എഡിറ്റര്‍
എഡിറ്റര്‍
റേസിങ് സര്‍ക്യൂട്ടില്‍ ചീറിപാഞ്ഞ് താരങ്ങള്‍
എഡിറ്റര്‍
Tuesday 26th March 2013 9:36am

ന്യൂദല്‍ഹി: ഓസിസിനെ തറപ്പറ്റിച്ചതിന്റെ ആഘോഷം ഏത് രീതിയില്‍ തീര്‍ക്കാമെന്ന ഇന്ത്യന്‍ ടീമിന്റെ ആലോചന എത്തിനിന്നത് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ റേസിങ് സര്‍ക്യൂട്ടിലായിരുന്നു.

Ads By Google

ക്യാപ്റ്റന്‍ എം.എസ്. ധോണിയും കൂട്ടരും സര്‍ക്യൂട്ടിലെ അതിവേഗ ട്രാക്കിലിറങ്ങി ഫോര്‍മുല വണ്‍ (എഫ് വണ്‍) കാറുകള്‍ ചീറിപ്പാഞ്ഞ ട്രാക്കിലൂടെ അതിലും വേഗത്തില്‍ കുതിച്ചുപാഞ്ഞു.

കഴിഞ്ഞവര്‍ഷം താന്‍ സ്വന്തമാക്കിയ കോണ്‍ഫെഡറേറ്റ് എക്‌സ് 132 ഹെല്‍ക്യാറ്റ് ബൈക്കില്‍, ഒരു ലാപ്പ് ചുറ്റിയടിച്ച് ധോണി ഫോര്‍മുല വണ്‍ ട്രാക്കിലെ ആദ്യ സന്ദര്‍ശനം അവിസ്മരണീയമാക്കി.

ബൈക്കുകളോടുള്ള ധോനിയുടെ ഭ്രമം പണ്ടേ പ്രസിദ്ധമാണ്. കഴിഞ്ഞവര്‍ഷം, എക്‌സ് 132 ഹെല്‍ക്യാറ്റ് ബൈക്ക് ധോനി സ്വന്തമാക്കിയത് 60 ലക്ഷത്തോളം രൂപ ചെലവിട്ടാണ്. തെക്കനേഷ്യയില്‍ ഈ മോഡല്‍ സ്വന്തമായുള്ള ഏക വ്യക്തിയെന്ന പകിട്ടാണ് ഇതോടെ ധോനിക്ക് സ്വന്തമായത്. ബ്രാഡ്പിറ്റ്, ഡേവിഡ് ബെക്കാം, ടോം ക്രൂസ്, റയന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയവര്‍ സ്വന്തമാക്കിയ മോഡലാണ് ധോണിയുടെയും ശേഖരത്തിലുള്ളത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സര്‍ക്യൂട്ട് ടാക്‌സിയില്‍ സവാരി നടത്തി. സ്വന്തം കാറായ ഔഡി ആര്‍എക്‌സ് ഫൈവിലെത്തിയ ഇഷാന്ത് ശര്‍മ്മയും ട്രാക്കില്‍ തീപ്പൊരി ചിതറി പാഞ്ഞു. ആദ്യമായാണ് ഇത്രയും വേഗത്തില്‍ കാറോടിക്കുന്നതെന്ന് സ്‌പോര്‍ട്ട്‌സ് കാറില്‍ കുതിച്ച വിരാട് കോഹ്‌ലി പറഞ്ഞു. സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ധോണിയുടെ ബൈക്കും ഇഷാന്തിന്റെ കാറും പരീക്ഷിച്ചു.

ബുദ്ധ് സര്‍ക്യൂട്ടില്‍ നടന്ന ആദ്യ എഫ് വണ്‍ പോരില്‍ ചെക്കേര്‍ഡ് ഫ്‌ളാഗ് വീശിയത് സച്ചിനായിരുന്നു. സര്‍ക്യൂട്ടിലേക്ക് ധോണിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇന്നലെ. ‘എംഎസ്ഡി ആര്‍എന്‍ റേസിങ് ടീം ഇന്ത്യ’ എന്ന പേരില്‍ എഫ്‌ഐഎം സൂപ്പര്‍ സ്‌പോര്‍ട്ട് ലോക ബൈക്ക് റേസിങ് ചാംപ്യന്‍ഷിപ്പില്‍ സ്വന്തം ടീമിനുടമയാണ് ധോണി.

Advertisement