് നടപടിക്കെതിരെ താഹ ഫസലിന്റെ കുടുംബം
Kerala
'തെളിവുകള്‍ പുറത്തുവിടേണ്ടത് മാധ്യമങ്ങളിലൂടെയാണോ; എന്തുകൊണ്ട് കോടതിയില്‍ നല്‍കിയില്ല; പൊലീസ് നടപടിക്കെതിരെ താഹ ഫസലിന്റെ കുടുംബം
ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 11:48 am

കോഴിക്കോട്: യു.എ.പി.എ ചുമത്തി കേസെടുത്ത സംഭവത്തില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് താഹ ഫസലിന്റെ കുടുംബം. പൊലീസ് അവരുടെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും എന്തുകൊണ്ടാണ് അവര്‍ അത് കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും താഹയുടെ സഹോദരി ചോദിച്ചു.

തെളിവുകള്‍ അവര്‍ കോടതിയിലാണ് ഹാജരാക്കേണ്ടത്. അല്ലാതെ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയല്ല വേണ്ടത്. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

അവന്‍ നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ട്. കേസ് കെട്ടിച്ചമച്ചതാണ്. ഓരോ ദിവസവും ഓരോ തെളിവുകള്‍ മാധ്യമങ്ങള്‍ വഴിപുറത്തിടുകയാണ്. അവന്‍ ഉള്‍പ്പെട്ട ഫോട്ടുകളില്‍ പലതും കെട്ടിച്ചമച്ചതാണ്.

പാര്‍ട്ടി അംഗങ്ങളാണ്. പല പൊതുപരിപാടിയിലും പങ്കെടുക്കും. എന്റെ ചിത്രങ്ങളും ചിലപ്പോള്‍ കാണാന്‍ കഴിയും. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരെ
മാവോവാദിയായും തീവ്രവാദിയുമായി മുദ്രകുത്തുകയാണോ. ഇത് ശരിയായ നടപടിയല്ല- താഹയുടെ കുടുംബം പറഞ്ഞു.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചത്. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

പ്രതിഭാഗം അഭിഭാഷകര്‍ പലതരം വാദം ഉന്നയിച്ചെങ്കിലും കോടതി ഇതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.ഒന്നാം തിയതി വൈകീട്ടാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 20, 38, 39 വകുപ്പുകളായിരുന്നു ചുമത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