പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാം; കാബൂളിലേക്ക് പ്രവേശിച്ച ശേഷം താലിബാന്റെ പ്രസ്താവന
World News
പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോകാം; കാബൂളിലേക്ക് പ്രവേശിച്ച ശേഷം താലിബാന്റെ പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th August 2021, 4:33 pm

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ച് താലിബാന്‍. ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സുരക്ഷിത വഴിയൊരുക്കുമെന്നും താലിബാന്‍ പ്രസ്താവനയിറക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും പണവും സ്ഥാപനങ്ങളും സായുധ സംഘത്താല്‍ അക്രമിക്കപ്പെടില്ല. ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും മറ്റ് സംരംഭകര്‍ക്കും സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നതായി മറ്റൊരു പ്രസ്താവനയും അവര്‍ പുറത്തിറക്കി.

താലിബാന്റെ പ്രസ്താവന പുറത്ത് വന്നിട്ടും ജനങ്ങള്‍ നഗരം ഉപേക്ഷിച്ച് പലായനം ചെയ്യാനുള്ള ശ്രമത്തിലാണ്. പ്രസിഡന്റ് അഷ്റഫ് ഗാനി ഏതു നിമിഷവും സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്.

സമാധാനപരമായി അധികാരം കൈമാറുന്നതിനായി അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban, Afghan gov’t in talks on peaceful transfer of power