Administrator
Administrator
കയ്യും തലയും പുറത്തിടരുത്
Administrator
Saturday 18th June 2011 12:55pm

പന്ത്രണ്ടു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു അയാളുടെ നീണ്ടു മെലിഞ്ഞ കറുത്ത കാലന്‍ കുടയ്ക്ക്. കമ്പികളൊക്കെ ദ്രവിച്ചിരിക്കുന്നു.  നിറം മങ്ങി മങ്ങി കറുപ്പു പോലും കെട്ടു പോയ ശീലയില്‍ നിറയെ ചെറുദ്വാരങ്ങള്‍.  കാഠിന്യമേറിയ രശ്മികള്‍ സൂചി മുനകള്‍ പോലെ ദേഹത്തു വന്നു കൊള്ളുന്നു.  ശരീരത്തിന്റെ അസ്വസ്ഥതകള്‍ ഇച്ഛാഭംഗം തീര്‍ക്കുന്നു.  ചെറുപ്പകാലം എത്ര പെട്ടെന്നാണ് കടന്നു പോയത്. എന്തു മാത്രം വെയിലാണ് അന്നൊക്കെ കൊണ്ടിട്ടുള്ളത്.  ഇപ്പോള്‍ ഒരു തരി പോലും സഹിക്കാനാവാത്ത നിലയിലാണ്.  കുടയുടെ കവചമില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും തലവേദനയും തലയ്ക്കകത്താകെ തിക്കുമുട്ടലും.  ഈ കുട എത്രയോ കാലമായി തന്നോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട്.

അയാള്‍ കുടയെ തന്നോട് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു. ഒരു വ്യാഴവട്ടക്കാലം കടന്നു പോയിരിക്കുന്നു. കുടയുടെ ആയുസ്സിനേക്കാള്‍ എത്രയോ കാലഘട്ടങ്ങള്‍ താന്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നു. അല്ലെങ്കില്‍ താനിപ്പോഴും ജീവിച്ചിരിക്കുക തന്നെയാണോ? അയാള്‍ വിസ്മയം പൂണ്ടു. ജീവിച്ചു തീരുകയാണ്. അതാവും ശരി. കുടയുടെ വില്ലു പോലെ എഴുന്നു നിന്നിരുന്ന കമ്പികള്‍ക്ക് അന്നു നല്ല വെള്ളി നിറമായിരുന്നു. ഇന്നാവട്ടെ അവ നിറം മങ്ങി തുരുമ്പു പിടിച്ച്… ചുളിവുകള്‍ വീണ കൈകളിലേക്ക് ക്ഷീണിതമായ മിഴികള്‍ നീണ്ടു.

ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടം ആകെ മാറിയിരിക്കുന്നു. ശീതീകരിച്ച ഹാളിലേക്കുള്ള ഗ്ലാസ് ഡോര്‍ തുറന്നു കയറുമ്പോള്‍ പെട്ടെന്ന് ഒരാശ്വാസം തോന്നി. അവിടെ കൗണ്ടറില്‍ ഇരുന്ന ഒരുദ്യോഗസ്ഥന്‍ അയാളെ നോക്കി വിശാലമായി ചിരിച്ചു.  വിയര്‍പ്പ് പടര്‍ന്ന കൈകള്‍ കൊണ്ട് പോക്കറ്റിലെ കടലാസു കഷണം എടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ തടഞ്ഞു കൊണ്ടു പറഞ്ഞു- ‘വേണ്ട,വേണ്ട..ഇപ്പോള്‍ പണമടയ്ക്കാന്‍ ബില്ലൊന്നും വേണമെന്നില്ല..നമ്പര്‍ പറഞ്ഞാല്‍ മതിയാകും. നമ്പര്‍ ഓര്‍മയുണ്ടോ? ‘

എത്രയോ കാലമായി ഈ നമ്പര്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട്. ഓര്‍മകള്‍ക്കോ കാലത്തിനോ വരെ ഇതു മായ്ക്കാന്‍ ആവുമെന്ന് തോന്നുന്നില്ല.

