എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് 10 പേര്‍ മരിച്ചു
എഡിറ്റര്‍
Wednesday 24th October 2012 12:10am

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് 10 പേര്‍ വെന്തുമരിച്ചു. 32 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

Ads By Google

മരിച്ചവരില്‍ ഭൂരിഭാഗം പേരും ഫത്തേപുര്‍ സ്വദേശികളാണെന്നാണ് വിവരം. അപകടത്തില്‍ പൊള്ളലേറ്റവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരില്‍ അഞ്ച് പേരെ പിന്നീട് കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആസ്പത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

ഫത്തേപൂര്‍ ജില്ലാ ആസ്ഥാനത്തിന് 70 കി.മീ അകലെ ജഹനാബാദ് നഗരത്തിലെ ബസ് സ്റ്റാന്റിനടുത്താണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് 11,000 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് പവര്‍ കേബിള്‍ ബസ്സിന് മുകളിലേക്ക് വീഴുകയും തീപിടിക്കുകയുമായിരുന്നു.

ബസ് സ്റ്റാന്റില്‍ നിന്ന് ബസ് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ യാത്ര ചെയ്തപ്പോഴേയ്ക്കുമായിരുന്നു ദുരന്തമുണ്ടായത്. അമൗലി വഴി ഫത്തേപ്പൂര്‍ സദറിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഒരു ഡസനോളം യാത്രക്കാരും ഡ്രൈവറും ബസ്സില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisement