Administrator
Administrator
സ്ഥിതപ്രജ്ഞന്റെ അസ്തിത്വവും സ്വാര്‍ത്ഥപ്രജ്ഞരുടെ വ്യക്തിത്വവും
Administrator
Sunday 4th September 2011 10:48pm

spirit

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

viswabhadrananda shakthibodhiഭഗവദ്ഗീതയിലെ 2-ാം അദ്ധ്യായമായ സാംഖ്യയോഗം മഹാത്മാഗാന്ധിയ്ക്ക് അങ്ങേയറ്റം പ്രിയപ്പെട്ടതായിരുന്നു. ‘സ്ഥിതപ്രജ്ഞസ്യകാ ഭാഷാ സമാധിസ്ഥസ്യ കേശവ’ എന്നു തുടങ്ങുന്ന സാംഖ്യയോഗത്തിലെ സ്ഥിതപ്രജ്ഞനെ സംബന്ധിച്ച ഭാഗം ഗാന്ധിജി നിത്യേന പാരായണം ചെയ്തിരുന്നു. സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്താകുന്നു? അയാള്‍ എങ്ങനെ സംസാരിക്കുന്നു; എങ്ങനെ ഇരിക്കുന്നു? എങ്ങിനെ നടക്കുന്നു? എന്നിങ്ങനെയുള്ള അര്‍ജ്ജുനന്റെ സംശയങ്ങള്‍ക്കുള്ള സമാധാനമായാണ് സാംഖ്യയോഗത്തിലെ സ്ഥിതപ്രജ്ഞ വിവരണം വരുന്നത്.

ഇതൊക്കെ പൊതുവേ ഏവര്‍ക്കും അറിയാമെങ്കിലും മനുഷ്യന്‍ സ്ഥിതപ്രജ്ഞനാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കുന്നതെന്ന കാര്യം ഗീതാജ്ഞാനയജ്ഞം നടത്തുന്ന മഹാരാജുമാര്‍ക്കോ അവരെ പാദപൂജചെയ്തു കേള്‍ക്കുന്ന ഭക്തജനങ്ങള്‍ക്കോ തീര്‍ത്തും ബോധ്യമായിട്ടുണ്ടെന്നു തോന്നുന്നില്ല. ഇക്കാര്യത്തില്‍ മിക്കവരുടേയും സ്ഥിതി, രാമായണം മുഴുവന്‍ കേട്ടുകഴിഞ്ഞിട്ടും ‘രാമനുക്ക് സീത എപ്പടി’ എന്നുചോദിച്ചയാളുടേതുതന്നെയാണ്. മിക്കവരും ഇതു സമ്മതിക്കാന്‍ അഹങ്കാരംകൊണ്ട് തയ്യാറാവില്ല എന്നതു വേറെ കാര്യമാണ്. അതുകൊണ്ടാണ് ഗീതാശാസ്ത്ത്രിലെ ‘സ്ഥിതപ്രജ്ഞ’ പരികല്പനയെ ഇവിടെ പ്രത്യേകമായി ചര്‍ച്ചാവിധേയമാക്കുന്നത്!

‘സ്ഥിതപ്രജ്ഞ’ എന്നതിനു നിലയുറച്ച ബുദ്ധി എന്നാണു അര്‍ത്ഥം. സ്ഥിതം എന്ന വാക്കിനു സ്ഥിതിയുമായാണ് ബന്ധം. വിഷ്ണുസ്ഥിതിയുടെ ദേവതയാണ് എന്നത്രേ പറയപ്പെടുന്നത്. വിഷ്ണുവിന്റെ അവതാരമാണു ശ്രീകൃഷ്ണന്‍ എന്നാണല്ലോ ജനകീയമായ വിശ്വാസവും. അതിനാല്‍ സ്ഥിതപ്രജ്ഞന്‍ എന്ന വാക്ക് ശ്രീകൃഷ്ണനിലൂടെ പുറത്തുവരുമ്പോള്‍ അതിനു സ്ഥിതിയുമായുളള സംബന്ധം തീര്‍ത്തും ഒഴിവാക്കി അര്‍ത്ഥവിചാരം സാദ്ധ്യമാവില്ല.

