നിങ്ങളുടെ 'സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍' അംഗീകരിക്കാനാവില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി തള്ളി തെലങ്കാന ഹൈക്കോടതി
India
നിങ്ങളുടെ 'സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍' അംഗീകരിക്കാനാവില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി തള്ളി തെലങ്കാന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 4:13 pm

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നമുള്ള ബാലറ്റുകളല്ലാതെ രേഖപ്പെടുത്തിയ പേപ്പര്‍ ബാലറ്റുകള്‍ കൂടി വോട്ടായി അനുവദിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അടയാളങ്ങള്‍ പതിച്ച ബാലറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ജസ്റ്റിസ് അഭിഷേക് റെഡ്ഡിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ സര്‍ക്കുലര്‍ താത്ക്കാലികമായി മരവിപ്പിച്ചത്.

പ്രത്യേക ചിഹ്നമില്ലാതെ വോട്ട് ചെയ്ത ബാലറ്റുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും വോട്ടെടുപ്പ് ഫലങ്ങളില്‍ ആശയക്കുഴപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ ഫലം പ്രഖ്യാപിക്കരുതെന്നും കോടതി പറഞ്ഞു.

പോളിംഗ് ദിവസം വോട്ടര്‍മാര്‍ക്ക് പ്രത്യേകം ചിഹ്നം പതിക്കാത്ത പേപ്പറുകള്‍ നല്‍കിയതായി ചില പോളിംഗ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കി.

ഏത് സ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ടെന്നത് മനസിലായാല്‍ ആ വോട്ട് സാധുവായി കണക്കാക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ സര്‍ക്കുലര്‍ നിയമവിരുദ്ധവും ഏകപക്ഷീയവും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥികളായ ആന്റണി റെഡ്ഡി, ജി സുരേന്ദര്‍ എന്നിവയെ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ഉദ്യോഗസ്ഥരോട് ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Telangana HC suspends SEC circular on validating ballot papers