എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുര്യനെതിരായ അന്യായം തള്ളി
എഡിറ്റര്‍
Saturday 2nd March 2013 1:57pm

പീരുമേട്: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരായി സൂര്യനെല്ലി പെണ്‍കുട്ടി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം തള്ളി. പീരുമേട് കോടതിയാണ് സ്വകാര്യം അന്യായം തള്ളിയത്.

Ads By Google

കേസില്‍ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ ഹരജി. എന്നാല്‍ സുപ്രീം കോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ അന്യായം ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി.

കുര്യനെതിരെ കേസെടുക്കണമെന്ന്  ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.

കോടതി പരിഗണനയിലുള്ളതായതിനാല്‍ നിയമ തടസ്സങ്ങള്‍ ഉണ്ടെന്നും നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കുമെന്നുമായിരുന്നു പോലീസ് പ്രതികരണം.

ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടി കുര്യനെതിരെ സ്വകാര്യ ഹരജി ഫയല്‍ ചെയ്തത്.

പി.ജെ കുര്യനെതിരെ നിലവില്‍ എഫ്.ഐ.ആര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ  ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു പരാതി നല്‍കിയത്.

1996 ഫെബ്രുവരി 19 ന് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.സൂര്യനെല്ലി കേസില്‍ തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യനുമുണ്ടെന്നാണു പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

ധര്‍മരാന്‍, ജമാല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഒത്താശയോടെ തന്നെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുര്യനെ നാലാംപ്രതിയാക്കണമെന്നും പരാതിയില്‍ പറയുന്നു.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

Advertisement