എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടനോടും ഫ്രാന്‍സിനോടും നിങ്ങളുടെ രാജ്യത്ത് ബോംബിടാന്‍ പറയുന്നതോ അറബ് വസന്തം: ബ്രിട്ടീഷ് എം.പി
എഡിറ്റര്‍
Saturday 15th June 2013 12:45pm

lineഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തി എന്റെ മുത്തച്ഛനോട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചുള്ള ടീച്ചറുടെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞു. അപ്പോള്‍ മുത്തച്ഛന്‍ എന്നോട് പറഞ്ഞ മറുപടി, ഇരുട്ടത്ത് ബ്രിട്ടീഷ് ഭരണകൂടം എന്തുചെയ്യുമെന്ന് ദൈവം ഭയക്കുന്നത് കൊണ്ടാണ് അവിടെ സൂര്യന്‍ അസ്തമിക്കാത്തത് എന്നാണ്.linesyria-580-406


പ്രഭാഷണം / ജോര്‍ജ് ഗാല്ലോവേ


സിറിയന്‍ ജനതയ്ക്ക് മേല്‍ സാമ്രാജ്യത്വ ശക്തികള്‍ ചെലുത്തിയ സ്വാധീനത്തെ തുറന്ന് കാണിക്കുകയാണ് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോര്‍ജ് ഗാല്ലോവേ.

ബ്രിട്ടീഷ് പാര്‍ലമെന്റ് എം.പി കൂടിയായ ജോര്‍ജ് സിറിയന്‍ ജനതയുടെ ശത്രുക്കള്‍ ആരൊക്കെയാണെന്ന് തുറന്ന് പറയുന്നു. രാജ്യത്തെ സ്വതന്ത്രരാക്കാന്‍ ഇപ്പോള്‍ കച്ചകെട്ടിയിരിക്കുന്ന സിറിയന്‍ വിമതര്‍ അമേരിക്കയുടെ സേവകരാണെന്നും ജോര്‍ജ് ഗാല്ലോവേ പറയുന്നു.

Ads By Google

സിറിയന്‍ വിമതരെ വിമര്‍ശിച്ച് കൊണ്ടും സാമ്രാജ്യ ശക്തികള്‍ക്കെതിരെ അണിനിരക്കാനും ആഹ്വാനം ചെയ്ത് ജോര്‍ജ് ഗാല്ലോവേ നടത്തിയ പ്രസംഗത്തിലേക്ക്,

“ഞാന്‍ സിറയന്‍ ജനതയുടെ ന്യായമായ ആവശ്യത്തെ പിന്തുണയ്ക്കുന്നു. പക്ഷേ അതിന്റെ പേരില്‍ സിറിയ എന്ന രാജ്യത്തെ തന്നെ നശിപ്പിക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. സിറിയയിലെ പുണ്യഭൂമി നശിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലുള്ള എന്റെ സൈന്യത്തെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. അതിനെ പ്രോത്സാഹിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെടരുത്.

ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്താണെന്ന് വെച്ചാല്‍ നിങ്ങളില്‍ പലരും ഇതിനെ പിന്തുണക്കുന്നു എന്നതാണ്. ഇവിടെ അറബ് വിപ്ലവം നടക്കുന്നു എന്ന് പറയുന്നു. എന്ത് അറബ് വിപ്ലവമാണ് നടക്കുന്നത്. അമേരിക്കയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയും പ്രസിഡന്റുമാരോട് നിങ്ങളുടെ രാജ്യത്ത് ബോംബിടാന്‍ ആവശ്യപ്പെടുന്നതാണോ അറബ് വിപ്ലവം? ഇതെന്ത് അറബ് വസന്തമാണ്?

അതിനാല്‍ ഞാന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം എന്താണെന്ന് വെച്ചാല്‍ അറബ് ജനത സ്വയം സ്വതന്ത്രരാവണമെന്നാണ്. സാമ്രാജ്യത്വ ശക്തികള്‍ നിങ്ങളെ സ്വതന്ത്രരാക്കാന്‍ വന്നാല്‍ അതൊരിക്കലും സ്വാതന്ത്രമായിരിക്കുകയില്ല. സംശയമുണ്ടെങ്കില്‍ ഇറാഖിലെയും ലിബിയയിലേയും ജനതയോട് ചോദിച്ച് നോക്കുക.

അമേരിക്കയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയും പ്രസിഡന്റുമാരോട് നിങ്ങളുടെ രാജ്യത്ത് ബോംബിടാന്‍ ആവശ്യപ്പെടുന്നതാണോ അറബ് വിപ്ലവം?

ഈ പറയുന്ന സാമ്രാജ്യത്വ ശക്തികള്‍ അവര്‍ക്ക് കൊടുത്തത് സ്വാതന്ത്ര്യമാണോ അതോ സ്വേച്ഛാധിപത്യമാണോ എന്ന്. അതാണ് സാമ്രാജ്യത്വ ശക്തികള്‍. ഒരു ഐറിഷ് പശ്ചാത്തലത്തില്‍ നിന്ന് വന്ന എനിക്ക് സാമ്രാജ്യത്വം എന്നാല്‍ എന്താണെന്ന് അറിയാം.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തി എന്റെ മുത്തച്ഛനോട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചുള്ള ടീച്ചറുടെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞു. അപ്പോള്‍ മുത്തച്ഛന്‍ എന്നോട് പറഞ്ഞ മറുപടി, ഇരുട്ടത്ത് ബ്രിട്ടീഷ് ഭരണകൂടം എന്തുചെയ്യുമെന്ന് ദൈവം ഭയക്കുന്നത് കൊണ്ടാണ് അവിടെ സൂര്യന്‍ അസ്തമിക്കാത്തത് എന്നാണ്.

