കാല്‍മുട്ടിലെ പരിക്ക് വിനയാകുന്നു; റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കും
French Open
കാല്‍മുട്ടിലെ പരിക്ക് വിനയാകുന്നു; റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th June 2021, 12:54 pm

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫ്രഞ്ച് ഓപ്പണില്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മത്സരത്തിനു പിന്നാലെയാണ് താരം പിന്മാറിയേക്കുമെന്ന സൂചനകള്‍ നല്‍കിയത്.

മത്സരങ്ങളുടെ ഭാരം കാല്‍മുട്ടിന് താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ പിന്മാറുമെന്ന് ഫെഡറര്‍ പറഞ്ഞു.
കളി തുടരാമോ വേണ്ടയോ എന്നു എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാല്‍മുട്ടിനു കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ എന്ന സംശയമുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.

‘വിശ്രമം എടുക്കേണ്ട സമയമാണോ എന്ന് അറിയണം. ഓരോ മത്സരത്തിന് ശേഷവും കാല്‍മുട്ടിന്റെ അവസ്ഥ വിലയിരുത്തുന്നുണ്ട്. ഓരോ ദിവസവും ഞാന്‍ ഉറക്കം ഉണരുന്നത് എന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്,’ ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്ഫെയക്കെതിരായ ഫെഡററുടെ നാലു സെറ്റ് നീണ്ട മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് നീണ്ടത്. 7-6(5), 67 (3), 76 (4), 75 എന്ന സ്‌കോറിന് ഫെഡറര്‍ മത്സരം ജയിക്കുകയും ചെയ്തു.

ഇത് 68ാം തവണയാണ് ഫെഡറര്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംപിടിക്കുന്നത്.
വലത് കാല്‍മുട്ടിന് കഴിഞ്ഞ വര്‍ഷം ഫെഡറര്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു.
പരിക്കിനെത്തുടര്‍ന്ന് കോര്‍ട്ടില്‍ നിന്ന് ഒരുവര്‍ഷത്തിലേറെയായി ഫെഡറര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഓഗസ്റ്റില്‍ 40 വയസ്സ് തികയുന്ന ഫെഡറര്‍ 2021ല്‍ ഒരു ടൂര്‍ണമെന്റ് മാത്രമാണ് കളിച്ചത്.

കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഫെഡറര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമായിരുന്നു. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് കരിയറില്‍ ഒരു തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കാനായത്. 2008ലായിരുന്നു ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയെങ്കിലും നദാലിനോട് തോറ്റ് പുറത്തായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: Tennis legend Roger Federer has hinted that he may withdraw from the French Open