സ്ഥിതി എന്ന വാക്കിനു നിലനില്പ് എന്നേ അര്‍ത്ഥമുളളൂ. എന്നാല്‍ ഈ വഴിക്കല്ല സ്ഥിതപ്രജ്ഞത്വത്തെ സംബന്ധിച്ച പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങള്‍! അവര്‍ സ്ഥിതപ്രജ്ഞതയ്ക്കു മാമല പോലെ ഇളകാതെ നില്‍ക്കുന്ന ബോധം (നിശ്ചലബുദ്ധി) എന്നാണു അര്‍ത്ഥ വിവക്ഷ നല്കി കാണുന്നത്. പക്ഷേ മലയും അതിനകത്തു ഒരുപാടു ചലനങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടെന്ന് ഇന്നത്തെ സായന്‍സിക വിജ്ഞാനം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ കാറ്റിലാടുന്ന മരങ്ങളോടു താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ മല ചലിക്കുന്നില്ല എന്നേ പറയാനാകൂ. മാത്രമല്ല നല്ലൊരു ഭൂമികുലുക്കം ഉണ്ടായാല്‍ ഏതു മലയും ചലിച്ചുകൂടായ്കയില്ല. ഉരുള്‍പ്പൊട്ടലുകള്‍ ഇതിനു സാക്ഷ്യം പറയുന്നു. അതിനാല്‍ മലപോലെ ഉറച്ചബുദ്ധിയാണു സ്ഥിതപ്രജ്ഞ എന്ന വ്യാഖ്യാനം അപ്പടി സമ്മതിച്ചുകൊടുക്കുവാന്‍ പ്രയാസങ്ങള്‍ ഒരുപാടുണ്ട്.

ഭഗവദ്ഗീതയില്‍ത്തന്നെ അര്‍ജ്ജുനന്‍ ഇളകാത്ത ബുദ്ധിയുള്ളവന്‍ സ്ഥിതപ്രജ്ഞന്‍ എന്ന പരികല്പനയെ പൊളിച്ചെഴുതന്നതിനു വഴിത്തുറക്കുന്ന സന്ദേഹങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ബുദ്ധി ചലിക്കാത്തവന്‍ എങ്ങനെ സംസാരിക്കും, ഇരിക്കും, നടക്കും എന്നാണു അര്‍ജ്ജുനന്‍ ചോദിക്കുന്നത്. നന്നായി മദ്യപിച്ച് മത്തുപിടിച്ച ഒരാളുടെ ബുദ്ധി പ്രവര്‍ത്തനക്ഷമമല്ലാതാകുന്നുണ്ട്. അപ്പോള്‍ സംസാരിക്കാനോ, നടക്കാനോ, ഇരിക്കാനോ കഴിയാതെ വീണിടം വിഷ്ണുലോകമാക്കി അങ്ങിനെ പടിഞ്ഞുപോകുന്നു. ഇത്തരം ഒരു അവസ്ഥയാണു സ്ഥിതപ്രജ്ഞന്റേതെന്നു പറയാന്‍ വയ്യല്ലോ. പറഞ്ഞാല്‍ ആരും സമ്മതിച്ചുതരികയും ഇല്ലല്ലോ.

ബുദ്ധി അഥവാ ബോധമണ്ഡലം നിശ്ചലമായാല്‍ ജീവിതം ഇല്ലാത്തതാകുമെന്ന് തീര്‍ച്ചയാണ്. സ്ഥിതപ്രജ്ഞന്‍ അങ്ങിനെ ജീവിതം ഇല്ലാതാകുന്ന അവസ്ഥയില്‍ എത്തുന്ന ആളല്ല. അതുകൊണ്ടുതന്നെ ബോധമണ്ഡലം നിശ്ചലമാകുന്ന അവസ്ഥയല്ല സ്ഥിതപ്രജ്ഞത്വം എന്നുറപ്പിക്കാം. പിന്നെയെന്താണത്?

മനുഷ്യന്റെ ബോധം അവനവനില്‍ മാത്രം നിലയുറച്ചു നില്ക്കുന്ന അവസ്ഥയാണു ലൗകികത. ലൗകികതയുടെ അടിസ്ഥാനം വ്യക്തിത്വമാണ്. ഏതൊരു വ്യക്തിയും വിസ്മരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അത് ഒരു വ്യക്തി എത്ര പ്രബലനായാലും അയാള്‍ക്കു തനിയെ നിലനില്പ് സാദ്ധ്യമല്ല എന്നതാണത്! കടലില്ലാതെ തിരയില്ല എന്നതുപോലെ, ഒരുപാടു വിറകു കത്തിക്കരിഞ്ഞു ചാമ്പലാകാതെ തീയിന് തനിയെ തെളിഞ്ഞുനില്ക്കാനാവില്ല എന്നതുപോലെ ഏതൊരു വ്യക്തിക്കും അയാള്‍ എത്ര വലിയ മഹാത്മാഗാന്ധിയാണെങ്കിലും, തനിയെ തെളിഞ്ഞോ ഞെളിഞ്ഞോ നിലനില്പുസാദ്ധ്യമാവില്ല.

‘പാര്‍ട്ടിയില്ലെങ്കില്‍ ഞങ്ങളെല്ലാം ശവം’എന്നു പിണറായി വിജയന്‍ പറയുമ്പോള്‍ അതു വി.എസ്സ്.അച്യുതാനന്ദനെ അസ്വസ്ഥപ്പെടുത്തുന്നത് പിണറായിയും ഒരു വ്യക്തിയായതുകൊണ്ടാണ്. പക്ഷേ, വിശ്വപ്രകൃതിക്ക് മനുഷ്യന്റെ ഭാഷയില്‍ സംസാരിക്കാനായാല്‍ ബുദ്ധനെ നോക്കിയും ശങ്കരനെ നോക്കിയും ക്രിസ്തുവിനെ നോക്കിയും നബിയെ നോക്കിയും മാര്‍ക്‌സിനേയും വിവേകാനന്ദനേയും ഗാന്ധിജിയേയും ഒക്കെ നോക്കിയും ഇങ്ങിനെ പറഞ്ഞേക്കാം. ”നിങ്ങളാരും എന്നോടുകൂടാതെ എന്നില്‍ വെച്ചല്ലാതെ ഒരു ശ്വാസംപോലും കഴിക്കുന്നില്ല”. എന്നുവെച്ചാല്‍ വിശ്വപ്രകൃതിയോടുകൂടാതെ ഒരു അവനും/അവളും ജീവിക്കുന്നില്ല. എന്നാല്‍, ഇങ്ങിനെ പറയുമ്പോള്‍ വളരെ നിസ്സാരം എന്നു തോന്നുന്ന ഈ യാഥാര്‍ത്ഥ്യം ഭൂരിഭാഗം മനുഷ്യരും തിരിച്ചറിയുന്നില്ല.

vs and pinarayi vijayanസൂര്യനില്ലെങ്കില്‍ ഭൂമിയോ നമ്മുടെ ജീവിതമോ ഇല്ല; എന്നിട്ടും ഒരു ദിവസം എത്ര തവണ നാം സൂര്യനെ ഓര്‍മ്മിക്കുന്നുണ്ട്. മിക്കവാറും ഒരൊറ്റ തവണപോലും നാം സൂര്യനെ ഓര്‍മ്മിക്കാറില്ല. ഇതുപോലെ നാം തിരിച്ചറിയാതെപോകുന്ന പ്രധാനപ്പെട്ടൊരു വാസ്തവമാണ് ‘വിശ്വപ്രകൃതിയോടുകൂടാതെ വിശ്വപ്രകൃതിയില്‍ വെച്ചല്ലാതെ ഒരു ശ്വാസം കഴിക്കുന്നതിനുപോലും ആരും പ്രാപ്തരല്ല’ എന്ന യാഥാര്‍ത്ഥ്യം.

എന്തുകൊണ്ടാണ് ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നത്? നമ്മള്‍ നമ്മുടെ മാത്രം വ്യക്തിത്വത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഒരുതരം ‘അവനിവനിസ’മാണു നമ്മുടെ പ്രത്യയശാസ്ത്രം. അത്തരം ആളുകള്‍ക്ക് ‘ഞാന്‍’ (അഹം) എന്നതേ ഉണ്ടായിരിക്കൂ- ബ്രഹ്മമാകുന്നു(ബ്രഹ്മാസ്മി) എന്നതു ഉണ്ടായിരിക്കില്ല-അഹം ബ്രഹ്മാസ്മി(ഞാന്‍ ബ്രഹ്മമാകുന്നു.) എന്നറിയുന്നവനാണ് സ്ഥിതപ്രജ്ഞന്‍. അയാള്‍ക്ക് അവനവനില്‍ കേന്ദ്രീകൃതമായ ഒരു വ്യക്തിത്വമില്ല; വിശ്വപ്രകൃതിയില്‍ വെച്ചുളള അസ്ഥിത്വമേ ഉള്ളൂ. വ്യക്തിത്വത്തില്‍നിന്ന് അസ്ഥിത്വത്തിലേക്ക് ബോധവികാസം നേടിയ വ്യക്തിയാണു സ്ഥിതപ്രജ്ഞന്‍.

