ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kashmir Issue
ഭീകരവാദികള്‍ നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് ജമ്മു കശ്മീര്‍ എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Thursday 11th January 2018 2:06pm

 

ജമ്മു: ഭീകരവാദികള്‍ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമാണ്’ എന്ന പി.ഡി.പി എം.എല്‍.എയുടെ പ്രസ്താവന വിവാദത്തില്‍. ജമ്മു കശ്മീരിലെ എം.എല്‍.എയായ ഐജാസ് അഹമ്മദ് മിര്‍ ആണ് കഴിഞ്ഞദിവസം നിയമസഭയിലും പിന്നീട് മാധ്യമങ്ങളോടും ഈ പരാമര്‍ശം ആവര്‍ത്തിച്ചത്.

‘ഭീകരവാദികള്‍ ജമ്മു കശ്മീരികളാണ്. അവരും നമ്മുടെ മക്കളാണ്. അവരെ കൊലപ്പെടുത്തുന്നത് നമ്മള്‍ ആഘോഷിക്കരുത്.’ എന്നാണ് മിര്‍ പറഞ്ഞത്.

പിന്നീട് തീവ്രവാദികള്‍ സഹോദരങ്ങളും രക്തസാക്ഷികളുമാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും’ എന്നാണ് മിര്‍ മറുപടി പറഞ്ഞത്.

കൊല്ലപ്പെട്ട സുരക്ഷാ സൈനികരുടെ കാര്യത്തിലും അവരുടെ മാതാപിതാക്കളുടെ കാര്യത്തിലും തനിക്ക് സിമ്പതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

മൂന്നുമാസം മുമ്പ് അദ്ദേഹത്തിന്റെ വീടിനുനേരെയും തീവ്രവാദി ആക്രമണം നടന്നിരുന്നു. അദ്ദേഹത്തിന്റെ വീട്ടിനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കുപറ്റിയിരുന്നില്ല.

ഈ സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘ഇത് ആശയപരമായ ഭിന്നത കാരണമായിരിക്കാമെന്നാണ്’ മിര്‍ പറഞ്ഞത്.

എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്തുവന്നു. പ്രസ്താവന പരിഹാസ്യവും അപലപനീയവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് തീവ്രവാദത്തെ മഹത്വവത്കരിക്കലാണെന്നും ബി.ജെ.പി നേതാവും എം.എല്‍.എയുമായ രവീന്ദ്ര റെയ്‌ന പറഞ്ഞു.

Advertisement