എഡിറ്റര്‍
എഡിറ്റര്‍
ടാങ്കര്‍ ലോറി സമരം: മലബാറില്‍ ഇന്ധന വിതരണം തടസ്സപ്പെട്ടു
എഡിറ്റര്‍
Thursday 28th March 2013 12:28am

കോഴിക്കോട്: മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇതേതുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതലായിരുന്നു സമരം തുടങ്ങിയത്. അനിശ്ചിത കാലത്തേക്കാണ് സമരം.

Ads By Google

മലബാറിലെ 5 ജില്ലകളില്‍ പാചകവാതകം ഒഴികെയുള്ള ഇന്ധന വിതരണം സമരത്തോടെ പൂര്‍ണ്ണമായും നിലയ്ക്കും. വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറോക്ക് ഡിപ്പോ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എലത്തൂരിലെ ഡിപ്പോ എന്നിവിടങ്ങളിലെ ടാങ്കര്‍ ലോറി ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങിയത്.

ഇതോടെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍ വിതരണങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട്ട് 40 ലധികം ടാങ്കര്‍ ലോറികളാണ് സമരത്തിലായിരിക്കുന്നത്.

300 ലധികം തൊഴിലാളികളാണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെ 5 ജില്ലകളിലെ പെട്രോള്‍, ഡിസല്‍, മണ്ണെണ്ണ വിതരണം ഈ സമരത്തോടെ പൂര്‍ണമായി മുടങ്ങും.

240 ടാങ്കര്‍ ലോറികളാണ് രണ്ട് ഡിപ്പോകളില്‍ നിന്ന് വിവിധ ജില്ലകളിലേക്ക് സര്‍വ്വീസ് നടത്തുന്നത്. വാടകയുടെ 20 ശതമാനം കമ്മീഷനാണ് ലോറികളിലെ ജീവനക്കാര്‍ക്കായി ഉടമകള്‍ നല്‍കുന്നത്. ഇതിനു പകരം മിനിമം ശമ്പളം ഉറപ്പാക്കണമെന്നും അതുവരെ 25 ശതമാനം കമ്മീഷന്‍ അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

Advertisement