2016ല്‍ വിരമിച്ചവന്‍, ആദ്യ ലോകകപ്പ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയവന്‍; തോല്‍വിയിലും ചിരിച്ച് സൈബ്രന്‍ഡ്
icc world cup
2016ല്‍ വിരമിച്ചവന്‍, ആദ്യ ലോകകപ്പ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയവന്‍; തോല്‍വിയിലും ചിരിച്ച് സൈബ്രന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st October 2023, 11:16 pm

 

2023 ലോകകപ്പിലെ 19ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി ശ്രീലങ്ക തങ്ങളുടെ ആദ്യ വിജയം കുറിച്ചിരുന്നു. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ലങ്ക വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്ഡ്‌സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയമായി മാറുകയായിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ടീമിന്റെ നെടുംതൂണായ ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ഈ മത്സരത്തില്‍ പതറിയിരുന്നു. 16 പന്തില്‍ 16 റണ്‍സ് നേടിയാണ് എഡ്വാര്‍ഡ്‌സ് പുറത്തായത്.

നെതര്‍ലന്‍ഡ്‌സ് വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഡച്ച് ആരാധകര്‍ പോലും കരുതിയിരുന്നു. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് റണ്‍സടിച്ചുകൂട്ടിയത്.

തന്റെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ സൈബ്രന്‍ഡ് അര്‍ധ സെഞ്ച്വറി തികച്ചാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 82 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്.

നേരത്തെയും ഡച്ച് ആര്‍മിക്ക് വേണ്ടി ബാറ്റേന്തിയ സൈബ്രന്‍ഡ് 2016ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ശേഷം 2017ല്‍ താരം സ്വന്തം ബിസിനസ് ആരംഭിച്ചിരുന്നു. ഇതിനിടെ 2019ല്‍ എം.ബി.എയും പൂര്‍ത്തിയാക്കിയ താരം ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

ഡച്ച് ക്രിക്കറ്റിനായി തന്റെ നൂറ് ശതമാനവും നല്‍കണമെന്ന ആഗ്രഹത്താലാണ് താരം ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചുവന്നത്. ആ തിരിച്ചുവരവ് ലോകകപ്പില്‍ ടീമിനെ താങ്ങി നിര്‍ത്താന്‍ പോന്നതാകുമെന്ന് ആരും കരുതിക്കാണില്ല.

കരിയറില്‍ ഇതുവരെ മൂന്ന് അന്താരാഷ്ട്ര ഏകദിനം മാത്രമാണ് സൈബ്രന്‍ഡ് കളിച്ചത്. ഈ മൂന്ന് മത്സരത്തില്‍ നിന്നും 39.33 ശരാശരിയില്‍ 118 റണ്‍സാണ് താരം നേടിയത്. ലങ്കക്കെതിരെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കരിയറില്‍ 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 61 ലിസ്റ്റ് എ മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3,067 റണ്‍സ് നേടിയ എന്‍ഗല്‍ബ്രെക്ട് 1393 റണ്‍സാണ് ലിസ്റ്റ് എയില്‍ നേടിയത്.

അര്‍ധ സെഞ്ച്വറി നേട്ടത്തിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. ലോഗന്‍ വാന്‍ ബീക്കിനൊപ്പമാണ് സൈബ്രന്‍ഡ് ഈ വേള്‍ഡ് കപ്പ് റെക്കോഡ് സ്വന്തമാക്കിയത്.

ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ എം.എസ്. ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പേരിലുള്ള 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. 2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഇരുവരും ചേര്‍ന്ന് റെക്കോഡ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയത്.

ലോകകപ്പില്‍ വരും മത്സരത്തിലും ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ സൈബ്രന്‍ഡ് കരുത്താകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Sybrand Engelbrecht’s brillint batting against Sri Lanka