നടിയുടെ അറസ്റ്റ്: ചെന്നൈയില്‍ സിനിമ-മാധ്യമ പോര്
Movie Day
നടിയുടെ അറസ്റ്റ്: ചെന്നൈയില്‍ സിനിമ-മാധ്യമ പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2009, 3:38 pm

സിനിമയും മാധ്യമങ്ങളും തമ്മില്‍ എന്നും കൈകോര്‍ത്ത് പിടിക്കാറാണ് പതിവ്. സിനിമ മാധ്യമങ്ങളെയും മാധ്യമങ്ങള്‍ സിനിമയെയും ആശ്രയിക്കാറുണ്ട്. സിനിമകള്‍ റിലീസാവുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളില്‍ ഒരു വിവാദമൊപ്പിക്കാന്‍ നടക്കുന്ന സിനിമാക്കാരുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായൊരു വിവാധത്തിലേക്കാണ് ചെന്നൈ സിനിമാ ലോകവും മാധ്യമങ്ങളുമെത്തിയിരിക്കുന്നത്.

സിനിമാ സീരിയല്‍ രംഗവുമായി ബന്ധമുള്ള പെണ്‍വാണിഭക്കാര്‍ ഇതിന് മുമ്പും പലപ്പോഴും പോലീസ് പിടിയിലായിട്ടുണ്ട്. എന്നാല്‍ അനാശാസ്യ കേന്ദ്രം നടത്തിയതിന് ഭുവനേശ്വരിയെന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തതാണ് പുതിയ തിരക്കഥക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഭുവനേശ്വരി പോലീസിന് നല്‍കിയ മൊഴികള്‍ അപ്പാടെ തമിഴ് പത്രമായ ദിനമലര്‍ പുറത്ത് വിട്ടു. തമിഴ് സിനിമാ ലോകത്തെ വിശ്വ നായികമാരായി വിലസുന്നവരുടെ പേരുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അനാശാസ്യത്തിലേര്‍പ്പെടുന്ന നടികളുടെ പേരുകള്‍, അവര്‍ ഈടാക്കുന്ന നിരക്ക്, നടിമാരുടെ ഫോട്ടോ എന്നിവയാണ് പത്രം പ്രസിദ്ധീകരിച്ചത്. ചില തമിഴ് ചലച്ചിത്ര താരങ്ങളും അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അവരെ രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ഭുവനേശ്വരിയുടെ മൊഴിയെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചലച്ചിത്രതാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ദിനമലരിന്റെ ചെന്നൈ എഡിഷന്റെ ന്യൂസ് എഡിറ്റര്‍ എ.ബി. ലെനിനെ (55) പോലീസ് അറസ്റ്റ് ചെയ്തു. ദിനമലര്‍ ചെന്നൈ എഡിഷന്റെ മൗണ്ട്‌റോഡിലെ ഓഫീസില്‍വെച്ചായിരുന്നു അറസ്റ്റ്. പിന്നീട് എഗ്‌മോറിലെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു. സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് ലെനിനെതിരെയുള്ള കേസ്. സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സി. ശ്രീധര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം. പനീര്‍ശെല്‍വം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

ദിനമലര്‍ എഡിറ്റര്‍ ബി ലെനിനെ പോലീസ് അറസ്റ്റു ചെയ്തത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്വാഗതം ചെയ്തിട്ടുണ്ട്. ആരെങ്കിലും പെണ്‍വാണിഭം നടത്തുന്നവരാണെങ്കില്‍ തന്നെ അവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് ആശാവഹമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലെനിന്റെ അറസ്റ്റിനെ മദ്രാസ് ജേര്‍ണലിസ്റ്റ് യൂനിയന്‍ അപലപിച്ചു. ഇത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂനിയന്‍ മറൈന്‍ ബീച്ച് റോഡില്‍ ഗതാഗതം തടസപ്പെടുത്തി.
വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ മാധ്യമം ക്ഷമാപണം നടത്തണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.