കേരളത്തിലെ താലിബാന്‍ ആരാധകരോട്
Taliban
കേരളത്തിലെ താലിബാന്‍ ആരാധകരോട്
ഷഫീഖ് താമരശ്ശേരി
Wednesday, 18th August 2021, 9:06 pm

മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമെല്ലാമായ ഡോ. എം.കെ. മുനീര്‍ ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ താലിബാനെ വിമര്‍ശിച്ചുകൊണ്ട് ഒരു കുറിപ്പെഴുതി. കേവലം മിനിറ്റുകള്‍ കഴിഞ്ഞതേയുള്ളൂ, അദ്ദേഹത്തിന്റെ പ്രൊഫൈലിലെ കമന്റ് ബോക്‌സ് താലിബാന്‍ അനുകൂല കമന്റുകള്‍ കൊണ്ട് നിറഞ്ഞൊഴുകി എന്ന് മാത്രമല്ല, അദ്ദേഹത്തിനെതിരെ തെറിയഭിഷേകവും നടന്നു.

താലിബാനെതിരെ വസ്തുതാവിരുദ്ധമായ എന്തെങ്കിലും ഒരു പരാമര്‍ശം എം.കെ. മുനീര്‍ നടത്തിയതായി കാണാനാവില്ല. അദ്ദേഹത്തിന്റെ പോസ്റ്റിലെ പ്രധാനഭാഗം ഇങ്ങനെയായിരുന്നു.

‘മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മതമൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങള്‍ വെച്ച് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്.’

ഡോ. എം.കെ. മുനീര്‍

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള, മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും സാക്ഷാല്‍ സി.എച്ച്. മുഹമ്മദ് കോയയുടെ മകനുമായ എം.കെ. മുനീര്‍ പ്രധാനമായും പറഞ്ഞത് താലിബാന്‍ ഒരിക്കലും ഇസ്‌ലാമികമല്ല എന്നാണ്. അക്രമത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയം ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഹിംസാത്മക പ്രത്യയശാസ്ത്രത്തെ മുന്നോട്ടുവെക്കുന്ന, മതരാഷ്ട്ര വാദികളായ താലിബാനെതിരെ പ്രത്യയാശാസ്ത്രപരമായ ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് കേരളത്തിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഒരു ചെറിയ ന്യൂനപക്ഷമാണ് ഇതിന് പിന്നിലെങ്കിലും ഈ പ്രവണതയെ ജനാധിപത്യ മതേതരത്വ കേരളം ഏറെ ഭയത്തോടെ നോക്കിക്കാണേണ്ടതുണ്ട്. കാരണം അഫ്ഗാനിലെ ഓരോരോ പ്രവിശ്യകളെയും കീഴടക്കി, തുടര്‍ച്ചയായ വെടിയൊച്ചകള്‍ക്കും കുരുതികള്‍ക്കും ശേഷം അക്രമോത്സുകമായി മുന്നേറിയ താലിബാന്‍ ഒടുവില്‍ കാബൂള്‍ നഗരവും കീഴടക്കി രാജ്യം മുഴുവന്‍ തങ്ങളുടെ ആയുധത്തിന് കീഴിലാക്കി മാറ്റിയപ്പോള്‍, അഫ്ഗാനിലെ സാധാരണക്കാരായ ജനങ്ങള്‍ തെരുവുകളിലൂടെ ഭയന്നോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍, ജീവന്‍ ഭയന്ന് ആയിരങ്ങള്‍ കൂട്ടപ്പാലായനത്തിന് തയ്യാറെടുത്ത് വിമാനത്താവളങ്ങളിലേക്കൊഴുകിയപ്പോള്‍ ഈ കേരളത്തിലിരുന്ന് അഫ്ഗാനില്‍ സ്വാതന്ത്യ പുലരിയെന്ന് പോസ്റ്റ് ചെയ്തവര്‍ നമുക്കിടയിലുമുണ്ടായിരുന്നു. നിരവധി പേരാണ് അഫ്ഗാനിലെ താലിബാന്‍ മുന്നേറ്റത്തെ പിന്തുണച്ചുകൊണ്ട് കേരളത്തിലും പരസ്യമായി രംഗത്ത് വന്നത്.

തീര്‍ച്ചയായും പശ്ചിമേഷ്യയിലെയും മധ്യപൂര്‍വദേശത്തെയും മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളെയോ, എക്കാലത്തെയും അധിനിവേശ ശക്തികളായ അമേരിക്കയുടെ രാഷ്ട്രീയ ഇരട്ടത്താപ്പുകളെയോ, പുതിയ രാഷ്ട്രീയ സാഹര്യങ്ങളില്‍ ആഗോള നയതന്ത്ര വ്യവഹാരങ്ങളില്‍ താലിബാനുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന നയതന്ത്ര സമീപനങ്ങളിലെ വ്യതിയാനങ്ങളെയോ പരിഗണിക്കാതെയല്ല ഇത് പറയുന്നത്. കാരണം അവയൊന്നുമല്ല നമുക്കിടയില്‍ താലിബാന്‍ ആരാധാകരെ സൃഷ്ടിക്കുന്നത് എന്നത് സോഷ്യല്‍ മീഡിയയിലെ ഇത്തരക്കാരുടെ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും വ്യക്തമാണ്.

ഇതൊരു രാഷ്ട്രീയ തെരഞ്ഞെടുപ്പിന്റെ കൂടി പ്രശ്‌നമാണ്. നിങ്ങള്‍ക്ക് വേണ്ടത് സമാധാനമോ യുദ്ധമോ എന്ന ചോദ്യത്തിന് യുദ്ധം തെരഞ്ഞെടുക്കുന്ന, മതേതരത്വമോ മതരാഷ്ട്രമോ എന്ന ഒപ്ഷനുകള്‍ക്ക് മുന്നില്‍ മതരാഷ്ട്രത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന, സമത്വത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഇരുവഴികളുണ്ടാകുമ്പോള്‍ സമഗ്രാധിപത്യത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന മനുഷ്യര്‍ സൃഷ്ടിക്കുന്ന പ്രശ്‌നമാണിത്.

അവര്‍ക്ക് വേണ്ടത് അവരുടെ വിശ്വാസപ്രമാണങ്ങള്‍ ഭരണ നിര്‍വഹണ നയരേഖകളായി മാറുന്ന മതരാഷ്ട്രമാണ്. ആ മതരാഷ്ട്രത്തില്‍ അവരല്ലാത്ത എല്ലാ ന്യൂനപക്ഷങ്ങളുടെയും സ്ഥാനം ഒന്നുകില്‍ അടിമകളെപ്പോലെ അവരുടെ കാല്‍ക്കീഴിലാണ് അല്ലെങ്കില്‍ അവരുടെ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്താണ്. നമുക്കിടയിലുമുള്ള അത്തരം മതരാഷ്ട്ര മോഹികളാണ് താലിബാന്‍ സ്‌നേഹികളായി മാറുന്നത്.

അല്ലെങ്കില്‍ എങ്ങിനെയാണ് കാബൂളില്‍ നിന്നും അഫ്ഗാനിലെ മറ്റ് പ്രവിശ്യകളില്‍ നിന്നും ഭയംപൂണ്ട മനുഷ്യരുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്ന ഈ ഘട്ടത്തിലും താലിബാന്‍ അനുകൂല സിദ്ധാന്തങ്ങള്‍ രചിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നത്. കാബൂളില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം ദ ഗാര്‍ഡിയനില്‍ എഴുതിയ തുറന്ന കത്ത് കണ്ണീരോടെയല്ലാതെ നമുക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. അഫ്ഗാനിലെ സ്ത്രീകളുടെ ഭാവിയെക്കുറിച്ച് സിനിമ സംവിധായിക സഹ്‌റ കരിമി എഴുതിയ കുറിപ്പ് അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണ്. സ്ത്രീകളെ ലൈംഗിക അടിമകളായി മാത്രം കാണുന്ന ഒരു സായുധ സന്നാഹത്തിന് കീഴില്‍ ഭയത്തോടെ കഴിയേണ്ട വരുംനാളുകളെക്കുറിച്ചുള്ള ആശങ്കകളാണ് അവര്‍ പങ്കുവെച്ചത്. അപ്പോഴും നമുക്കിടയിലെ ചിലര്‍ താലിബാന് ഐക്യദാര്‍ഡ്യമര്‍പ്പിച്ചുകൊണ്ടിരുന്നു.

ഭൂനിരപ്പില്‍ നിന്നും മുപ്പത്തിയയ്യായിരം അടി ഉയരത്തില്‍ മണക്കൂറില്‍ 700 ഉം 800 ഉം കിലോമീറ്റര്‍ വേഗതയില്‍ 17 മണിക്കൂര്‍ മാത്രം സഞ്ചരിച്ചാല്‍ ലാന്റ്് ചെയ്യുന്ന ഒരു വിമാനത്തിന്റെ ചിറകിലോ ചക്രങ്ങളിലോ തൂങ്ങിനിന്നാല്‍ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ല എന്നത് അറിയാത്തതുകൊണ്ടായിരിക്കില്ല കാബൂളിലെ ആ യുവാക്കള്‍ ആ സാഹസത്തിന് മുതിര്‍ന്നത്. അതിനേക്കാള്‍ വലിയ ജീവഭയം താലിബാന്‍ ഭീകകരരുടെ ഭരണത്തിലുള്ളതുകൊണ്ടാണ്.

