| Saturday, 28th January 2012, 8:52 am

സിറിയ: അസദ് ഭരണത്തിനെതിരെ യു.എന്‍ രക്ഷാസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌ക്കസ്: സിറിയയിലെ ജനങ്ങള്‍ക്ക് നേരെയുള്ള പ്രസിഡന് ബാഷര്‍ അല്‍ അസദിന്റെ അവഗണനയും അടിച്ചമര്‍ത്തലും ഒഴിവാക്കാന്‍ യു.എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

മൊറോക്കോയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരടുബില്‍ പ്രതിനിധികള്‍ക്കിടയില്‍ വിതരണം ആരംഭിച്ചു. അസാദ് ഭരണം വൈസ് പ്രസിഡന്റിന് കൈമാറി രണ്ടുമാസത്തിനകം തിരഞ്ഞെടുപ്പിനുള്ള സംവിധാനമൊരുക്കണമെന്ന് ബില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിറിയന്‍ പ്രശ്‌നം രക്ഷാസമിതിയുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കെ തന്നെ സിറിയന്‍ സേനയും പ്രക്ഷോഭകരും തമ്മിലുള്ള യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹുംസിലുണ്ടായ വെടിവെപ്പില്‍ 63 പേരാണ് കൊല്ലപ്പെട്ടത്.

രണ്ടുമാസത്തിനകം തിരഞ്ഞെടുപ്പിനുള്ള സംവിധാനം ഒരുക്കണമെന്ന ബില്‍ 15 അംഗ രക്ഷാസമിതി അടുത്ത ആഴ്ചയാണ് വോട്ടിനിടുന്നത്. അതേസമയം തിങ്കളാഴ്ച ആരംഭിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി നബീല്‍ അല്‍ അറബിയും ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ജാസിം അല്‍താനിയും ഇന്ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തേക്ക് തിരിക്കും.

അറബ് ലീഗിന്റെ സാനിധ്യം സിറിയയില്‍ പ്രക്ഷോഭത്തിന്റെ അളവില്‍ ചെറിയൊരു കുറവുവരുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് അറബ് ലീഗ് തലവന്‍ ജെന്‍ മുസ്തഫ അല്‍ ദാബി പറഞ്ഞു.

സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അസദ് ഭരണകൂടത്തിനാണെന്നും അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഏതാണ്ട് 5,400 ഓളം ആളുകളാണ് വിവിധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more