സിനിമകളെ വിമര്‍ശിച്ചാല്‍ ഇനി 'ഗെറ്റ് ഔട്ട്'; നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് തമിഴ്‌നാട്ടിലെ നിര്‍മാതാക്കള്‍
tamil cinema
സിനിമകളെ വിമര്‍ശിച്ചാല്‍ ഇനി 'ഗെറ്റ് ഔട്ട്'; നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് തമിഴ്‌നാട്ടിലെ നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2019, 4:56 pm

ചെന്നൈ: സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകരെ സിനിമകളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്ന് വിലക്കാനും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഒരുങ്ങി തമിഴ്നാട് പ്രൊഡ്യുസേഴ്സ് കൗണ്‍സില്‍. വിവിധ മാധ്യമങ്ങളിലൂടെ സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. സിനിമകളെയും അഭിനേതാക്കളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പി.ആര്‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

സിനിമയെയും നായികാനായകന്മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് വ്യാവസായികമായി നന്നായി ബാധിക്കുന്നുണ്ടെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. ഫലത്തില്‍ തമിഴ് സിനിമകളെ കാര്യമായി വിമര്‍ശിച്ചാല്‍ അവരുമായി ചലച്ചിത്രമേഖല പിന്നീടങ്ങോട്ട് നിസഹകരിക്കും. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സിനിമയെയെ അഭിനേതാക്കളെയോ മേക്കേഴ്‌സിനെയോ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ വക്കീല്‍ നോട്ടീസ് അയക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ടൈംസ് നൗവാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

റിവ്യൂ എന്ന പേരില്‍ ഒരാള്‍ സിനിമകളെയും അഭിനേതാക്കള്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരെയും ഡീഗ്രേഡ് ചെയ്താല്‍ തുടര്‍ന്നുള്ള സിനിമാ ചടങ്ങുകളില്‍ ഇവരെ പ്രവേശിപ്പിക്കില്ല. കര്‍ശന നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ നല്‍കുന്നവരുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നും തീരുമാനമായി. അല്ലാത്തപക്ഷം പ്രസ് ഷോ, സക്സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നിവിടങ്ങളില്‍ അവരെ പ്രവേശിപ്പിക്കരുതെന്നാണ് സംഘടന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൂജ, പ്രസ് മീറ്റ്, സക്സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളോ, പ്രതിഫലമോ നല്‍കില്ലെന്നും തീരുമാനമായിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ ചായയും ചെറുപലഹാരങ്ങളും മാത്രം നല്‍കിയാല്‍ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്.

അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് കബീര്‍ സിംഗിലെ സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരില്‍ ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും പ്രധാന നിരൂപകര്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയതും ചലച്ചിത്രമേഖലയില്‍ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. നിരൂപണങ്ങളെയും നിരൂപകരെയും പരിഹസിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

രജനീകാന്ത് ചിത്രം ടു പോയിന്റ് ഒ, സൂര്യയുടെ എന്‍ജികെ, വിശാല്‍ ചിത്രം അയോഗ്യ എന്നീ സിനിമകള്‍ക്ക് നിരൂപകര്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയതും വിമര്‍ശനമുണ്ടായതും ഇത്തരമൊരു തീരുമാനത്തിലെത്താന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.