Administrator
Administrator
ഒരാള്‍ കണ്ണടച്ചാല്‍ സൂര്യന്‍ ഇല്ലാതാവില്ല; അര്‍ജ്ജുനന്‍ പിന്‍വാങ്ങിയാലും യുദ്ധം ഒഴിവാകില്ല
Administrator
Tuesday 7th June 2011 1:00am

bhagavad-gita

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

യുദ്ധം ചെയ്യാതിരിക്കാനുള്ള ന്യായവാദങ്ങള്‍ അര്‍ജ്ജുനന്‍ ഒരുപാട് നിരത്തുന്നുണ്ട്. അര്‍ജ്ജുനന്‍ യുദ്ധത്തില്‍നിന്നു പിന്‍വാങ്ങിയാല്‍ യുദ്ധം ഒഴിവാകുമെന്ന ധാരണയിലൂന്നിയാണ് അര്‍ജ്ജുനന്‍ എല്ലാ യുദ്ധവിരുദ്ധവാദങ്ങളും ഉന്നയിക്കുന്നത്. അതിനര്‍ത്ഥം പാണ്ഡവസേന മുഴുവന്‍ തന്നെ ആശ്രയിച്ചുനില്‍ക്കുന്നു എന്നു കരുതുന്ന ഒരുതരം അഹങ്കാരം അര്‍ജ്ജുനനെ ഭരിച്ചിരുന്നു എന്നാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അര്‍ജ്ജുനന്‍ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങിയാല്‍ ഒഴിവാക്കാവുന്നതായിരുന്നോ കുരുക്ഷേത്രയുദ്ധം?

ഭീമനും ദുര്യോധനനും ദുശ്ശാസനനും തമ്മിലുള്ള പക, ശിഖണ്ഡിയും ഭീഷ്മരും തമ്മിലുള്ള വൈരം, പാഞ്ചാല രാജാവായ ദ്രുപദനും കൗരവപാണ്ഡവഗുരുവായ ദ്രോണരും തമ്മിലുള്ള കുടിപ്പക, തന്നെ സഭയില്‍ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ചെറുവിരലനക്കാതിരുന്ന ഭീഷ്മരുടെയും ദ്രോണരുടെയും കര്‍ണ്ണന്റെയും ധര്‍മ്മബോധത്തെ പ്രതിക്കൂട്ടില്‍ നിറുത്തിക്കൊണ്ട് ‘കൗരവനാശം കാണാതെ ഇനി ഞാന്‍ മുടികെട്ടില്ല’ എന്നു ശപഥം ചെയ്ത പാഞ്ചാലിയുടെ പ്രേരണ… ഇങ്ങനെ തൊട്ടെണ്ണി പറയാവുന്ന നിരവധി ഘടകങ്ങള്‍ കുരു-പാണ്ഡവയുദ്ധത്തിനു കളമൊരുക്കുന്നവയായി നിലനില്‍ക്കേ, അര്‍ജ്ജുനന്‍ മാത്രം പിന്‍വാങ്ങിയാല്‍ യുദ്ധം ഒഴിവാകുമോ? ഇല്ലെന്നുറപ്പ്.

ഇനി ഇതൊന്നും പരിഗണിക്കാതെ അര്‍ജ്ജുനന്‍ യുദ്ധത്തില്‍നിന്നു പിന്‍വാങ്ങിയാല്‍ അയാളെ ദുര്യോധനന്‍ വേട്ടയാടുക മാത്രമല്ല പാണ്ഡവസൈന്യം ഒന്നടങ്കം നയവഞ്ചകന്‍ എന്നു വിളിച്ച് അപഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ഖാണ്ഡീവം, പാശുപതാസ്ത്രം തുടങ്ങിയ ദിവ്യായുധങ്ങള്‍ അര്‍ജ്ജുനന്‍ ശേഖരിച്ചത് ഒരുപാട് തപസ്സുകള്‍ക്ക് ശേഷമാണ്. പരമശിവന്‍ ഉള്‍പ്പടെയുള്ള ദേവതകളാണ് അയാള്‍ക്ക് ദിവ്യാസ്ത്രങ്ങള്‍ സമ്മാനിച്ചതും. അതിനാല്‍ യുദ്ധത്തില്‍നിന്നു പിന്‍വാങ്ങിയാല്‍ അര്‍ജ്ജുനന്‍ സ്വന്തം തപസ്യയേയും ദേവതകളുടെ വരദാനത്തേയും അപഹസിക്കുന്ന ആളായിത്തീരുകയും ചെയ്യും. ചുരുക്കത്തില്‍ ഒരു കുടകൊണ്ട് പെരുമഴയേയും വെള്ളപ്പൊക്കത്തേയും ഒഴിവാക്കുന്നതിനു ചെയ്യാനാകുന്നതില്‍ കൂടുതലൊന്നും അര്‍ജ്ജുനന്റെ പിന്മാറ്റംകൊണ്ട് യുദ്ധം ഒഴിവാക്കുന്നതിലും ചെയ്യാനാകുമായിരുന്നില്ല. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് അര്‍ജ്ജുനനു താനില്ലെങ്കില്‍ യുദ്ധമില്ല എന്ന അഹങ്കാരത്തിലൂന്നിയ രക്തബന്ധമമതയാല്‍ നഷ്ടപ്പെട്ടത്.

