ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥിക്കാം: ടി. സിദ്ദീഖ്
Kerala News
ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥിക്കാം: ടി. സിദ്ദീഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 5:37 pm

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡി.വൈ.എഫ്.ഐ തള്ളിപ്പറഞ്ഞ വാര്‍ത്തയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്.

ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡി.വൈ.എഫ്.ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ഇരുവരുടേയും ഭാഷയില്‍ നിന്നും ബോഡി ലാംഗ്വേജില്‍ നിന്നും വ്യക്തമാണെന്ന് ടി. സിദ്ദീഖ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിന്റെ പ്രതികരണം.

‘ഇനി നടക്കില്ല, എന്ന് ഡി.ഐ.എഫ്.ഐ പറയുമ്പോള്‍ ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു. ഈ വിഴുപ്പലക്കല്‍ ഭരണത്തിന്റെയും സി.പി.ഐ.എമ്മിന്റേയും തണലില്‍ ഡി.വൈ.എഫ്.ഐ നാടിനു വേണ്ടി എന്ത് ചെയ്യുന്നു എന്ന കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് ആ പാര്‍ട്ടിക്ക് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നത്,’ ടി. സിദ്ദീഖ് പറഞ്ഞു.

നേരത്തെ അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളിപ്പറഞ്ഞ് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡി.വൈ.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.

പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.

പി. ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നീ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് മനു സി. വര്‍ഗീസ് വ്യക്തമാക്കിയിരുന്നു.