എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ നിരീശ്വരവാദി കൊല്ലപ്പെട്ടത് വാട്‌സ് ഗ്രൂപ്പ് പൂട്ടാന്‍ വിസമ്മതിച്ചതിനാലെന്ന് പൊലീസ്
എഡിറ്റര്‍
Monday 20th March 2017 12:44pm

ചെന്നൈ: വാട്‌സ് ആപ്പ് ഗ്രൂപ്പ് പൂട്ടാന്‍ വിസമ്മതിച്ചതാണ് തമിഴ്‌നാട്ടില്‍ എച്ച്. ഫാറൂഖ് എന്ന യുവാവ് കൊല്ലപ്പെടാന്‍ കാരണമെന്ന് പൊലീസ്. നിരീശ്വരവാദിയായ ഫാറൂഖ് വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നെന്നും ഇതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പൊലീസ് വിശദീകരണം.

ഫാറൂഖ് അഡ്മിന്‍ ആയ ‘അള്ളാഹു മൂര്‍ദത്’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പു വഴി ‘ദൈവം ഇല്ല’ എന്നര്‍ത്ഥം വരുന്ന മുദ്രാവാക്യമടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി നില്‍ക്കുന്ന ഒരു കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു. 400ഓളം മുസ്‌ലീങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഫാറൂഖ് അംഗമായ ദ്രാവിഡര്‍ വിഡുതലൈ കഴകത്തോട് അക്രമികള്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് പൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്നതോടെയാണ് ഫറൂഖിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.


Also Read: 18ാം തിയ്യതി കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും രഹസ്യകൂടിക്കാഴ്ച നടത്തി: മലപ്പുറത്തേത് സൗഹൃദമത്സരമായിരിക്കുമെന്ന് ഉറപ്പുനല്‍കി: ആരോപണവുമായി ബി.ജെ.പി


നാലുപേരാണ് കൊലപാതകത്തിനു പിന്നില്‍. ഇവര്‍ കൂലിപ്പണിക്കാരാണെന്നും പൊലീസ് പറയുന്നു.

‘ഇവര്‍ ഫറൂഖിനെ നേരിട്ടു കണ്ടും ഫോണ്‍വഴിയും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഫറൂഖ് ഈ ആവശ്യം അവഗണിക്കുകയും തന്റെ ആശയങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ഒടുക്കം സ്വന്തം കുട്ടികളെ നിരീശ്വരവാദികളാകക്കി ഫാറൂഖ് ഉയര്‍ത്തിക്കാട്ടിയതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു.’ പേരു വ്യക്തമാക്കാതെ ഒരു പൊലീസ് ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

ഫറൂഖിന്റെ മുസ് ലിം വിരുദ്ധ നിലപാടുകള്‍ ഇവരെ പ്രകോപിപ്പിച്ചിരുന്നു. ഇതായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചെന്ന് കോയമ്പത്തൂര്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശരവണന്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 16നാണ് ഫാറൂഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ മൂന്ന് സംഘങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisement