മുങ്ങിക്കപ്പല്‍ അപകടം: നാവികസേന മേധാവി ഡി.കെ. ജോഷി രാജിവെച്ചു
India
മുങ്ങിക്കപ്പല്‍ അപകടം: നാവികസേന മേധാവി ഡി.കെ. ജോഷി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2014, 7:28 pm

[share]

[] മുംബൈ: ഇന്ത്യന്‍ നാവികസേന മേധാവി ഡി.കെ ജോഷി രാജിവെച്ചു. നാവികസേനയുടെ സിന്ധുരത്‌ന മുങ്ങിക്കപ്പലില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് രാജി.

വൈസ് അഡ്മിറല്‍ ആര്‍. കെ ആര്‍. കെ ധുവാന് താല്‍ക്കാലിക ചുമതല നല്‍കിയതായി നാവികസേന അറിയിച്ചു.

അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ജോഷി രാജി സമര്‍പ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുരക്ഷ വീഴ്ചയുടെ പേരില്‍ സേന മേധാവി രാജിവെയ്ക്കുന്നത്.

ഏഴ് മാസത്തിനിടെ നാവികസേനയുടെ പത്തോളം കപ്പലുകള്‍ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. 2013 ആഗസ്റ്റില്‍ അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. സിന്ധുരക്ഷകിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

നാവികസേനയുടെ ചരിത്രത്തിലെത്തന്നെ വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. അപകടസമയത്ത് മൂന്ന് ഓഫീസര്‍മാരും 15 നാവികരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

മുങ്ങിക്കപ്പലില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട അഞ്ച് നാവികരെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലേയ്ക്ക് മാറ്റി. മുങ്ങിക്കപ്പല്‍ മുംബൈ തീരത്ത് അടുപ്പിച്ചിട്ടുണ്ട്.

മുംബൈ തീരത്ത് 50 കിലോമീറ്റര്‍ അകലെ പരീക്ഷണം നടത്തുന്നതിനിടെയാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരീക്ഷണഘട്ടത്തിലുള്ള മുങ്ങിക്കപ്പലില്‍ ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ സൂക്ഷിച്ചിട്ടില്ല.