മഠാധിപതിയെ പല്ലക്കില്‍ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍: പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും
India
മഠാധിപതിയെ പല്ലക്കില്‍ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍: പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2022, 2:31 pm

ചെന്നൈ: തമിഴ്‌നാട് മയിലാടുംതുറയില്‍ മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരുനിന്നാല്‍ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര അധീനത്തിലെ മഠാധിപനും സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ശൈവരുടെ പ്രധാന മതകേന്ദ്രമാണ് ധര്‍മ്മപുരം അധീനം. പുരാതനമായ ആരാധനകേന്ദ്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും ബഹുമാനിക്കപ്പെടേണ്ടവയാണെന്നും മധുര അധീനത്തിലെ പ്രധാനഗുരുവായ ശ്രീ ലാ ശ്രീ ഹരിഹര ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് ചടങ്ങ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ സ്വമേധയാ ആണ് ഗുരുക്കന്മാരെ പല്ലക്കില്‍ ചുമക്കുന്നത്്. ഇത് കാലാകാലങ്ങളായി നടന്നുവരുന്ന ചടങ്ങാണ്. മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ചടങ്ങിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിവെക്കാനാകില്ല. മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങ് നടത്താന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയിലെ 23-ാം അനുച്ഛേദത്തെ മുന്‍നിര്‍ത്തിയാണ് അധികാരികള്‍ ചടങ്ങ് നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ചില വിഭാഗങ്ങളില്‍ നിന്നും ചടങ്ങിനുള്ള എതിര്‍പ്പ് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Content Highlight: Tamil Nadu Move To Stop Mutt’s Palanquin Ritual Sparks Political Row