എഡിറ്റര്‍
എഡിറ്റര്‍
വിവാദങ്ങള്‍ക്കിടയിലും തല ഉയര്‍ത്തി താജ്മഹല്‍; പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം
എഡിറ്റര്‍
Thursday 7th December 2017 1:01am

 

ന്യൂദല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെ യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ അഭിമാനമായി വീണ്ടും താജ്മഹല്‍. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വേയില്‍ താജ്മഹലിനാണ് രണ്ടാം സ്ഥാനം.

കമ്പോഡിയയിലെ അംഗോര്‍വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ദേശീയ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകമെമ്പാടുമുള്ള യാത്രികര്‍ക്കിടയില്‍ സര്‍വേ സംഘടിപ്പിച്ചത്.


Also Read: ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പി അനുഭാവമുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്


1983ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ആദ്യമായി താജ്മഹല്‍ ഇടം നേടുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയില്‍ പണിത മന്ദിരം പ്രതിവര്‍ഷം 80ലക്ഷം പേരാണ് സന്ദര്‍ശിക്കുന്നത്.

അടുത്തിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ് മഹലിനെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹല്‍ ശിവക്ഷേത്രമാണെന്നുള്ള വാദങ്ങളുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.

അതേസമയം സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Advertisement