ഉച്ചയ്ക്ക് ബി.ജെ.പിയില്‍ ചേര്‍ന്നു; രാത്രിയോടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ ചുവടുമാറ്റം ഇങ്ങനെ
national news
ഉച്ചയ്ക്ക് ബി.ജെ.പിയില്‍ ചേര്‍ന്നു; രാത്രിയോടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ ചുവടുമാറ്റം ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 12:44 pm

 

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് നേതാവ് പത്മിനി റെഡ്ഡി ബി.ജെ.പിയില്‍ നിന്നത് വെറും പത്തുമണിക്കൂര്‍. വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസിനൊപ്പമായിരുന്ന അവര്‍ ഉച്ചയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ രാത്രി ഒമ്പതുമണിയോടെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരികയായിരുന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാറിന്റെ കാലത്ത് അഭിവക്ത ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു സി. ദാമോദര്‍ രാജാനരസിംഹ. നിലവില്‍ തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക കമ്മിറ്റിയുടെ ചുമതലയുള്ള ആളാണ് ഇദ്ദേഹം.

ദാമോദറിന്റെ ഭാര്യയുടെ ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം തെലങ്കാന കോണ്‍ഗ്രസിന് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തെലങ്കാന ബി.ജെ.പി പ്രസിഡന്റ് കെ. ലക്ഷ്മണിന്റെയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍ റാവുവിന്റെയും നേതൃത്വത്തില്‍ പത്മിനിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

Also Read:തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് മുന്നേറ്റം

അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ ” പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ പ്രവര്‍ത്തനത്തില്‍ താല്‍പര്യം തോന്നി മുതിര്‍നന കോണ്‍ഗ്രസ് നേതാവ് പത്മിനി റെഡ്ഡി ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു” എന്ന് റാവു ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ രാത്രിയോടെ പത്മിനി റെഡ്ഡി കോണ്‍ഗ്രസിലേക്കു തിരിച്ചുപോകുകയായിരുന്നു. താന്‍ രാജിവെച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരിച്ചുപോകുന്നതെന്നാണ് അവര്‍ പറഞ്ഞത്.

ഇതോടെ പത്മിനി റെഡ്ഡിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞ് ബി.ജെ.പി തടിയൂരുകയായിരുന്നു. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.