ഇരുട്ടിലോ വെളിച്ചത്തോ സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇവരെ പോലുള്ള ആളുകള്‍ നിങ്ങള്‍ക്കിടയിലേക്ക് വരുന്നത് നിങ്ങളുടെ മുതലുകള്‍ കൊള്ളയടിക്കാനുള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയാണ്. വരുന്ന നൂറ് വര്‍ഷത്തേക്ക് അവര്‍ നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് നിങ്ങളുടെ മുതലുകള്‍ അവര്‍ ചൂഷണം ചെയ്യും.

ഇതിനായുള്ള ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പക്ഷേ, വീണ്ടും ശക്തമായി തിരിച്ചുവരാന്‍ വേണ്ടി സൈകീസ്-പൈകോട്ട് കരാര്‍ ഉണ്ടാക്കി. ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള രഹസ്യകരാറാണ് സൈകീസ്-പൈകോട്ട്.

സിറിയയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പരിവര്‍ത്തനം ഉണ്ടായിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അത് എങ്ങനെ ഉണ്ടാകുമെന്നതാണ് ചോദ്യം. കോഫി അന്നന്‍ നിര്‍ദേശിച്ച പോലെ സമാധാനപരമായ ചര്‍ച്ചകളിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും ഇത് സാധ്യമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ഇത് പിന്തുണക്കുന്നുണ്ട്. സിറിയന്‍ ഭരണകൂടവും ഇത് സ്വാഗതം ചെയ്തതാണ്.george-galloway

സാമ്രാജ്യത്വ ശക്തികളും സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് ചുക്കാന്‍ പിടിക്കുന്ന അവരുടെ സില്‍ബന്ധികളും മാത്രമാണ് ഈ നിര്‍ദേശത്തെ എതിര്‍ക്കുന്നത്. സിറിയന്‍ യുദ്ധത്തില്‍ നടക്കുന്ന ചരിത്രപരമായ അബദ്ധമാണിത്.

ആരാണ് ഈ വിപ്ലവത്തിലുള്ളത്. ഉള്ളവരില്‍ പലരും തന്നെ സാമ്രാജ്യത്വ ശക്തികളുടെ ജോലിക്കാര്‍ മാത്രമാണ്. അവര്‍ ആരായാലും അവരുടെ പേര് എനിക്ക് ആവശ്യമില്ല. എനിക്കതിന് സമയമില്ല. പക്ഷേ, ഞാന്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് സിറിയക്കാരായ നിങ്ങളെങ്കിലും മനസ്സിലാക്കണം.

പാരീസിലും ലണ്ടനിലും ഇസ്താംബുളിലും നിലയുറപ്പിച്ചിരിക്കുന്നവരൊക്കെ ഇവരില്‍ പെട്ടവരാണ്. ഇതേ ജോലിക്കാര്‍ തന്നെയാണ് ഇവിടെയുമുള്ളത്. ഇതേ ജോലിക്കാര്‍ തന്നെയാണ് ഇറാഖിലെ എല്ലാവരും പറയുന്ന യുദ്ധം പ്രഖ്യാപിച്ച പ്രതിപക്ഷവും. അവര്‍ സാമ്രാജ്യ ശക്തികളുടെ സേവകരാണ്.

അതുകൊണ്ടാണ് അവര്‍ തങ്ങളുടെ മുതലാളിമാരോട് ബോംബ് വര്‍ഷിക്കാന്‍ ആവശ്യപ്പെടുന്നത്. ഈ മുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികളെ ചട്ടം കെട്ടിയിരിക്കുകയാണ് അങ്ങനെ പറയാനായി.

ഞാന്‍ അറബ് ജനതയെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണം അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമുണ്ട് എന്നതിനാലാണ്. അറബ് ജനതയ്ക്ക് രാഷ്ട്രീയ ബോധം കുറവാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ പോലും ബ്രിട്ടനോ അമേരിക്കയോ പോലുള്ള ‘ജനാധിപത്യ രാജ്യങ്ങള്‍’ സന്ദര്‍ശിക്കാത്തത് കൊണ്ടാണ്.

ഒരു നടപടിക്രമമെന്ന നിലയില്‍ അറബ് ജനത വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ബ്രിട്ടനില്‍ അങ്ങനെയൊന്ന് നടക്കുന്നേയില്ല. അവിടങ്ങളിലെ ചാനലുകള്‍ അത് കാണിക്കാറില്ല. അറബ് ജനതയ്ക്ക് അസാമാന്യമായ ശക്തിയുണ്ട്. ഈജിപ്തില്‍ തെരുവ് വൃത്തിയാക്കുന്നയാള്‍ വരെ രാഷ്ട്രീയ നിലപാടുള്ളയാളാണ്. രാഷ്ട്രീയമില്ലാത്ത ഒരു അറബ് വംശജനേയും ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.

എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട്. നിങ്ങളും സ്വന്തം കഴിവില്‍ വിശ്വസിക്കണം. നിങ്ങള്‍ക്ക് നന്മകൊണ്ടുവരാന്‍ പുറത്ത് നിന്ന് ആരും വരില്ല. ആര്‍ക്കും വേണ്ടിയും കാത്തിരിക്കാതിരിക്കുക. നിങ്ങളെ സ്വതന്ത്രരാക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയുകയുളളൂ. നിങ്ങള്‍ക്കതിന് സാധിക്കും.

അസ്സലാമു അലൈക്കും. എന്നോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി. ”

Advertisement