എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനാലയങ്ങള്‍; ഇതര മതസ്ഥരുടെ ആരാധനാ കേന്ദ്രത്തില്‍ പൊതുപ്രവേശനമില്ലെന്നും എന്‍.എസ്.എസ്
എഡിറ്റര്‍
Saturday 28th October 2017 12:27pm

കോട്ടയം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസ്. ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനാ കേന്ദ്രങ്ങളാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എന്‍.എസ്.എസിന്റെ അഭിപ്രായപ്രകടനം.


Also Read: ബ്രിട്ടന്‍ ബ്രീട്ടീഷുകാരുടെ രാജ്യവും, അമേരിക്ക അമേരിക്കക്കാരുടെ രാജ്യവുമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം: മോഹന്‍ ഭാഗവത്


‘ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്. വിഗ്രഹങ്ങളെ അഹിന്ദുക്കള്‍ ഈശ്വരനെന്ന സങ്കല്‍പ്പത്തില്‍ കാണാന്‍ ഇടയില്ല. അവരെ സംബന്ധിച്ചിടത്തോളം വിഗ്രഹം ശിലയോ ദാരുവോ മാത്രമാണ്.’ സുകുമാരന്‍ നായര്‍ പറഞ്ഞു.

‘ഹിന്ദുവിന് വിഗ്രഹം ശിലമാത്രമല്ല. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി ലയകാരകന്മാരായ ദേവീദേവന്മാരുടെ പ്രതീകങ്ങളാണ്. ശിലയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പ്രതിഷ്ഠ കഴിഞ്ഞാല്‍ അത് ഭക്തരുടെ ആരാധ്യദേവതകളാണ്. ഭക്തരുടെ രക്ഷയ്ക്കും സങ്കടമോചനത്തിനുമുള്ള മൂര്‍ത്തികളാണ് ആ വിഗ്രഹങ്ങള്‍.’

‘അഹിന്ദുക്കളെ സംബന്ധിച്ച് വിഗ്രഹാരാധനയിലും വ്രതാനുഷ്ഠാനങ്ങളിലും വിശ്വാസം ഉണ്ടാവണമെന്നില്ല. ചില ഇതര മതസ്ഥര്‍ പവിത്രമായി കാണുന്ന അവരുടെ ആരാധനാലയങ്ങളില്‍ മറ്റ് മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഹിന്ദുക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ആരാധനകേന്ദ്രങ്ങളായി നിലനില്‍ക്കണം. ശബരിമല അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. അവിടെ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.


Dont Miss: അര്‍ധ രാത്രിയില്‍ വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്.ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം


നേരത്തെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ക്ഷേത്രദര്‍ശനത്തില്‍ കാലോചിതമായ മാറ്റമാകാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടുകൂടിയാണ് ഗുരുവായൂരിലെ അഹിന്ദു പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തു വന്നിരുന്നു.

എന്നാല്‍ തന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം സ്വാഗതം ചെയ്ത ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.

Advertisement