ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നു
TATA
ടാറ്റ ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 11:03 pm

ടിഗോര്‍ സെഡാനുകളെ ടാറ്റ തിരിച്ചുവിളിക്കുന്നു. വാതക പുറന്തള്ളല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ മോട്ടോര്‍സ് തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചത്. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

അതേസമയം, തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. MAT629401 GKP52721 മുതല്‍ MAT629401 HKN89616 വരെ ഷാസി നമ്പറുള്ള ടിഗോര്‍ ഡീസല്‍ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. വാതക പുറന്തള്ളല്‍ സംവിധാനത്തിലുള്ള പ്രശ്നമെന്തെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ പ്രശ്നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും. കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് ഉടമകള്‍ക്കും പരിശോധിക്കാം.

സൗജന്യമായി മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ഏകദേശം 7,000 ടിഗോര്‍ യൂണിറ്റുകളില്‍ തകരാറുണ്ടെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ടാറ്റയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് ടിഗോര്‍. വില്‍പനയില്‍ ഡിസൈറിനും അമേസിനും എക്സെന്റിനും പിന്നില്‍ നാലാമതാണ് ഈ സെഡാന്‍.

Read:നീലയും ചൊമലയും മാറി മാറി ഇടുന്ന പി.കെ ശശി മാന്യന്‍, പന്നത്തരം ചെയ്യില്ല; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

ടിഗോറിലുള്ള 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു.