Administrator
Administrator
ഭഗവദ്ഗീതയ്ക്ക് ദരിദ്രന്മാരോട് എന്താണ് പറയുവാനുള്ളത്?
Administrator
Monday 27th June 2011 1:12am

saint-in-corridor

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

അറിവുള്ളവന് അഴലില്ല എന്നതാണു സംഖ്യയോഗം എന്ന ഭഗവദ്ഗീതയിലെ രണ്ടാമത്തെ അദ്ധ്യായം മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രമേയം. ‘നാനുശോചന്തി പണ്ഡിത:-വിദ്വാന്‍ ദുഃഖിയ്ക്കുന്നില്ല’ എന്ന് അക്കാര്യം ഉറപ്പിച്ചുതന്നെ പറയുന്നുമുണ്ട് (ഗീത-2-11) ഈ ശ്ലോകം മുതല്‍ക്കേ ശങ്കരാചാര്യര്‍ ഗീതയ്ക്ക് ഭാഷ്യം എഴുതുന്നുള്ളു. എന്നാല്‍, ഗീത പറയുന്ന ദുഃഖം ഏതു തരത്തില്‍പ്പെട്ടതാണ് എന്ന് വേണ്ടത്ര ആരും ചിന്തിക്കാറില്ല. ദാരിദ്ര്യദുഃഖത്തെക്കുറിച്ച് ഗീത ഏതാണ്ട് മുഴുവനായും മൂകമാണ്. വിശപ്പ് എന്ന അവസ്ഥ യാഥാര്‍ത്ഥ്യമായിരിക്കുകയും അതു പരിഹരിക്കാതെ നിലനില്‍പ്പുതന്നെ അസാദ്ധ്യമായിരിക്കുകയും ചെയ്യുമ്പോഴും വിശപ്പ് മാറ്റാനുള്ള ആഹാരം ലഭ്യമാകാതിരിക്കുന്ന അവസ്ഥയാണ് ദാരിദ്ര്യം. ദാരിദ്ര്യദുഃഖത്തെ ധാന്യം കൊണ്ടല്ലാതെ ധ്യാനംകൊണ്ട് പരിഹരിക്കാനാവില്ല.

ഭഗവദ്ഗീത പുറപ്പെട്ട കാലത്ത് ഭാരതത്തില്‍ ദാരിദ്ര്യം ഉണ്ടായിരുന്നില്ലെന്നും കരുതി കൂടാ. ഇന്നെന്നപോലെ ഏറെക്കുറെ അന്നും അന്ന വിചാരത്തെ മുന്ന വിചാരമാക്കി അരചാണ്‍ വയറിനുവേണ്ടതൊരുക്കാന്‍ പാടുപെടുന്നവരായിരുന്നു ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനതയും എന്നുറപ്പിക്കാം. അത്തരം ബഹുഭൂരിപക്ഷം ജനതയെയല്ല ഭഗവദ്ഗീത അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദാരിദ്ര്യദുഃഖത്തിന്റെ പരിഹാരമാണ് അറിവ് എന്നോ അറിവുള്ളവനു ദാരിദ്ര്യദുഃഖം ഉണ്ടാവില്ലെന്നോ ആണു ഗീത വിവക്ഷിക്കുന്നതെന്നു കരുതിക്കൂട.

povertyഅതുപോലെ മനുഷ്യന്‍ എത്ര പരിശ്രമിച്ചാലും പ്രതിരോധിക്കുവാനോ തീര്‍ത്തും പരിഹരിക്കുവാനോ സാദ്ധ്യമല്ലാത്ത ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളാലുണ്ടാകുന്ന ദുഃഖത്തെ അറിവുകൊണ്ട് പരിഹരിക്കാം എന്നാണു ഗീത പറയുന്നതെന്നും തീര്‍ച്ച പറഞ്ഞുകൂടാ. കാരണം, ദ്വാരകാപുരി മുഴുവന്‍ കടലെടുത്തു വെള്ളത്തില്‍ മുങ്ങിച്ചാകുന്നതു നിസ്സാഹയനായി നോക്കിനില്‍ക്കാന്‍ മാത്രം കഴിഞ്ഞൊരു മനുഷ്യനായി കൂടിയാണ് ഗീതാഗുരുവായ ശ്രീകൃഷ്ണനെ ഭാഗവതപുരാണത്തിന്റെ അവസാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ഗീത’പണ്ഡിതന്‍ ദുഃഖിക്കുന്നില്ല’ എന്നു പറയുന്നതിന്റെ താല്‍പര്യത്തില്‍ പ്രകൃതിക്ഷോഭങ്ങളെ കൊണ്ടുണ്ടാകുന്ന ദുഃഖങ്ങളുടെ പരിഹാരമാണുള്ളതെന്നു കരുതുന്നതു മൗഢ്യമാകും. അപ്പോള്‍ പിന്നെ ‘ഗീത അറിവുള്ളവന് അഴലില്ല’ എന്നു പ്രഖ്യാപിക്കുന്നത് ഏതു നിലയിലാണെന്നു സവിശേഷം ചിന്തിക്കേണ്ടതുണ്ട്. അതിനാണിവിടെ ശ്രമിക്കുന്നത്.

അര്‍ജ്ജുനന്‍ ആഹാരത്തിനു വകയില്ലല്ലോ എന്നോര്‍ത്തല്ല ദുഃഖിക്കുന്നത്. ആഹാരം അര്‍ജ്ജുനനെ സംബന്ധിച്ച് ഒരു പ്രശ്‌നവുമല്ല; അര്‍ജ്ജുനന്റെ പ്രശ്‌നം മനസ്സാണ്. മനുഷ്യന്‍ അവന്റെ മനസ്സിനെ അഭിമുഖീകരിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പ്രമേയങ്ങളുമാണ് പൊതുവേ ‘ആദ്ധ്യാത്മികം’ എന്നു വിളിക്കപ്പെടുന്ന വിഷയത്തിന്റെ ഉള്ളടക്കം. അതിനാല്‍ ഗീത അഭിസംബോധന ചെയ്യുന്ന ദുഃഖം ഭൗതിക(വിശപ്പ്)മോ ആധിഭൗതിക(പ്രകൃതിക്ഷോഭ)മോ ആയ ദുഃഖങ്ങളെയല്ല മറിച്ച് ആദ്ധ്യാത്മികദുഃഖങ്ങളെയാണ്. ആദ്ധ്യാത്മികം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത് പ്രകൃത്യാതീതം (beyond nature) എന്ന അര്‍ത്ഥത്തിലല്ല; പ്രകൃതിയുടെ തന്നെ അവ്യക്തമെന്നു പറയാവുന്ന സൂക്ഷ്മതലങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ്.

ശരീരംപോലെ അളന്നുതൂക്കി അറിയാവുന്നതല്ല മനസ്സ് എന്നിരിക്കിലും മനസ്സെന്നത് ഇല്ലെന്നോ ശരീരത്തോടുകൂടിയുള്ള ജീവിതത്തിന്റെ ഭാഗമല്ല മനസ്സെന്നോ ആര്‍ക്കും വാദിക്കാനാവില്ല. മനുഷ്യജീവിതത്തില്‍ ‘മനസ്സെന്ന’ അവ്യക്ത(unmanifest)ത്തിനുള്ള യാഥാര്‍ത്ഥ്യതപോലെതന്നെ പ്രകൃതിയുടെ ശരീരത്തിനും അവ്യക്ത തലങ്ങളുണ്ട്. അതിനെയെല്ലാം പരിഗണിക്കുന്ന ഏതൊരു വൈചാരികമണ്ഡലത്തിനും പ്രകൃതിയേയും അതിലുള്‍പ്പെട്ട മനുഷ്യജീവിതത്തെയും വ്യക്താവ്യക്ത സ്വരൂപിണി എന്നേ വിളിക്കാനാവൂ.

ഭാരതീയചിന്ത ജീവിതത്തെ അങ്ങനെയാണ് കാണുന്നത്. കാണുന്നതും കണ്ടെത്തിയതും ഇനിയും കണ്ടെത്തേണ്ടതുമായ നിലനില്‍പ്പിന്റെ നിസ്സീമമായ നിരന്തരപ്രവാഹമാണ് ജീവിതം എന്ന തിരിച്ചറിവ് കാത്തുസൂക്ഷിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഭാരതീയചിന്തയും അതിന്റെ സമാഹൃതഗീതമായ ഭഗവദ്ഗീതയും ആദ്ധ്യാത്മികമായിരിക്കുന്നത്. അല്ലാതെ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു വ്യക്തിഗതനായ ഈശ്വരന്റെ ഇച്ഛയ്ക്ക് സര്‍വ്വപ്രകാരേണ ശിരസ്സു കുനിയ്ക്കുന്നു എന്ന കേവല വിശ്വാസത്തിന്റെ അര്‍ത്ഥതലത്തിലല്ല. എന്തായാലും മനുഷ്യമനസ്സിന്റെ ആവലാതികളാണ് ഗീത അഭിസംബോധന ചെയ്യുന്ന ദുഃഖം എന്നു മനസ്സിലാക്കിയിട്ടുവേണം ‘നാനുശോചന്തിപണ്ഡിത’ എന്ന ശ്ലോകത്തെ തിരിച്ചറിയുവാന്‍.

