സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ടാണ് സിനിമയില്‍ ലീഡ് റോള്‍ തരാത്തതെന്ന് പറഞ്ഞിട്ടുണ്ട്, എഗ്രിമെന്റ് സൈന്‍ ചെയ്തത് കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത്: സ്വാസിക
Entertainment news
സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ടാണ് സിനിമയില്‍ ലീഡ് റോള്‍ തരാത്തതെന്ന് പറഞ്ഞിട്ടുണ്ട്, എഗ്രിമെന്റ് സൈന്‍ ചെയ്തത് കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത്: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th November 2022, 8:58 pm

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ചിത്രം ചതുരത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് സ്വാസിക. വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്.

സിനിമയില്‍ ഇതുവരെ ലീഡ് റോള്‍ കിട്ടാതിരുന്നതിനെക്കുറിച്ച് പറയുകയാണ് സ്വാസിക. സീരിയല്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമയില്‍ തനിക്ക് ലീഡ് റോള്‍ തരാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

”എന്റെ ഒരു സന്തോഷത്തിന്റെ പുറത്താണ് ഞാന്‍ എല്ലാം ചെയ്യുന്നത്. സീരിയല്‍, സിനിമ, മ്യൂസിക് ആല്‍ബം, ഡാന്‍സ് തുടങ്ങി എല്ലാം ഞാന്‍ ചെയ്യാറുണ്ട്. അങ്ങനെ ഒരു ഓഫര്‍ വരുമ്പോള്‍ അത് നിരസിക്കാറില്ല. സിനിമ ചെയ്യുമ്പോള്‍ വേറെ സീരിയല്‍ ചെയ്യരുതെന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. പക്ഷേ എനിക്ക് അറിയില്ല എടുക്കുന്ന ഡിസിഷന്‍ ശരിയാണോയെന്ന്.

ഇങ്ങനെ എല്ലാത്തിലും സജീവമാകുന്നത് എന്റെ സിനിമാ ജീവിതത്തെ ബാധിക്കുന്നുണ്ടാകാം. കാരണം എല്ലാവരും അതാണ് പറയുന്നത്. സീരിയല്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമയില്‍ മെയിന്‍ ലീഡ് തരാത്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

ഓവറായിട്ട് ഞാന്‍ എല്ലാ സ്ഥലത്തും സജീവമാകുന്നതുകൊണ്ടാണെന്നാണ് ആളുകള്‍ പറയുന്നത്. അവര്‍ അത് പറയുന്നുണ്ടെങ്കിലും കുറേ നാള്‍ ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ എന്നെ അത് ഡൗണ്‍ ആക്കും.

ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്നവരുണ്ട്. അത് അവരുടെ ശരിയാകാം. എനിക്ക് വരാനുള്ളതാണെങ്കില്‍ എന്നെ തേടി വരുമെന്നാണ് എന്റെ വിശ്വാസം. അത് വരുന്നവരെ ഞാന്‍ വേറെ ഒരു വര്‍ക്ക് ചെയ്യുന്നു. അതും അഭിനയമാണല്ലോ, വേറെ മോശപ്പെട്ട പണി അല്ലല്ലോ അതും കലയാണ്.

ചതുരം എന്ന സിനിമ എനിക്ക് വരാനുള്ളതാണ്. കാരണം ഞാന്‍ ഇതുവരെ ഇത്തരത്തില്‍ അഭിനയിച്ചിട്ടില്ല. വിശ്വസിച്ച് കഥാപാത്രത്തെ എന്നില്‍ ഏല്‍പ്പിക്കാന്‍ ഒരു ഡയറക്ടറും തയ്യാറാവില്ല. ഞാന്‍ ആ സമയത്തും സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്.

പക്ഷേ സിദ്ധു ഏട്ടന് അറിയില്ലായിരുന്നു ഞാന്‍ സീരിയല്‍ ചെയ്യുന്നുണ്ടെന്ന്. ചിലപ്പോള്‍ അതുകൊണ്ടാകും അദ്ദേഹം എന്നെ വിളിച്ചത്. അവസാനം എല്ലാം ഫിക്‌സ് ചെയ്ത് എഗ്രിമെന്റെ് സെറ്റ് ചെയ്തിട്ടാണ് അദ്ദേഹം അറിയുന്നത്. അപ്പോഴാണ് മാറ്റാനും പറ്റില്ലെന്ന് മനസിലാക്കി എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്,” സ്വാസിക പറഞ്ഞു.

content highlight: swasika about chathuram movie