ക്വാറന്റീനിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയിലേക്ക് മാറ്റി
national news
ക്വാറന്റീനിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 1:43 pm

 

ചെന്നൈ: ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ആശുപത്രിയിലേക്ക് മാറ്റി. ആള്‍വാര്‍പേട്ടിലെ കാവേരി ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്ഭവനിലെ സെക്യൂരിറ്റിയടക്കം 84 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ജൂലൈ 29 മുതല്‍ ഗവര്‍ണര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്.

ജൂലൈ 23 നാണ് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീടുള്ളപരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 84 ജീവനക്കാരും ഗവര്‍ണറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഗവര്‍ണറോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ 7 ദിവസമായി അദ്ദേഹം ക്വാറന്റീനിലായിരുന്നു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 4034 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