Albert Einsteinഒരു ഉറുമ്പിനെപോലും മനഃപൂര്‍വ്വം കൊല്ലാന്‍ കഴിയാത്തവിധം തരളമായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റയീനിന്റെ ഹൃദയം. പക്ഷേ, അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രപഞ്ചസത്യത്തിന്റെ ഹൃദയം കണ്ടെത്തുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ ലോകത്തെ മുച്ചൂടം നശിപ്പിക്കുന്നതിനുവേണ്ടുന്ന സംഹാരശക്തിയുള്ള ആറ്റംബോബുകളുടെ നിര്‍മ്മാണത്തിന് വഴിതുറന്നു. അരുതെന്ന് ഐന്‍സ്റ്റീന്‍ വിലക്കിയിട്ടും ആറ്റംബോബുകള്‍ ഉണ്ടാക്കുന്നതില്‍നിന്നും രാഷ്ട്രീയക്കാരെ തടയാനായില്ല. ഇന്ത്യപോലും ആറ്റംബോംബിന്റെ സ്‌ഫോടനത്തെ ‘ബുദ്ധന്റെ ചിരി’ എന്നുവിളിച്ച് ആഘോഷിച്ചു. ഇതറിയാവുന്നവര്‍ക്കും അര്‍ജ്ജുനന്‍ എന്ന വ്യക്തിയുടെ പിന്‍മാറ്റംകൊണ്ടുമാത്രം ഒഴിവാക്കാവുന്നതല്ല മഹാഭാരതയുദ്ധം എന്നു ബോദ്ധ്യപ്പെടും.

ഇത്തരം വസ്തുതകളിലൂന്നിയ കാര്യങ്ങള്‍ അര്‍ജ്ജുനനെ ബോധ്യപ്പെടുത്തുകയാണ് ശ്രീകൃഷ്ണന്‍ ഗീതോപദേശത്തിലൂടെ ചെയ്യുന്നത്. യുദ്ധത്തിന്റേയും സമാധാനത്തിന്റെയും സംഭവ്യത (happening of war and peace) വ്യക്തിയെ ആശ്രയിച്ചല്ല മറിച്ച് മറികടക്കുവാന്‍ ഒരു മനുഷ്യനാലും സാദ്ധ്യമല്ലാത്ത വിധം സങ്കീര്‍ണ്ണമായ പ്രകൃതിനിയമങ്ങളാല്‍ (chaoitc character of nature’s laws) സര്‍വ്വത്രഭരിതമാണെന്നാണു ഗീത പ്രഖ്യാപിക്കുന്നത്. (”മമ മായ ധുരത്യയ” എന്ന ഗീതാപ്രഖ്യാപനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നു മാത്രം തത്ക്കാലം ഓര്‍മ്മപ്പെടുത്തുന്നു.) ഒരാള്‍ കണ്ണടച്ചാല്‍ അയാള്‍ക്കു സൂര്യനെ കാണാതാകും. എന്നു കരുതി സൂര്യന്‍ ഇല്ലാതാകുന്നില്ല; അതിനു കാരണം സൂര്യന്‍ ശതകോടിവര്‍ഷങ്ങളായി കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നത്, ഹിറ്റ്‌ലറെപ്പോലെയോ സ്റ്റാലിനെപ്പോലെയോ മഹാത്മാഗാന്ധിയെപ്പോലെയോ ഒസാമബിന്‍ലാദനെപ്പോലെയോ ബാരക് ഒബാമയെപ്പോലെയോയുള്ള ഭൂമിയിലെ വ്യക്തികള്‍ കണ്ണുതുറന്നിരിക്കുന്നതുകൊണ്ടല്ല.