വ്യക്തിത്വം എന്നതു അച്ഛന്‍/അമ്മ എന്നതുള്‍പ്പെട്ട കുടുംബപാരമ്പര്യം, പഠിപ്പ്, ഉദ്യോഗം എന്നിവയുമായി ബന്ധപ്പെട്ട സ്വഭാവഘടന തുടങ്ങിയ കാര്യങ്ങളോടെല്ലാം പറ്റിപ്പിടിച്ചുനില്‍ക്കുന്ന ബോധമണ്ഡലത്തിന്റെ തോന്നലാണ്. നിങ്ങളുടെ ബോധമണ്ഡലത്തിനു ചെറിയൊരു വ്യതിചലനം സംഭവിച്ചാല്‍, ഭൂമികുലുക്കത്തിനുശേഷം മഹാനഗരം എന്നതുപോലെ നിങ്ങളുടെ വ്യക്തിത്വം തീത്തും മറ്റൊന്നായി തീരും.

ടാറ്റയ്ക്കു ഭ്രാന്തുപിടിച്ചാല്‍ നാം അന്നേവരെ കണ്ടറിഞ്ഞ ടാറ്റ ഇല്ലാതാവും. ‘മാളികമുകളേറിയ മന്നന്റെ/തോളില്‍ മാറാപ്പു’വന്നുകൂടുന്നത് ഇങ്ങനെയാണ്. മാളികമുകളിലെ മന്നനും, തോളില്‍ മാറാപ്പുമായി തെരുവിലലയുന്ന ഭിക്ഷക്കാരനും വ്യക്തിത്വത്തില്‍ രണ്ടാണ്; പക്ഷേ അസ്ഥിത്വത്തില്‍ അവരൊറ്റയാളാണ്. വ്യക്തിത്വത്തിന് ഉയര്‍ച്ച താഴച്കളും സുഖദുഃഖങ്ങളും ആശാനിരാശകളും എന്നിങ്ങനെ നാനാപ്രകാരേണയുളള ദൈ്വതങ്ങളിലുടെ മാത്രമേ കടന്നുപോകാനാകൂ. അതിനെയാണു സംസാരം എന്നുപറയുന്നത്. എന്നാല്‍ വ്യക്തിത്വത്തില്‍നിന്ന് അസ്തിത്വത്തിലേക്ക് വികസിച്ച ബോധമണ്ഡലം പ്രാപിച്ചവര്‍ക്ക് ദൈ്വതാവസ്ഥകള്‍ ഇല്ല; അവര്‍ കൊട്ടാരത്തിലും കുടിലിലും ഒരുപോലെ സ്വച്ഛതയുളളവരായിരിക്കും; അമ്പലത്തിലും അങ്ങാടിയിലും പട്ടിയിലും പട്ടിയെ തിന്നുന്ന ചണ്ഡാളനിലും തുല്യദൃഷ്ടിയുള്ളവരായിരിക്കും-കല്ലിനും മണ്ണിനും പൊന്നിനും ഒരേ വില കല്‍പ്പിക്കുന്നവരായിരിക്കും.

സമതയുടെ ഈ മഹായോഗത്തിലേക്ക് മനസ്സ് എത്തിച്ചേരണമെങ്കില്‍ മനുഷ്യന്‍ അയാളുടെ നിലനില്പ്പിനെ വ്യക്തിത്വത്തില്‍നിന്ന് ഉയര്‍ത്തണം-വിശ്വമാണെന്റെ വീട് എന്നതിലേക്ക് വികസിക്കണം. അങ്ങിനെ വികസിക്കാന്‍ കഴിഞ്ഞവനാണു സ്ഥിതപ്രജ്ഞന്‍-അയാള്‍ക്ക് രക്തബന്ധാധിഷ്ഠിതമായ ഇടുങ്ങിയ വ്യക്തിത്വം ഇല്ല. അയാള്‍ക്കുളള്ളത് വിശ്വപ്രപഞ്ചത്തോളം വികസിതമായ അനന്തവ്യക്തിത്വമാണ്.

അനന്തതയ്ക്ക് അളവുകോലില്ല. അതുകൊണ്ടുതന്നെ ഉയര്‍ച്ചതാഴ്ചകള്‍ ഇല്ല. അതുകൊണ്ടുതന്നെ എല്ലാമായിരിക്കുന്ന വിശ്വപ്രകൃതിയില്‍ തന്നേയും കണ്ടെത്തുന്ന മനുഷ്യപ്രജ്ഞയ്ക്കും തരതമ്യഭേദങ്ങള്‍ ഉച്ചനീചത്വഭാവനകള്‍ ഒരു കാര്യത്തിലും വെച്ചുപുലര്‍ത്താനാകില്ല. അനന്തതയ്ക്ക് അപ്പുറത്ത് മറ്റൊന്നും ഇല്ലാത്തതിനാല്‍ അനന്തതയാണ് ഒരേയൊരു സത്യം. അതില്‍ ഉറച്ചുനില്‍ക്കുന്ന പ്രജ്ഞയുളളവനാണ് സ്ഥിതപ്രജ്ഞന്‍.

