ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
ഗീത നശ്വരം അനശ്വരം എന്ന വേര്‍തിരിവിനെ അംഗീകരിക്കുന്നു എന്നാണ് ശ്രീശങ്കരന്‍ മുതല്‍ക്കുള്ള ഭാഷ്യകാരന്മാരുടെ വാദം. നശിക്കുന്ന ശരീരവും നശിക്കാത്ത ആത്മാവും ഉണ്ടെന്നു ഗീത പറയുന്നവത്രേ. പക്ഷേ ഈ വാദം അപ്പാടെ പിന്‍പ്പറ്റിയാല്‍ “യോഗ സമത്വമുച്യതേ”-യോഗം സമത്വം-എന്ന ഗീതാമതത്തിനു കോട്ടം സംഭവിക്കും. എല്ലാം സമമായി കാണുന്നവനാണു യോഗി എങ്കില്‍ പിന്നെങ്ങിനെ അയാള്‍ക്ക് ദേഹത്തേയും ദേഹിയേയും വേറെവേറെ കാണാനാകും..?
ഇതോടൊപ്പം തന്നെ മറ്റൊരു പ്രശ്‌നവും ഉയര്‍ന്നുവരും- ഒരുപക്ഷേ അത്യന്തം സ്‌ഫോടനാത്മകമായ ഒരു പ്രശ്‌നം-നശിക്കാത്ത ആത്മാവ് നശിക്കുന്നില്ല എന്നതുകൊണ്ടുതന്നെ അതിനെ നന്നാക്കേണ്ട യാതൊരു കാര്യവും ഇല്ല- നശിക്കുന്ന ശരീരത്തെ എത്രയൊക്കെ നന്നാക്കാന്‍ ശ്രമിച്ചാലും അതു നശിക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ ഗീതോപദേശത്തിന്റെ തന്നെ പ്രസക്തി എന്താണ്? അത് ആത്മാവിനെ നന്നാക്കാനാണോ അതോ ശരീരത്തെ നന്നാക്കാനാണോ ഉപദേശിക്കപ്പെട്ടത്? ആത്മാവിനെ നന്നാക്കാന്‍ ഉപദേശിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ നന്നാക്കേണ്ടുന്ന വിധത്തിലൊരു കുറവ് ആത്മാവിനുണ്ടെന്നുവരും-അതോടുകൂടി ആത്മാവിനും വൃദ്ധിക്ഷയങ്ങള്‍, ഉയര്‍ച്ചതാഴ്ചകള്‍, നന്മതിന്മകള്‍, സുഖദു:ഖങ്ങള്‍, ഒക്കെ ഉണ്ടെന്നു വരും. അപ്പോള്‍ ശരീരം പോലൊരു അസ്തിത്വമാണ് ആത്മാവെന്നു പറയേണ്ടിവരും.
മനുഷ്യന് മരണം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടെന്നുവന്നാല്‍ ഇല്ലാതാവുന്നതാണ് ഏതു മതവും. മരണമില്ലാത്ത മനുഷ്യന്‍ മതരഹിതനായിരിക്കും. കാരണം മരണം എന്ന സുനിശ്ചിതയാഥാര്‍ത്ഥ്യമാണ് മതങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുന്നത്. മനുഷ്യന്‍ വസ്ത്രങ്ങള്‍മാറുന്നപോലെ ആത്മാവ് ദേഹങ്ങള്‍ മാറുന്നു എന്ന സിദ്ധാന്തം മരണത്തെ ശരീരത്തിലേക്ക് കൊണ്ടുവരുന്നു-അഥവാ മരണം ശരീരത്തിനു മാത്രമാണെന്ന ധാരണ സൃഷ്ടിക്കുന്നു. മരണമില്ലാത്ത അനശ്വരാത്മാവാണ് ഞാന്‍ എന്ന ചിന്ത ഇന്ത്യക്കാരാന്റെ സ്വത്വത്തില്‍ പല പ്രകാരേണയും കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഇന്ത്യയില്‍ മൂസ്സയ്ക്കും ക്രിസ്തുവിനും നബിയ്ക്കും തത്തുല്ല്യരായ അനേകം ഋഷിമാര്‍ ഉണ്ടായിട്ടും ജൂത, ക്രൈസ്തവ, ഐസ്ലാമിക മതങ്ങളെപ്പോലെ ചിട്ടവട്ടങ്ങളാല്‍ കാര്‍ക്കശ്യപ്പെടുത്തിയ മതങ്ങള്‍ നിലവില്‍ വരാഞ്ഞത്? ശരീരത്തിന്റെ നാശം ഒഴിവാക്കാന്‍ ഏതു മതനിഷ്ഠകൊണ്ടും സാദ്ധ്യമാവില്ല. അതിനാല്‍ മതകാര്‍ക്കശ്യം ഇന്ത്യയ്ക്ക് അന്യമായി. അതോടൊപ്പം ആത്മാവിനെ നശിപ്പിക്കുവാന്‍ ആത്മാവല്ലാത്ത യാതൊന്നും ഇല്ലാത്തതിനാല്‍ ഒന്നിനും കഴിയില്ലെന്ന സൈദ്ധാന്തിക ധാരണ ചിട്ടവട്ടങ്ങള്‍ക്കപ്പുറമുള്ള ആത്മധാരണ എന്ന അര്‍ത്ഥത്തില്‍ ഒരു “ആത്മീയഭാവമണ്ഡലം” ഇന്ത്യയ്ക്കു സഹജമാകുന്നതിനും കാരണമായി.
ഒരു മനുഷ്യന് അയാളുടെ സകല അവയവങ്ങളും ഒരുപോലെ പ്രധാനമായി തോന്നുന്നതുപോലെ വിശ്വപ്രകൃതിയോടു ചേര്‍ന്നുനിന്നു കാര്യങ്ങളെ കാണുന്ന വ്യക്തിപ്രതിഭയ്ക്കു കല്ലും മണ്ണും സ്വര്‍ണ്ണവും, പട്ടിയും പട്ടിയെ തിന്നുന്ന ചണ്ഡാലനും വേദമോതുന്ന ബ്രാഹ്മണനും, ശൂദ്രനും സ്ത്രീയും എല്ലാം വിശ്വപ്രകൃതിക്ക് ഒരുപോലെയാണെന്നുള്ള അഭേദദര്‍ശനം സാദ്ധ്യമാകും. വീക്ഷണം സങ്കുചിതമാകുമ്പോഴാണ് നന്മ/തിന്മ, എന്റെ/നിന്റെ, സ്ത്രീ/പുരുഷന്‍, ഈശ്വരന്‍/നിരീശ്വരന്‍, ബ്രാഹ്മണന്‍/ശുദ്രന്‍, സ്ത്രീ/പുരുഷന്‍, പണ്ഡിതന്‍/പാമരന്‍, ഭൗതികം/ആത്മീയം തുടങ്ങിയ വിഭാഗീതയകള്‍
വിശ്വപ്രകൃതി എന്ന അനന്തതയുടെ സമതവാദമാണ് ഗീത ഉദ്‌ഘോഷിക്കുന്നത്. ഇതു തിരിച്ചറിയുന്നവര്‍ക്ക് സങ്കോചം മരണവും വികാസം അമൃതവുമാണെന്നേ പറയാനാകൂ. നിങ്ങള്‍ നിങ്ങളില്‍ മാത്രം കേന്ദ്രീകൃതനായിരിക്കുമ്പോഴാണ് (self centric) നിങ്ങള്‍ ഇല്ലാതാകുന്നത് മരണമാണെന്നു കരുതുന്നത്. അഹങ്കാര(destruction of ego)ത്തിന്റെ ഒഴിവാകല്‍ അസ്തിത്വത്തിന്റെ ഇല്ലായ്മയല്ല. അഹങ്കാരം നശിച്ചാല്‍ ജീവിതം ഉണ്ടെന്ന അവസ്ഥ (existence) ഇല്ലാതാവുന്നില്ല. മറിച്ച് ധരിക്കുന്നത്, നമ്മള്‍ക്ക് നടന്ന് എത്താവുന്നിടത്തുവെച്ച് ഭൂമി അവസാനിച്ചുവെന്നും നമ്മള്‍ കണ്ണടച്ചാല്‍ സൂര്യന്‍ കെട്ടുപോയി എന്നും കരുതുന്ന വിഡ്ഢിത്തമാണ്. അനന്തതയില്‍ ഒന്നിനും നാശമില്ല; പരിണാമമേയുള്ളു. മാറ്റം മരണമാണെന്ന് തോന്നുന്നത് നോട്ടം ഹ്രസ്വമാകുന്നതിനാലാണ്. നോട്ടം വ്യാസവിശാലമാകുമ്പോള്‍ മാറ്റമല്ലാതെ അനന്തതയില്‍ നാശമില്ലെന്ന് ബോധ്യമാവും. ഈ ബോധ്യത്തിലേക്കാണ് ഗീത മനുഷ്യബോധത്തെ ആനയിക്കുന്നത്.
ശക്തിബോധി പരിചയക്കുറിപ്പ്:
1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.
2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.
E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311
ഗീതാ ദര്‍ശനങ്ങള്‍