എഡിറ്റര്‍
എഡിറ്റര്‍
ടിപി വധം: കൊലയാളി സംഘം ഉപയോഗിച്ച വാളുകള്‍ സാക്ഷി തിരിച്ചറിഞ്ഞു
എഡിറ്റര്‍
Tuesday 26th March 2013 3:24pm

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ കൊലയാളി സംഘം ഉപയോഗിച്ച വാളുകള്‍ കേസിലെ മുപ്പത്തിമൂന്നാം സാക്ഷി ടി. രാജേഷ് തിരിച്ചറിഞ്ഞു.

Ads By Google

വാളുകള്‍ കിണറ്റില്‍ ഒളിപ്പിച്ച ലംബു പ്രദീപിനെയും ഇയാള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം പ്രതികള്‍ കിണറ്റില്‍ ഒളിപ്പിച്ച വാളുകള്‍ പോലീസിന്റെ നിര്‍ദേശപ്രകാരം കിണര്‍പണിക്കാരനായ രാജേഷ് ആണ് കിണറ്റിലിറങ്ങി എടുത്തത്.

ലംബു പ്രദീപിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചായിരുന്നു പോലീസ് വാളുകള്‍ കണ്ടെടുത്തത്. അറ്റം വളഞ്ഞ വാളുകള്‍ കോടതിമുറിയിലും രാജേഷ് തിരിച്ചറിഞ്ഞു. ഇതിനുശേഷമായിരുന്നു ലംബു പ്രദീപിനെയും സാക്ഷി തിരിച്ചറിഞ്ഞത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസം സാക്ഷികള്‍ കൂറുമാറിയത് ഏറെ വിവാദമായിരുന്നു.

അതിന്റെ ഭാഗമായി പ്രോസിക്യൂഷനെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളെ തിരിച്ചറിയുന്നത് അടക്കമുള്ളവയില്‍ പ്രോസിക്യൂഷന്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ രണ്ടു ദിവസമായി താനാണ് ചെയ്യുന്നതെന്നും പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി പറഞ്ഞിരുന്നു.

സാക്ഷിവിസ്താരത്തിനിടെ പ്രതിയെ തിരിച്ചറിയുക എന്നൊരു നടപടിക്രമമുണ്ട്. ഇതിനായി പ്രോസിക്യൂഷന്‍ പലപ്പോഴും ശ്രമിച്ചില്ലെന്നതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

പ്രതിയെ തിരിച്ചറിയുമോ എന്നാണ് പലപ്പോഴും സാക്ഷികളോട് ചോദിക്കുന്നത്. പ്രതിയെ മുന്നില്‍ നിര്‍ത്തിയാണ് അറിയുമോ എന്ന് ചോദിക്കുകയാണ് വേണ്ടതെന്നും കോടതി പറയുന്നു.

Advertisement