ലോകത്ത് ഒരു ഗോട്ടേയുള്ളൂ, അത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം: ജര്‍മന്‍ താരം
Football
ലോകത്ത് ഒരു ഗോട്ടേയുള്ളൂ, അത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം: ജര്‍മന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th January 2023, 1:41 pm

ഫുട്ബോള്‍ ലോകത്ത് കാലങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന ‘ആരാണ് G.O.A.T’ എന്ന ചോദ്യത്തിന് വിരാമമിടാന്‍ സമയമായെന്നാണ് ബാഴ്സലോണ ഗോള്‍ കീപ്പറും ജര്‍മന്‍ താരവുമായ ടെര്‍ സ്റ്റീഗന്‍ പറയുന്നത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോര്‍ട്ടിവയോട് സംസാരിക്കുകയായിരുന്നു താരം.

അത്തരത്തില്‍ ഒരു ചോദ്യത്തിന്റെ ആവശ്യം ഇനിയില്ലെന്നും അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് മികച്ച താരമാണെന്നുമാണ് സ്റ്റീഗന്‍ പറഞ്ഞത്.

ഇതെല്ലാം അദ്ദേഹം അര്‍ഹിക്കുന്നതാണെന്നും ആഗ്രഹിച്ചതെല്ലാം മെസിക്ക് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്റ്റീഗന്‍ കൂട്ടിച്ചേര്‍ത്തു.

‘മെസിയെ പോലെ ആരും തന്നെ ലോകഫുട്ബോളില്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇതെല്ലാം അദ്ദേഹം എന്തുകൊണ്ടും അര്‍ഹിക്കുന്നു. ഫുട്ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച താരമാരാണെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. അത് മെസി തന്നെയാണ്,’ സ്റ്റീഗന്‍ വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പില്‍ വിശ്വകിരീടം നേടിയതോടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് ആളുകള്‍ താരത്തെ കാണുന്നത്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് മെസി നിലവില്‍ ബൂട്ടുകെട്ടുന്ന പി.എസ്.ജിയിലും കാഴ്ചവെക്കുന്നത്. ലോകകപ്പില്‍ ചാമ്പ്യനായി വന്നതിനുശേഷവും മികച്ച ഫോമിലാണ് ക്ലബ്ബ് ഫുട്ബോളില്‍ മെസി തുടരുന്നത്.

2003ല്‍ 16വയസ്സ് പ്രായമുള്ളപ്പോള്‍ പോര്‍ട്ടോക്കെതിരെയാണ് ബാഴ്സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്.
ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 695 ഗോളുകളാണ് മെസിയുടെ സമ്പാദ്യം

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം.
ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Ter Stegen says Lionel Messi is the GOAT