Administrator
Administrator
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിക്കുമെന്ന് തമിഴ്‌നാട്‌
Administrator
Sunday 4th December 2011 7:11am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉദ്യോഗസ്ഥ തലയോഗം ബഹിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. നാളെ ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന യോഗം തമിഴ്‌നാട് ബഹിഷ്‌കരിക്കുമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. ചര്‍ച്ച അനൗപചാരികമായതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. അനൗപചാരിക ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് ചീഫ് സെക്രട്ടറിക്കുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി പുറത്തിറക്കിയ ഒറ്റവരി പത്രക്കുറിപ്പില്‍ പറയുന്നത്.

കേരളജനത ഭയാശങ്കയില്‍ വിറങ്ങലിക്കുമ്പോഴാണ് കേരളത്തോടും കേന്ദ്രത്തോടും തമിഴ്‌നാട് മുഖം തിരിച്ചത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു രേഖാമൂലം കത്തു നല്‍കിയിരുന്നതായി കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറി ധ്രുവ് വിജയ് സിംഗ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

തമിഴ്‌നാടിന്റെ അഭാവം മൂലം നാളത്തെ ഉദ്യോഗസ്ഥതല യോഗം നടന്നില്ലെങ്കില്‍ അടുത്ത നടപടിയെക്കുറിച്ചു പിന്നീട് തീരുമാനിക്കുമെന്നു ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞു. തമിഴ്‌നാടും കേരളവും ചേര്‍ന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കണം. അതിനാ യി ചര്‍ച്ചകള്‍ക്ക് ഇരുകൂട്ടരും തയാറാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച തമിഴ്‌നാട് ബഹിഷ്‌കരിച്ച വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ് ദല്‍ഹിയില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബുധനാഴ്ച ഇടക്കാല ഹരജി നല്‍കുമെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് അറിയിച്ചു.

എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാന്‍ തമിഴ്‌നാടിന് താല്‍പര്യമില്ലാത്തതാണ് ഉദ്യോഗസ്ഥ ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തെ അനൗപചാരികമെന്ന് തമിഴ്‌നാട് വിശേഷിപ്പിച്ചതും ദുരൂഹമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി ഉത്തരവു പാലിക്കുകയാണ് കേരളം ചെയ്യേണ്ടതെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട് അവര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീംകോടതിയുടെ പഴയ ഉത്തരവ് നടപ്പാക്കാന്‍ കേരളം തയാറാകണമെന്നു തമിഴ്‌നാട് എംപിമാര്‍ ആവശ്യപ്പെട്ടു. അനാവശ്യ ഭീതി പരത്തി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന നടപടികളില്‍നിന്നു കേരളം പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി തീരുമാനം വരുന്നതിനു മുമ്പ് കേരളവുമായി പ്രശ്‌ന പരിഹാര ചര്‍ച്ച നടത്തരുതെന്ന് ഡി.എം.ഡി.കെ പാര്‍ട്ടി നേതാവും തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയകാന്ത് ആവശ്യപ്പെട്ടു. കേരളവുമായി ഇപ്പോള്‍ സംസാരിക്കുന്നതില്‍ കാര്യമില്ല. സുപ്രീംകോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുകയാണ് തമിഴ്‌നാട് ചെയ്യേണ്ടതെന്ന് ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷം വിജയകാന്ത് ചെന്നൈയില്‍ പത്രലേഖകരോടു പറഞ്ഞു. കാവേരി പ്രശ്‌നത്തിലടക്കം അയല്‍സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതുകൊണ്ടു പ്രയോജനമില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡി.എം.ഡി.കെ എം.എല്‍.എമാരും വിജയകാന്തിനോടൊപ്പം ഉണ്ടായിരുന്നു.

അതിനിടെ, നിരാഹാര സമരമടക്കമുള്ള പ്രക്ഷോഭപരിപാടികളില്‍ കേരലത്തില്‍ നിന്നുള്ള മന്ത്രിമാരും മറ്റും പങ്കെടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് അഭിഭാഷകനായ ഹരീഷ് സാല്‍വേ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ പ്രഖ്യാപിച്ച ഉപവാസസമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി പി.ജെ. ജോസഫ് അറിയിച്ചു. അതിനിടെ ചപ്പാത്തില്‍ ജനപ്രതിനിധികള്‍ നടത്തുന്ന നിരാഹാര സമരം പുരോഗമിക്കുകയാണ്.

Malayalam news

Kerala news in English

Advertisement