യു.പിയില്‍ ബി.ജെ.പിയുടെ പതനം ആരംഭിച്ചു കഴിഞ്ഞു; ബീഹാറില്‍ തുടങ്ങാനിരിക്കുന്നു: തേജസ്വി യാദവ്
national news
യു.പിയില്‍ ബി.ജെ.പിയുടെ പതനം ആരംഭിച്ചു കഴിഞ്ഞു; ബീഹാറില്‍ തുടങ്ങാനിരിക്കുന്നു: തേജസ്വി യാദവ്
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 2:04 pm

ലഖ്‌നൗ: യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും മഹാസഖ്യം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. 2019 ന് മുന്നോടിയായി ഉണ്ടായ ഈ സഖ്യം ബി.ജെ.പിയുടെ ഉറക്കം കെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

യു.പിയില്‍ ബി.ജെ.പിയുടെ പതനം ആരംഭിച്ചു കഴിഞ്ഞു. ബീഹാറില്‍ ആരംഭിക്കാനിരിക്കുന്നു എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഇത് വഴി ഉണ്ടായിരിക്കുന്നതെന്നും തേജസ്വി പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞിരുന്നു.


2014 ന് ശേഷം ഇന്ത്യയില്‍ വലിയ തീവ്രവാദാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍; പത്താന്‍കോട്ടും ഉറിയും സുഖ്മയും ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ


37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.

ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും. എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്.