ഒരു കാര്യം തീര്‍ച്ചയാണ്. മണ്ണിലെ ജീവിതം ഉണ്ടാവാതെ മനസ്സിന്റെ ജീവിതം ഉണ്ടാവുക സാദ്ധ്യമല്ല. അതിനാല്‍ മനസ്സിന്റെ ആവലാതികള്‍പോലും രൂപമെടുക്കുന്നത് മണ്ണിലെ ജീവിതത്തിന്റെ ഫലമായിത്തന്നെയാണ്. അര്‍ജ്ജുനന് മണ്ണിലൊരു ജീവിതം ഉണ്ടായിരുന്നു. പക്ഷേ, അയാള്‍ ജീവിച്ചത് അന്നം തരപ്പെടുത്തുവാനുള്ള വേവലാതിയോടെയായിരുന്നില്ല. ആ നിലയിലൊരു പട്ടിണിപ്പാവമായിരുന്നില്ല അര്‍ജ്ജുനന്‍. അന്നത്തെ നിലയില്‍ വിദ്യാസമ്പന്നനും മഹാരഥനുമായിരുന്ന അര്‍ജ്ജുനന്‍. മഹാരഥത്വം എന്നതു ധനുര്‍വ്വേദത്തില്‍ ലഭിക്കാവുന്ന ഉന്നതബിരുദ്ധമാണ്. ഇതുകൂടാതെ ഗാന്ധര്‍വ്വവേദത്തിലെ ‘നൃത്തകല’യിലും അദ്ദേഹം നിപുണനായിരുന്നു.

ഇതുകൊണ്ടുതന്നെ ജീവിക്കാന്‍ വേണ്ടുന്ന പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുവാന്‍ അര്‍ജ്ജുനന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിച്ചു എന്നു പറയുന്നതുപോലെ ‘പാശുപതാസ്ത്രം’ പോലുള്ള ഉന്നത ശാസ്ത്രവിദ്യകള്‍ സ്വായത്തമാക്കുവാന്‍ അയാള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ‘ഉണ്ണാനുള്ള അന്നം കണ്ടെത്തുന്നതിനുള്ള’ കഷ്ടപ്പാടായിരുന്നില്ല അതൊന്നും. ചുരുക്കത്തില്‍ അര്‍ജ്ജുനന്‍ ഏതു നിലയിലും ഒരു നല്ല ഇടത്തരക്കാരനായിരുന്നു. മാര്‍ക്‌സിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഉണ്ണാനും ഉറങ്ങാനും ഉടുക്കാനും വേണ്ടുന്നിടത്തോളം വകയുള്ള ഒന്നാന്തരം പെറ്റിബൂര്‍ഷ്വാ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു പെറ്റിബൂര്‍ഷ്വാസിയുടെ മാനസീകസംഘര്‍ഷങ്ങളാണ് അര്‍ജ്ജുനന് ഉണ്ടായിരുന്നത്.

അദ്ദേഹത്തിന്റേത് അടുക്കള സംഘര്‍ഷമല്ല; അന്തഃരംഗസംഘര്‍ഷമാണ്. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അഥവാ മുഴുപ്പട്ടിണിയില്‍ മനുഷ്യനു ശരീരം പ്രധാനമായിത്തീരും. ഭക്ഷണമൊഴിച്ച് മറ്റൊന്നിനെക്കുറിച്ചും അയാള്‍ക്ക് വിചാരപ്പെടാന്‍ കഴിവില്ലാതാകും. എന്നാല്‍, ഭക്ഷണം എപ്പോഴും ലഭ്യമാകുന്ന ഒരാള്‍ക്ക് മനസ്സ് പ്രധാനമായിത്തീരും. അതിന്റെ കുഴമറിച്ചലുകള്‍ അപരിഹാര്യമായ സംഘര്‍ഷങ്ങളായി അനുഭവപ്പടും. അതും ദുഃഖംതന്നെ. അത്തരം ദുഃഖമാണു അര്‍ജ്ജുനനെ ബാധിച്ചത്. അതിനെയാണു ഭഗവദ്ഗീത അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ അര്‍ജ്ജുനന്റെ പ്രാര്‍ത്ഥന ‘അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കണം’ എന്നല്ല മറിച്ച് ‘മനസ്സമാധാനം ലഭ്യമാകണം’ എന്നതാണ്. ആ പ്രാര്‍ത്ഥനയ്ക്കാണ് ഭഗവാന്‍ ഗീതയിലൂടെ മറുപടി പറയുന്നത്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311

Advertisement