‘2378635’

‘ഓ…ലാന്‍ഡ്  നമ്പറാണോ..’ അയാള്‍ തെല്ലു പുച്ഛത്തോടെ തന്നെ ചോദിച്ചു. ‘ഇന്നത്തെ കാലത്ത് ലാന്‍ഡ് ഫോണുകള്‍ ആര്‍ക്കു വേണം..ആട്ടെ ബില്‍ തുക എത്രയുണ്ട്?’

‘ഒരു മാസത്തെ മിനിമം ചാര്‍ജേ ഉള്ളൂ..’

വീണ്ടും അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.

സര്‍, ഞങ്ങളുടെ വിശാലമായ നെറ്റ് വര്‍ക്കിലേക്ക് സ്വാഗതം..

‘ഈ നമ്പര്‍ മാറാതെ തന്നെ ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തരട്ടെ? ഇന്നത്തെ കാലത്ത് ഒരു മൊബൈല്‍ എങ്കിലുമില്ലാതെ ആര്‍ക്കാണ് ജീവിക്കാനാവുക? ജീവിക്കുകയാണെങ്കില്‍ അത് എട്ടാമത്തെ അല്‍ഭുതം തന്നെയായിരിക്കും. ഗ്യാസ് ബുക്കു ചെയ്യാനും വീട്ടിലിരുന്ന്  ബാങ്കിടപാടു നടത്താനുമൊക്കെ മൊബൈല്‍ ഫോണ്‍ തന്നെ വേണം. വെയിലും കൊണ്ട് വീട്ടിലേക്ക് ചെന്നു കയറുമ്പോഴേക്കും എസ് എം എസ് അയച്ച് എ സി ഓണ്‍ ചെയ്യാന്‍ പറ്റുന്നത് ചില്ലറ കാര്യമാണോ? ഏതായാലും ഒരു കണക്ഷന്‍ ഇപ്പോള്‍ തന്നെ തരാം. എന്താ വേണ്ടേ?’

വേണ്ടേ?..

ആ ചോദ്യം വീണ്ടും വീണ്ടും മുഴങ്ങി കേള്‍ക്കുന്നത് പോലെ.

തിളയ്ക്കുന്ന നഗരച്ചൂടിലേക്ക് വീണ്ടും ഇറങ്ങിയപ്പോള്‍ ടൈയും ധരിച്ച്

തുകല്‍ബാഗും പിടിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു പറഞ്ഞു-

‘സര്‍, ഞങ്ങളുടെ വിശാലമായ നെറ്റ് വര്‍ക്കിലേക്ക് സ്വാഗതം.. നമ്പര്‍ മാറാതെ തന്നെ ഈ നെറ്റ് വര്‍ക്കിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു മാറാനാവും. നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ പരസ്യം കണ്ടില്ലായിരുന്നോ..അധിക ചാര്‍ജ് ഈടാക്കുന്നില്ല..’

മകന്റെ മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍.

അയാള്‍ക്ക് അടക്കിവെക്കാനാവാത്ത് വാത്സല്യം തോന്നി.

ആ വെയിലില്‍ ചെറുപ്പക്കാരനു കൂടി ഒരിറ്റു തണല്‍ കിട്ടുന്നതിനായി അയാള്‍ ആ യുവാവിനരികിലേക്ക് ഒന്നു കൂടി ചേര്‍ന്നു നിന്ന്  കുട ഉയര്‍ത്തിപ്പിടിച്ചു. വെയില്‍ അഗ്നി വേഷത്തില്‍ ഒന്ന് ഇളകിയതു പോലെ തോന്നി.


ദ്വാരങ്ങള്‍ ഉണ്ടെങ്കിലും, കമ്പികളില്‍ തുരുമ്പു വീണെങ്കിലും വെയിലിനോട് ഏറ്റു മുട്ടി രണ്ടു ദേഹങ്ങളെ അല്‍പമെങ്കിലും സ്വസ്ഥരാക്കാന്‍ ആ കുടയ്ക്ക് അപ്പോഴും കരുത്ത് ശേഷിച്ചിരുന്നു. രണ്ടു തലകള്‍ക്കു മേല്‍ മൂന്നാമതൊരു തല പോലെ അത് ഉയര്‍ന്നു നിന്നു.

Advertisement