ഒപ്പം നിന്നവര്‍ക്ക് നമസ്‌കാരം, നാളിതുവരെ അശ്ലീല കഥ മെനഞ്ഞ സൈബര്‍ മറുതകള്‍ക്ക് നല്ല നമസ്‌കാരം: സന്ദീപാനന്ദ ഗിരി
Kerala News
ഒപ്പം നിന്നവര്‍ക്ക് നമസ്‌കാരം, നാളിതുവരെ അശ്ലീല കഥ മെനഞ്ഞ സൈബര്‍ മറുതകള്‍ക്ക് നല്ല നമസ്‌കാരം: സന്ദീപാനന്ദ ഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th November 2022, 4:00 pm

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. വിഷയത്തില്‍ തനിക്കെതിരെ നാളിതുവരെ അശ്ലീല കഥ മെനഞ്ഞ സൈബര്‍ മറുതകള്‍ക്ക് നല്ല നമസ്‌കാരമുണ്ടെന്ന് സന്ദീപാനന്ദ ഗിരി പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആസൂത്രിതമായ കല്ലുവെച്ച നുണ പ്രചരണങ്ങളും ആഭാസത്തരങ്ങളും പറഞ്ഞ് പരത്തിയപ്പോഴും അതൊന്നും വിശ്വസിക്കാതെ കരുത്ത് പകര്‍ന്ന് ഒപ്പം നിന്നവരുടെ ശ്രദ്ധക്ക് മുന്നില്‍ നമസ്‌കാരം,
നാളിതുവരെ അശ്ലീല കഥ മെനഞ്ഞ സൈബര്‍ മറുതകള്‍ക്കും നല്ല നമസ്‌കാരം,’ എന്നാണ് സന്ദീപാനന്ദ ഗിരി എഴുതിയത്.

ഒരു ഘട്ടത്തില്‍ ആശ്രമം കത്തിച്ചത് താനാണെന്നാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. അത് തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്വാമി നേരത്തെ പറഞ്ഞിരുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുണ്ടാകുന്നത്. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്നാണ് വെളിപ്പെടുത്തല്‍.

പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണ് വെളിപ്പെടുത്തല്‍ നടത്തിയ്. പ്രകാശ് ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു.

ആശ്രമം കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.