krishna on gitaഇവ്വണ്ണം വിശ്വപ്രപഞ്ചത്തിന്റെ അപാരതയില്‍ വ്യക്തിപ്രതിഭയുടെ നിസ്സാരത തീര്‍ത്തും തിരിച്ചറിയുന്നവര്‍ക്കേ, ലോകൈകധനുര്‍ദ്ധരന്‍ എന്ന നിലയിലുള്ള മനുഷ്യനായ അര്‍ജ്ജുനന്റെ വ്യക്ത്യഹങ്കാരം (individual arrogance) പിന്‍വാങ്ങുന്നതുകൊണ്ടുമാത്രം ഇല്ലാതാവുന്നതല്ല മഹാഭാരതയുദ്ധം എന്നതിലൂന്നി, ബ്രഹ്മാണ്ഡത്തിന്റെ പ്രാതിനിധ്യഭാഷയില്‍, അര്‍ജ്ജുനന്റെ യുദ്ധപിന്‍വാങ്ങല്‍വാദങ്ങളെ ഇഞ്ചോടിഞ്ച് തകര്‍ത്തുതരിപ്പണമാക്കുന്ന ശ്രീകൃഷ്ണന്റെ ധര്‍മ്മയുദ്ധവാദങ്ങളെ തീര്‍ത്തും മനസ്സിലാക്കാനാവൂ.

പിന്‍വാങ്ങലല്ല എന്തു പ്രശ്‌നത്തേയും മനഃചാഞ്ചല്യം കൂടാതെ അഭിമുഖീകരിക്കലാണ് ധീരത എന്നതാണ് ഗീതയുടെ പാഠം. കുരുക്ഷേത്രയുദ്ധം അകത്തു നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ പ്രതീകാത്മകചിത്രീകരണമാണെന്നും യഥാര്‍ത്ഥ യുദ്ധമല്ലെന്നുമുള്ള വാദത്തിനും കേള്‍വി സുഖമേകുന്ന അഭിപ്രായം എന്നതിനപ്പുറം കാമ്പുണ്ടെന്നു പറഞ്ഞുകൂട. കാരണം, മനസ്സെന്നത് സ്വതന്ത്രസത്തയല്ല. പുറത്തുകാണാത്ത ഒന്നിനും അകത്തു നിലനില്‍പില്ല. പറക്കുന്ന ഒരു പക്ഷിയെ ഒരിക്കലും പുറത്തു കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് മനസ്സില്‍ ഒരു പുഷ്പകവിമാനം വിഭാവനം ചെയ്യാനാവില്ല. കുരുക്ഷേത്ര യുദ്ധവര്‍ണ്ണന, പുറത്തുനടന്നിട്ടുള്ള യുദ്ധങ്ങളുടെ ചുവടുപിടിച്ച് അകത്തു രേഖപ്പെടുത്തിയെടുത്ത ചിത്രമാണെന്നേ പരമാവധി പറയാനാകൂ.

വ്യവസ്ഥിതിയുമായി യാതൊരു ബന്ധവുമില്ലാത്ത മനഃസ്ഥിതി യുദ്ധത്തിന്റെ കാര്യത്തിലെന്നല്ല, പ്രണയത്തിന്റെയും സദാചാര-ദുരാചാര വേര്‍തിരിവുകളുടെയും വിഷയത്തിലും മനുഷ്യന് ഉണ്ടാക്കിയെടുക്കാനാവില്ല. ഇത്രയും അറിയുന്നവര്‍ക്ക് ചിത്രീകരണപരമായ അതിശയോക്തികള്‍ കുരുക്ഷേത്രയുദ്ധത്തില്‍ ഉണ്ടായിട്ടുള്ളത് മനസ്സിന്റെ പ്രവര്‍ത്തനംകൊണ്ടാണെന്നു പറയുന്നതോടൊപ്പം പുറത്തുനടന്നിട്ടുള്ള യുദ്ധങ്ങളുടെ രീതികളും കാരണങ്ങളും അതിന്റെ അടിത്തറയായിരുന്നിട്ടുണ്ടെന്നുകൂടി സമ്മതിക്കേണ്ടിവരും. ഇതു സമ്മതിക്കാതെ ഭഗവദ്ഗീതയെ വെറും സമാധാനവാദഗ്രന്ഥമായി കാണുന്നത് അതിനെ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പൊടുന്നനെ പൊട്ടിവീണ ഒരു കൃതിയായി കാണുന്നതുപോലെ അസംബന്ധമാകും. ഇത്തരം അസംബന്ധങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ളതും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതും സര്‍വ്വോപരി ജീവിതത്തിന്റെ മണ്ണില്‍ കാലും വിണ്ണില്‍ ശിരസും നിലനിര്‍ത്തുന്നതുമായ ഗീതാപഠനങ്ങളാണ് ഇന്നാവശ്യമായിട്ടുള്ളത്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311

Advertisement