അനന്തത അതുവിട്ടെങ്ങോട്ടും ചലിക്കുന്നില്ല; അതിന്റെ ചലനമത്രയും അതില്‍തന്നെയാണ്. ബൃംഹതി ഇതി ബ്രഹ്മ-വികസിക്കുന്നതാണ് ബ്രഹ്മം-എന്ന നിരുക്തിപ്രകാരം ചിന്തിക്കുമ്പോള്‍ ബ്രഹ്മത്തിനു ചലനം ഉണ്ടെന്നുവരുന്നു. ചലനമില്ലാത്തത് എങ്ങനെ വികസിക്കും? അപ്പോള്‍ ബ്രഹ്മത്തിനു ചലനം ഉണ്ടെന്നുവരുന്നു- അപ്പോള്‍ ബ്രഹ്മത്തിന്റെ ചലനം നേരത്തേ പറഞ്ഞപ്രകാരം അതിനകത്തുതന്നെയാണ്. തന്നത്താന്‍ തന്നില്‍ വലുതായിക്കൊണ്ടിരിക്കുന്ന വിശ്വപ്രകൃതിതന്നെയാണ് ബ്രഹ്മം. അതിനോടു മനസ്സുകൊണ്ടു ചേര്‍ന്നിരിക്കുന്ന-യോഗത്തില്‍ വര്‍ത്തിക്കുന്ന- വ്യക്തിപ്രതിഭയാണു ബ്രഹ്മത്തെ അറിഞ്ഞു ബ്രഹ്മമായി ഭവിക്കുന്ന ജ്ഞാനി-അഥവാ സ്ഥിതപ്രജ്ഞന്‍.

അവനവനില്‍ മാത്രം ഉറച്ചവന്‍ സ്വാര്‍ത്ഥപ്രജ്ഞനാണ്. അയാള്‍ ലൗകികനും ഭൗതികനുമാണ്; അമ്പലത്തില്‍ പോയാലും ഇല്ലെങ്കിലും അയാള്‍ പച്ചസ്വാര്‍ത്ഥി മാത്രമാണ്. വിശ്വപ്രകൃതിയില്‍ തന്നെ ഉറച്ചവനാണു സ്ഥിതപ്രജ്ഞന്‍. അയാള്‍ ആത്മീയനാണ്, അയാള്‍ പച്ചപരമാര്‍ത്ഥിയാണ്! അമ്പലത്തില്‍ പോയാലും ഇല്ലെങ്കിലും അയാള്‍ അതാണ്!

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311

ഗീതാ ദര്‍ശനങ്ങള്‍

എന്താണ് അദ്ധ്യാത്മികത…?

കുരുക്ഷേത്രഭൂമിയിലും കുട്ടികളെപ്പോലെ നിന്ന ഒരാള്‍

ഭഗവദ്ഗീതയിലൂടെ മരണത്തെ വായിക്കുമ്പോള്‍

ഭഗവദ്ഗീത രാഷ്ട്രീയരഹിതമായ ശുദ്ധആദ്ധ്യാത്മിക ശാസ്ത്രമാണോ?

ഭഗവദ്ഗീതയും സന്ന്യാസവും

കുരുക്ഷേത്രയുദ്ധഭൂമിയും വ്യത്യസ്ത പ്രതികരണങ്ങളും

മമതയുടെ മൂന്നു മുഖങ്ങള്‍ അഥവാ ഉത്കണ്ഠ, വിദ്വേഷം, വിഷാദം

വിഷാദം രോഗമോ യോഗമോ?

ശങ്കരാചാര്യരും അര്‍ജ്ജുനവിഷാദയോഗവും

ആളെ കൊല്ലിക്കല്‍ ശ്രീകൃഷ്ണനു രസമായിരുന്നോ?

ശ്രീകൃഷ്ണന്‍ എന്ന ന്യൂനപക്ഷസംരക്ഷകന്‍

ഒരാള്‍ കണ്ണടച്ചാല്‍ സൂര്യന്‍ ഇല്ലാതാവില്ല; അര്‍ജ്ജുനന്‍ പിന്‍വാങ്ങിയാലും യുദ്ധം ഒഴിവാകില്ല

സ്‌നേഹരക്ഷയല്ല ധര്‍മ്മരക്ഷ

ഭഗവദ്ഗീതയ്ക്ക് ദരിദ്രന്മാരോട് എന്താണ് പറയുവാനുള്ളത്?

ദുഃഖം പ്രശ്‌നമാണ് പരിഹാരമല്ല

Advertisement