ജനിച്ച മണ്ണും വീടും സ്വത്തുക്കളുമെല്ലാം ഉപേക്ഷിച്ച് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരായ അഫ്ഗാന്‍ ജനത മറ്റെതെങ്കിലും രാജ്യത്ത് അഭയം ലഭിക്കുന്നതിനായി വിമാനത്താവളങ്ങളിലേക്ക് കൂട്ടമായി ഒഴുകുന്നതും അവര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുന്നതും നാം കണ്ടു. അപ്പോഴും നമുക്കിടയിലെ ചിലര്‍ താലിബാന് വേണ്ടി സൈബര്‍ പോരാട്ടത്തിലണിനിരക്കുന്ന തിരക്കിലായിരുന്നു.

അഫ്ഗാന്‍ സംഘര്‍ഷങ്ങളിലെ സാമ്രാജ്യത്വ ശക്തികളുടെ പങ്കിനെക്കുറിച്ചും നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകളിലെ പാശ്ചാത്യ മാധ്യമങ്ങളുടെ ഏകപക്ഷീയതയെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ട് താലിബാനെ സാമാജ്രാത്വ വിരുദ്ധ പോരാളികളായി ചിത്രീകരിക്കാന്‍ ശ്രമിച്ച ഇവര്‍ താലിബാന്റെ ചരിത്രമെന്താണെന്നതും ആരാണ് താലിബാന് രൂപം നല്‍കിയെന്നും പോയ പതിറ്റാണ്ടുകളില്‍ താലിബാന്‍ ആ രാജ്യത്തോട് ചെയ്തുകൂട്ടിയതെല്ലാം എന്തൊക്കായിയരുന്നുവെന്നതും, പഷ്തൂണ്‍ ഗ്രോത്രത്തിന് പുറത്തുള്ള അഫ്ഗാനിലെ ഇതര ന്യൂനപക്ഷങ്ങളെ അവര്‍ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതും ബോധപൂര്‍വം മറന്നുകളയുകയാണ്.

തീര്‍ച്ചയായും രാഷ്ട്രീയ സാമ്പത്തിക താത്പര്യങ്ങള്‍ മൂലം അഫ്ഗാനിലേക്ക് കടന്നുവന്ന്, ആ രാജ്യത്തിന്റെ സര്‍വ സാഹചര്യങ്ങളെയും അട്ടിമറിച്ച് ഒരു ജനതയെ കുരുതികൊടുത്ത അമേരിക്കന്‍ സാമ്രാജ്യത്വം വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. അതുപക്ഷേ, ചരിത്രത്തില്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളായിരുന്ന മനുഷ്യത്വ രഹിതരായ മതഭ്രാന്തന്മാരെ പിന്തുണച്ചുകൊണ്ടാവരുത്.

മതരാഷ്ട്രവാദം അപകടകരമായ വിധത്തില്‍ ശക്തി പ്രാപിച്ച ഒരു കാലഘട്ടത്തിലെ മതമൗലികവാദത്തിന്റെയും തീവ്രവാദ രാഷ്ട്രീയത്തിന്റെയും വലിയൊരു ദൃഷ്ടാന്തമാണ് ഇന്ന് താലിബാന്‍. തീര്‍ച്ചയായും സമീപഭാവിയില്‍ താലിബാനെക്കുറിച്ചുള്ള നരേറ്റീവുകള്‍ മാറും. ഇന്നലെ വരെ താലിബാന്‍ കേവലം ഒരു ഭീകരവാദ സംഘടനയായിരുന്നുവെങ്കില്‍ ഇനി മുതല്‍ അവര്‍ ഒരു രാജ്യത്തിന്റെ ഭരണകൂടമാണ്. നിലനില്‍പ്പിന്റെ ഭാഗമായി അവര്‍ക്ക് മുഖം മിനുക്കേണ്ടി വരും. മറ്റ് രാജ്യങ്ങള്‍ക്ക് അവരുമായി സന്ധി ചേരേണ്ടി വരും, സഖ്യത്തിലേര്‍പ്പെടേണ്ടി വരും. മാധ്യങ്ങള്‍ക്ക് താലിബാനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ തിരുത്തേണ്ടി വരും. അവ വിവിധങ്ങളായ താത്പര്യങ്ങള്‍ക്ക് വേണ്ടിയാകാം. അല്ലാതെയാകാം.

എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്കെല്ലാം മുന്നേ താലിബാന്റെ ചോരക്കുരുതിക്ക് കയ്യടിച്ചവര്‍, അവര്‍ എത്ര ന്യൂനപക്ഷമാണെങ്കിലും അവരെ നാം കരുതിയിരിക്കേണ്ടതുണ്ട്. കാരണം ഇവിടെയും അവരാഗ്രഹിക്കുന്നത് അത്തരമൊരു മതരാഷ്ട്രം തന്നെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban Fans in Kerala should know this

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