പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തമിഴ്‌നാട്ടില്‍ അധ്യാപികയെ ക്ലാസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
national news
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തമിഴ്‌നാട്ടില്‍ അധ്യാപികയെ ക്ലാസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 4:24 pm

ചെന്നൈ: ചെന്നൈയില്‍ അധ്യാപികയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരിയായ രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലാണ് സംഭവം.

ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയാണ് രമ്യ. ക്ലാസ് റൂമില്‍ ഇവര്‍ തനിച്ചായിരിക്കുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്.

സ്‌കൂളിന് തൊട്ടടുത്ത താമസിക്കുന്ന രമ്യ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. ഇതിന് പിന്നാലെ ക്ലാസ് മുറിയിലെത്തിയ പ്രതി രാജശേഖരന്‍ രമ്യയുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ഇതിന് പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.


‘പിണറായിയുടേത് ഭീരുത്വം’; കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കാത്തതിനെതിരെ മുല്ലപ്പള്ളി


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോളേജ് പഠനകാലത്ത് പ്രതി രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു.

ആറ് മാസം മുന്‍പ് പ്രതി രമ്യയുടെ മാതാപിതാക്കളോട് മകളെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രമ്യയും വീട്ടുകാരും വിവാഹത്തിന് എതിരായിരുന്നു. ഇതാണ് പ്രതികാരത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.

കൃത്യം നടത്തിയ ശേഷം ,താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രതി സഹോദരിക്ക് മെസ്സേജ് അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.