എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: നാല്‌ സാക്ഷികള്‍ കൂറുമാറി, പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശം
എഡിറ്റര്‍
Saturday 23rd March 2013 12:55pm

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയ്ക്കിടെ ഇന്ന് നാല്‌ സാക്ഷികള്‍ കൂറുമാറി. അജിത, പ്രേംജിത്ത്, ജവാദ്, കെ. സൂരജ്‌ എന്നീ സാക്ഷികളാണ് കൂറുമാറിയത്.

Ads By Google

ടി.പിയെ നിരീക്ഷിക്കാന്‍ കൊടി സുനിയും സംഘവും ഉപയോഗിച്ചിരുന്ന ബൈക്ക് അജിതയുടെ വീടിന്റെ വിറകുപുരയില്‍ നിന്നാണ് കണ്ടെടുത്തിരുന്നത്.

കൊലയാളി സംഘത്തിലെ മുഹമ്മദ് ഷാഫിയുടെ പേരിലുള്ള ബൈക്ക് കൊടി സുനിയാണ് ഉപയോഗിച്ചിരുന്നത്. ബൈക്ക് താനാണ് ഒളിപ്പിച്ചതെന്ന് ഇവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ബൈക്ക് കണ്ടെടുത്ത കാര്യം തനിക്ക് അറിയില്ലെന്നാണ് ഇവര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ ഇരുപത്തിയൊന്‍പതാം സാക്ഷിയായിരുന്നു അജിത.

ഇന്നലെ ഇരുപത്തിയെട്ടാം സാക്ഷി പി. അജിത്തും കൂറുമാറിയിരുന്നു. അജിതയും കൂറുമാറിയതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി.

അതേസമയം പ്രോസിക്യൂഷനെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാക്ഷികളോടുളള പ്രോസിക്യൂഷന്റെ ചോദ്യങ്ങളില്‍ കൃത്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളെ തിരിച്ചറിയുന്നത് അടക്കമുള്ളവയില്‍ പ്രോസിക്യൂഷന്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ രണ്ടു ദിവസമായി താനാണ് ചെയ്യുന്നതെന്നും പ്രത്യേക കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി പറഞ്ഞു.

സാക്ഷിവിസ്താരത്തിനിടെ പ്രതിയെ തിരിച്ചറിയുക എന്നൊരു നടപടിക്രമമുണ്ട്. ഇതിനായി പ്രോസിക്യൂഷന്‍ പലപ്പോഴും ശ്രമിച്ചില്ലെന്നതാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

പ്രതിയെ തിരിച്ചറിയുമോ എന്നാണ് പലപ്പോഴും സാക്ഷികളോട് ചോദിക്കുന്നത്. പ്രതിയെ മുന്നില്‍ നിര്‍ത്തിയാണ് അറിയുമോ എന്ന് ചോദിക്കുകയാണ് വേണ്ടതെന്നും കോടതി പറയുന്നു.

29 മുതല്‍ 31 വരെയുള്ള പ്രതികളെയാണ് ഇന്ന് കോടതി വിസ്തരിച്ചത്. ഇനി 2 പ്രതികളെ കൂടി വിസ്തരിക്കാനുണ്ട്.

പലപ്പോഴും ജഡ്ജിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ടിയും വന്നിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി ആര്‍.എം.പി നേതാവ് കൂടിയായ കുമരന്‍കുട്ടിയായിരുന്നു ഹാജരായത്.

.

 

Advertisement