ന്യൂദല്‍ഹി: പുരുഷന്‍മാരുടെ ഉപദ്രവം ഭയന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. രാത്രിയും പകലുമെന്നില്ലാതെ ബസിലും ജോലിസ്ഥലത്തുമെല്ലാം ഈ ഉപദ്രവം നേരിടേണ്ടിവരുന്നു. ഞരമ്പ് രോഗികളില്‍ നിന്ന് രക്ഷനേടാന്‍ കുരുമുളക് സ്‌പ്രേയും സെയ്ഫ്റ്റി പിന്നുമൊക്കെ ഉപയോഗിച്ച് മടുത്തവരുടെ ശ്രദ്ധയ്ക്ക്.. നിങ്ങള്‍ക്കുവേണ്ടിയിതാ പുതിയ ഉപകരണം വരാന്‍പോകുകയാണ്.
വാച്ചിന്റെ രൂപത്തില്‍ കയ്യില്‍ ധരിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. ദല്‍ഹിയിലെ യുവഗവേഷകനായ മനു ചോപ്രയാണ് ഈ യന്ത്രത്തിന്റെ ഉപജ്ഞാതാവ്.
സ്ത്രീകളെ ഉപദ്രവിക്കാന്‍ വരുന്ന പുരുഷന്മാര്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഇരയുടെ ഞരമ്പുകളിലൂടെ പോവുന്ന ആവേഗത്തിന്റെ വേഗതയനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന നാഡീആവേഗങ്ങളുടെ വേഗത സെക്കന്റില്‍ 60 മീറ്ററാണ്. സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ ഈ വേഗത 119മീറ്റര്‍ പെര്‍ സെക്കന്റായി വര്‍ധിക്കും. നാഡീ ആവേഗങ്ങളുടെ വേഗത വര്‍ധിക്കുമ്പോള്‍ ഉപകരണം അത് തിരിച്ചറിയുകയും .01 ആമ്പെയറുള്ള ഇലക്ട്രിക്ക് ഷോക്ക് കൊണ്ട് അക്രമിയെ നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉപദ്രവകാരി കുറച്ചുസമയം ഞെട്ടിത്തരിച്ചുനില്‍ക്കും. ആ സമയംകൊണ്ട് സ്ത്രീയ്ക്ക് ഓടി രക്ഷപ്പെടുകയും ചെയ്യാം.
ഇത് വാങ്ങി ഉപയോഗിച്ച് സ്ത്രീകളെ ഷോക്കടിപ്പിക്കാമെന്ന് ഏതെങ്കിലും പുരുഷന്‍മാര്‍ കരുതുന്നുണ്ടെങ്കില്‍ ആ പ്രതീക്ഷവേണ്ട. ഈ ഉപകരണം സ്ത്രീ ഹോര്‍മോണുകളെ മാത്രമേ തിരിച്ചറിയൂ.
ഈ ഉപകരണത്തിന്റെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണെങ്കിലും നാഷണല്‍ ഇന്നൊവേഷന്‍ ഫെഡറേഷന്റെ സഹായത്തോടെ ഇത് വ്യാവസായിക തലത്തില്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളും ചോപ്ര തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ പണിപൂര്‍ത്തിയായാല്‍ ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി.ഡി ഗോയന്‍കയ്ക്ക് നല്‍കാനാണ് ചോപ്രയുടെ തീരുമാനം. ഇതിനെക്കുറിച്ച് ഗോയന്‍ക പറയുന്നതിങ്ങനെ ” ഇത് വ്യവസായികമായി ലഭിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ തീര്‍ച്ചയായും വാങ്ങി ഉപയോഗിക്കും. എനിക്ക് ചോപ്രയില്‍ പൂര്‍ണവിശ്വാസമുണ്ട്.”
മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ നിര്‍ദേശത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 5,000 കുട്ടികളുടെ കൂട്ടത്തിലുള്‍പ്പെട്ടയാളാണ് 20കാരനായ ചോപ്ര. ഈ മിടുക്കന്റെ പരീക്ഷണങ്ങള്‍ കലാമും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മനേജ്‌മെന്റും ഏറെ അഭിനന്ദിച്ചതാണ്.