Administrator
Administrator
സ്വാമി മരിച്ചത് വിഷം ഉള്ളില്‍ച്ചെന്നെന്ന് റിപ്പോര്‍ട്ട്
Administrator
Wednesday 15th June 2011 7:21pm

swamiഡെറാഡൂണ്‍: ഗംഗയെ മലിന മുക്തമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമനുഷ്ഠിക്കുന്നതിനിടെ സ്വാമി നിഗമാനന്ദ് മരിച്ചതിന് പിന്നില്‍ ദുരൂഹതയേറുന്നു. ഹരിദ്വാറിലെ മാത്രിസദന്‍ ആശ്രമത്തിലെ സന്ന്യാസിയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് ഐ.ബി.എന്‍ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെറാഡൂണിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച് തിങ്കളാഴ്ചയാണ് അദ്ദേഹം മരിച്ചത്. സ്വാമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഗംഗയ്ക്ക് സമീപത്തെ ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള നടക്കുന്ന മേഖലയില്‍ നിന്ന് കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിബ്രവരി 19നാണ് സ്വാമി നിഗമാനന്ദ് നിരാഹാരം തുടങ്ങിയത്. സ്വാമി നിരാഹാരം അനുഷ്ഠിക്കുന്നത് പ്രദേശത്തെ ഖനന മാഫിയക്ക് വലിയ തലവേദനയായിരുന്നു.

ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയെ സ്വമായുടെ ആരോഗ്യനില വീണ്ടും വഷളായിരുന്നു. മെയ് രണ്ടിന് അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ ചികിത്സക്കിടെ വിഷം നല്‍കിയതിനാലാണ് നിഗമാനന്ദ് അബോധാവസ്ഥയിലായതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഹരിദ്വാര്‍ ജില്ലാ ആസ്പത്രി ചീഫ് സൂപ്രണ്ട് ഡോ. പി.കെ. ഭട്‌നഗര്‍, ഹിമാലയ സ്‌റ്റോണ്‍ ക്രഷര്‍ ഉടമ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ആശ്രമാധിപന്‍ സ്വാമി ശിവാനന്ദ് കോട്‌വാലി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 30ന് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സ്വാമി, നഴ്‌സ് കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് അബോധാവസ്ഥയിലായതെന്ന് പരാതിയില്‍ പറയുന്നുണ്ട്.

പിന്നീട് ഗുരുതരാവസ്ഥയിലായ സ്വാമി നിഗമാനന്ദിനെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റുകയും കഴിഞ്ഞദിവസം മരിക്കുകയുമാണുണ്ടായത്. സ്വാമിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും സ്വാമിയുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സ്വാമിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരാഖണ്ഡ് ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ്‌റ് ആല്‍വ ഉത്തരവിട്ടിട്ടുണ്ട്.

Advertisement