ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
മരിച്ചുപോയവരെക്കുറിച്ചോ മരിയ്ക്കാനിരിയ്ക്കുന്നവരെ കുറിച്ചോ ഒരാള്‍ ദു:ഖിക്കുന്നതുകൊണ്ട് മരണത്തിന്റെയോ ജീവിതത്തിന്റേയോ പ്രശ്‌നങ്ങള്‍ പരിഹൃതമാവില്ല. പരിഹൃതമാകുമായിരുന്നെങ്കില്‍ ഒന്നു കരഞ്ഞാല്‍ എല്ലാ പ്രശ്‌നവും തീരുമായിരുന്നു. അങ്ങിനെ തീരുന്നതു കാണുന്നില്ല. അതിനാല്‍ വിദ്വാന്മാര്‍ ഒരിക്കലും കണ്ണിരുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു കരുതാറില്ലാ; അവര്‍ ജീവിച്ചിരിക്കുന്നവരെ കുറിച്ചോ ജീവന്‍പോയവരെകുറിച്ചോ ദു;ഖിക്കാറുമില്ല. സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ട്രം ഇല്ലാതായതില്‍ ലോകമെമ്പാടുമുള്ള ഒരുപാടു മനുഷ്യര്‍ ദു:ഖിച്ചിട്ടുണ്ട്. പക്ഷേ അവരുടെ ദു:ഖം കൊണ്ട് സോവിയറ്റ് യൂണിയന്‍ പഴയപടി ഉണ്ടായില്ല.
വികാരംകൊണ്ട് വിവേകം കൈമോശം വരാതിരിക്കുവാന്‍ വിവേകത്തെ പുഷ്ടിപ്പെടുത്തുന്ന വാദഗതികള്‍ വ്യക്തി മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഗീത ചെയ്യുന്നത്. മരിച്ചവരെ ഉയിര്‍പ്പിക്കുവാനോ മരിക്കാത്തവരെ മരണത്തില്‍നിന്നു എന്നന്നേയ്ക്കുമായി രക്ഷിക്കുവാനോ സാധിക്കാത്ത ഒരു വൈകാരികവേലിയേറ്റം മാത്രമാണ് ദു:ഖം എന്നറിയുന്ന പണ്ഡിതന്മാര്‍ മരിച്ചവരെക്കുറിച്ചോ മരിക്കാനിരിക്കുന്നവരെ കുറിച്ചോ ദു:ഖിക്കാറില്ല എന്നു ഗീതാചാര്യന്‍ പ്രഖ്യാപിക്കുന്നു.
അര്‍ജ്ജുനന്‍ യുദ്ധം എന്ന ഒഴിവാക്കാന്‍ യാതൊരു നിര്‍വ്വാഹവും ഇല്ലാത്ത ദു:ഖത്തെ നേരിടേണ്ടി വന്നപ്പോള്‍ സമചിത്തത ഇല്ലാത്തവനാവുകയാണു ചെയ്തത്. അയാളെ സമചിത്തതയിലേക്ക് എത്തിയ്ക്കുന്നതിനാണ് ഗീതോപദേശം ആരംഭിച്ചതും. ഭഗവദ്ഗീത യാതൊരു വ്യാമോഹവും പ്രഖ്യാപിക്കുന്നില്ല ദു:ഖങ്ങളെല്ലാം ഒഴിവാക്കിയ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നു എന്ന് അത് ഒരിടത്തും പറയുന്നില്ല. കാരണം, ദു:ഖം എന്നതു മനുഷ്യന്‍ മാത്രം വിചാരിച്ചാല്‍ ഒഴിവാക്കാവുന്ന ഒന്നാണു എന്ന ഗീത കരുതുന്നില്ല. സുഖവും മനുഷ്യന്‍ മാത്രം വിചാരിച്ചാല്‍ ഉണ്ടാകാവുന്നതാണെന്നു ഗീത കരുതുന്നില്ല.
പക്ഷേ, മനുഷ്യന്‍ വിചാരിച്ചാല്‍ അവന്റെ വിവേകം കൊണ്ട് ഉണ്ടാക്കാവുന്ന ഒന്നുണ്ട് അതാണു സമചിത്തത. സമചിത്തത കൈവന്നവനു ദു:ഖങ്ങളേയും സുഖങ്ങളേയും സ്വയം അട്ടിമറിയാതെ അഭിമുഖീക്കാനാകും. ഈ വിവേകത്തിന്റെ ധീരതയിലേക്ക് ഉയര്‍ന്നവനാണു ഗീതയിലെ യോഗിയും ജ്ഞാനിയും പണ്ഡിതനും, അവര്‍ മരിച്ചവരെപ്പറ്റിയോ മരിക്കാനിരിക്കുന്നവരെപ്പറ്റിയോ ദു:ഖിക്കാനായിക്കൊണ്ട് ജീവിതം ഉപയോഗിക്കാറില്ല.
ശക്തിബോധി പരിചയക്കുറിപ്പ്:
1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.
2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.
E-mail: shakthibodhiviswa@gmail.com
Mob: +91– 8714465149, 9495320311