റിയ ചക്രവര്‍ത്തിയ്‌ക്കെതിരെയുള്ള മാധ്യമവിചാരണയെ ചോദ്യം ചെയ്തു; മിര്‍സാപൂര്‍ നായിക ശ്വേത ത്രിപാഠിക്ക് നേരേ ഭീഷണികളും ട്രോളുകളും
Bollywood
റിയ ചക്രവര്‍ത്തിയ്‌ക്കെതിരെയുള്ള മാധ്യമവിചാരണയെ ചോദ്യം ചെയ്തു; മിര്‍സാപൂര്‍ നായിക ശ്വേത ത്രിപാഠിക്ക് നേരേ ഭീഷണികളും ട്രോളുകളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th September 2020, 8:32 pm

മുംബൈ: മിര്‍സാപൂര്‍ 2 നായിക ശ്വേത ത്രിപാഠിയ്ക്ക് നേരേ ഭീഷണി സന്ദേശങ്ങളും സൈബര്‍ ആക്രമണങ്ങളും പെരുകുന്നു. സുശാന്ത് സിംഗ് കേസില്‍ റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ നടക്കുന്ന മാധ്യമവിചാരണയെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായതെന്ന് ശ്വേത പറഞ്ഞു.

നിരവധിപേര്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്നുവെന്നും ചില മാധ്യമങ്ങള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കോയ്‌മോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്. വിവാദ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയരുതെന്നും തന്റെ ചിത്രങ്ങള്‍ കാണില്ലെന്നും മറ്റുമാണ് ഭീഷണിയെന്ന് ശ്വേത പറഞ്ഞു.

എന്നാല്‍ തന്നെ നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്നും അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്നാണ് തന്റെ നിലപാടെന്ന് ശ്വേത വ്യക്തമാക്കി.

ചില ആളുകള്‍ നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെ എതിര്‍ക്കാനും ഭീഷണിപ്പെടുത്താനും എപ്പോഴും സന്നദ്ധരായി നില്‍പ്പുണ്ട്. അതില്‍ മാറ്റങ്ങളുണ്ടാകില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് തോന്നുവോ അത് ചെയ്യുക. ഇഷ്ടമുള്ള പക്ഷം ചേരുക-ശ്വേത പറഞ്ഞു.

മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും താന്‍ ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും ശ്വേത പറഞ്ഞു.

എനിക്ക് നേരേ ട്രോളുകളും ഭീഷണി സന്ദേശങ്ങളും ധാരാളമായി വന്നിട്ടുണ്ടെന്നും അത്തരം വിമര്‍ശനങ്ങളുണ്ടാക്കുന്ന വിഷമം തനിക്ക് നന്നായി മനസ്സിലാകുമെന്നും ശ്വേത വ്യക്തമാക്കി.

സെലിബ്രിറ്റിസ് മാത്രമല്ല തെറ്റ് ചെയ്യുന്നത്. ഞങ്ങളും മനുഷ്യരാണ്. എല്ലാവര്‍ക്കും തെറ്റ് സംഭവിക്കുന്നപോലെ ഞങ്ങള്‍ക്കും സംഭവിക്കും. മറ്റുള്ളവരോട് ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്തുകൊണ്ട് സെലിബ്രിറ്റികളോട് മാത്രം വേര്‍തിരിവ് കാണിക്കുന്നു. ഒരു ചെറിയ തെറ്റിന് ഒരാളെ ജീവിതകാലം മുഴുവന്‍ ശിക്ഷിക്കുന്നത് ശരിയാണോ? ശ്വേത പറഞ്ഞു.

സുശാന്ത് കേസില്‍ റിയ ചക്രവര്‍ത്തിയ്ക്ക് നേരേ നടക്കുന്ന മാധ്യമ വിചാരണകള്‍ക്കെതിരെ ശ്വേത രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിരവധി പേരാണ് സൈബര്‍യിടങ്ങളില്‍ ശ്വേതയ്‌ക്കെതിരെ ട്രോളുകളും ഭീഷണി സന്ദേശങ്ങളുമായെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: