'റിയ ക്രിമിനലാണെന്നു കരുതുന്നില്ല'; അവള്‍ക്കും കുടുംബത്തിനും തിരികെ വരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; സ്വര ഭാസ്‌കര്‍
Film News
'റിയ ക്രിമിനലാണെന്നു കരുതുന്നില്ല'; അവള്‍ക്കും കുടുംബത്തിനും തിരികെ വരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th September 2020, 10:08 pm

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

റിയ ക്രിമിനല്‍ ആണെന്ന് കരുതുന്നില്ലെന്നും അവര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു സ്വര ഭാസ്‌കറിന്റെ പ്രതികരണം. നീതി പുലരുമെന്ന് തന്നെയാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘റിയ പൂര്‍ണമായും നിയമപരമായാണ് പ്രവര്‍ത്തി്ക്കുന്നത്. അവള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. അതിന് അവളെ അംഗീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ഈ കേസില്‍ നിന്ന് റിയയ്ക്കും കുടുംബത്തിനും പുറത്ത് വരാന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. നീതി പുലരേണ്ടതുണ്ട്. വാര്‍ത്തകള്‍ വായിക്കുന്ന ആളുകള്‍ എന്ന നിലയില്‍ നമ്മളും നിര്‍മ്മിക്കുന്ന ആളുകള്‍ എന്ന നിലയില്‍ മാധ്യമങ്ങളും തങ്ങളുടെ രീതികള്‍ പുനര്‍വായന നടത്തേണ്ടതുണ്ട്’, സ്വര ഭാസ്‌കര്‍ പറഞ്ഞു.

നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് എന്‍.സി.ബി.ഐ പ്രതികരിച്ചു.

ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് ഷ്വയ്കിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമൂവല്‍ മീരാന്‍ഡയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

റിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. റിയയെയും സഹോദരന്‍ ഷ്വവിക്, സുശാന്ത് സിങ്ങിന്റെ മാനേജര്‍ സാമുവേല്‍ മിറിന്‍ഡ, സ്റ്റാഫ് ദീപേഷ് സാവന്ത് എന്നിവരെയാണ് നാളെ കോടതിയില്‍ ഹാജരാക്കുക. പ്രതികളെ റിമാന്‍ഡില്‍ വിട്ടുകിട്ടാന്‍ എന്‍.സി.ബി കോടതിയോട് ആവശ്യപ്പെടും.

സുശാന്ത് സിങ് മരണുമായി ബന്ധപ്പെട്ട് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റിയ ചക്രബര്‍ത്തിയുടെ വസതിയിലെത്തിലെത്തി പരിശോധന നടത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ ലഹരി മരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് റിയ ചക്രബര്‍ത്തി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റിയയ്ക്കെതിരെ മാധ്യമങ്ങളും ഒരു സംഘവും പ്രവര്‍ത്തിക്കുകയാണെന്നും ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും അതൊരു കുറ്റമാണങ്കില്‍ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാന്‍ റിയ തയ്യാറാണെന്നുമായിരുന്നു റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സി.ബി.ഐ, എന്‍ഫോഴ്സമെന്റ്, നാര്‍കോട്ടിക്സ് ഉള്‍പ്പടെ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് സുശാന്ത് സിങിന്റെ മരണം അന്വേഷിക്കുന്നത്. റിയയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവര്‍ന്നെടുക്കുകയും ചെയ്തുവെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം റിയയും കുടുംബവും നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight; Swarabhaskar on Riya Chakraborthy arrest