പരന്ന മാറിടമുള്ള സ്ത്രീകള്‍ ആകര്‍ഷണീയരല്ല; വിവാദ പരാമര്‍ശവുമായി ടാന്‍സാനിയന്‍ പ്രസിഡന്റ്
World News
പരന്ന മാറിടമുള്ള സ്ത്രീകള്‍ ആകര്‍ഷണീയരല്ല; വിവാദ പരാമര്‍ശവുമായി ടാന്‍സാനിയന്‍ പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 5:40 pm

ഡോഡോമ: പരന്ന മാറിടമുള്ള സ്ത്രീകള്‍ ആകര്‍ഷണീയരല്ലെന്ന് ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍. വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഉദ്ദേശിച്ചായിരുന്നു സാമിയയുടെ അധിക്ഷേപ പരാമര്‍ശം.

‘വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ പരന്ന മാറിടമുള്ളവരാണ്. അവരെ പെട്ടെന്ന് കണ്ടാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അവരുടെ മുഖത്തേക്ക് നോക്കിയാല്‍ നിങ്ങള്‍ അതിശയപ്പെട്ടുപോകും,’ സാമിയ പറഞ്ഞു.

പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പുരുഷ ടീം സമ്മാനം നേടിയത് ആഘോഷിച്ചുള്ള ചടങ്ങിനിടെയാണ് സാമിയയുടെ പ്രതികരണം.

വിവാഹം കഴിക്കണമെങ്കില്‍ ആകര്‍ഷണമുള്ള നിങ്ങള്‍ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള ഒരു സ്ത്രീയെ വേണം. ഒരുപാട് നേട്ടങ്ങളുള്ളവരായിരിക്കും വനിതാ ഫുട്‌ബോള്‍ താരങ്ങള്‍. എന്നാല്‍ ആ കഴിവുകളെല്ലാം ഇങ്ങനെയൊരു ഘട്ടം വരുമ്പോള്‍ അപ്രസക്തമായിരിക്കുമെന്നും സാമിയ പറഞ്ഞു.

‘ഇന്ന് അവര്‍ രാജ്യത്തിനു വേണ്ടി ട്രോഫികള്‍ സ്വന്തമാക്കുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ അഭിമാനിക്കുന്നു. എന്നാല്‍, അവരുടെ ഭാവിജീവിതം പരാജയമായിരിക്കും. കളിയിലൂടെ കാലുകള്‍ക്കു തളര്‍ച്ചയുണ്ടാകുകയും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും,’ സാമിയ പ്രസംഗത്തില്‍ പറഞ്ഞു.

വിവാഹം എന്നത് വനിതാ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്നമായി മാറിയെന്നും അവര്‍ പറഞ്ഞു.


പുരുഷ ഫുട്‌ബോള്‍ കളിക്കാരില്‍ ആരെങ്കിലും വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഭാര്യമാരാക്കാന്‍ തയ്യാറാകുമോ? ഇല്ലെന്നാണ് എനിക്കു മനസ്സിലാകുന്നത്. അങ്ങനെ നിങ്ങള്‍ തയ്യാറായാല്‍ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ അമ്മയോ മറ്റുബന്ധുക്കളോ നിന്റെ ഭാര്യ സ്ത്രീ തന്നെയാണോ എന്നു ചോദിക്കും. ‘ സാമിയ ഹസന്‍ പറയുന്നു.

സാമിയയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് സാമിയ ടാന്‍സാനിയയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ജോണ്‍ മഗുഫുളി ഹൃദ്രോഗത്തെത്തുടര്‍ന്ന് അന്തരിച്ചതിനാലാണ് വൈസ് പ്രസിഡന്റ് പദവിയിലുണ്ടായിരുന്ന സാമിയ പ്രസിഡന്റായി അധികാരത്തിലേറിയത്.

ടാന്‍സാനിയയുടെ ആറാം പ്രസിന്റാണ് സാമിയ സുലുഹു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tanzania’s president calls woman footballers ‘flat-chested’, internet fumes