വീണ്ടും ബി.ജെ.പി? കോണ്‍ഗ്രസ് തകര്‍ന്നടിയും? മഹാരാഷ്ട്രയും ഹരിയാനയും ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് പ്രീ-പോള്‍ സര്‍വേ ഫലം; മുഖ്യമന്ത്രിമാര്‍ ആരെന്നും പ്രവചനം
assembly elections
വീണ്ടും ബി.ജെ.പി? കോണ്‍ഗ്രസ് തകര്‍ന്നടിയും? മഹാരാഷ്ട്രയും ഹരിയാനയും ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് പ്രീ-പോള്‍ സര്‍വേ ഫലം; മുഖ്യമന്ത്രിമാര്‍ ആരെന്നും പ്രവചനം
ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 8:18 am

ന്യൂദല്‍ഹി: തിങ്കളാഴ്ച നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രീ-പോള്‍ സര്‍വേ ഫലം പുറത്ത്. ഐ.എ.എന്‍.എസ്-സീവോട്ടര്‍ സര്‍വേ ഫലത്തില്‍ ഇരു സംസ്ഥാനങ്ങളിലും വീണ്ടും ബി.ജെ.പിയോ ബി.ജെ.പി സഖ്യമോ അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. കോണ്‍ഗ്രസ് ഹരിയാനയില്‍ തകര്‍ന്നടിയുമെന്നും അവര്‍ പറയുന്നു. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആരെന്നതിനെക്കുറിച്ചും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്ര

288 അംഗ നിയമസഭയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഉള്‍പ്പെടുന്ന എന്‍.ഡി.എയ്ക്ക് 182-206 സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയ്ക്ക് 72-98 സീറ്റുകള്‍ ലഭിക്കും.

വോട്ടുവിഹിതത്തില്‍ എന്‍.ഡി.എയ്ക്ക് 47.3, യു.പി.എയ്ക്ക് 38.5, മറ്റുള്ളവര്‍ക്ക് 14.3 ശതമാനവും ലഭിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 31.15, ശിവസേനയ്ക്ക് 19.3, കോണ്‍ഗ്രസിന് 18 ശതമാനവും ലഭിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റുമാണു ലഭിച്ചത്. കോണ്‍ഗ്രസിനാവട്ടെ, 42 സീറ്റും എന്‍.സി.പിക്ക് 41 സീറ്റുമാണു ലഭിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുടര്‍ച്ചയായ രണ്ടാംവട്ടവും ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ആളുകള്‍ വോട്ടു ചെയ്തത്. 34.7 ശതമാനം പേര്‍ ഫഡ്‌നാവിസിനെ പിന്തുണച്ചപ്പോള്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കു ലഭിച്ചത് 5.1 ശതമാനം വോട്ട് മാത്രമാണ്.

എന്‍.സി.പി നേതാവ് ശരദ് പവാറിന് 6.8, പവാറിന്റെ ബന്ധു അജിത് പവാറിന് 7.6, എം.എന്‍.എസ് നേതാവ് രാജ് താക്കറെയ്ക്ക് 6, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് 3.5 ശതമാനവുമാണ് വോട്ട് ലഭിച്ചത്.

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയായി വരണമെന്ന് 5.9 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് 4.1 ശതമാനം പേരുടെ പിന്തുണയുണ്ട്.

ഹരിയാന

90 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 79-87 സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് ഒന്നുമുതല്‍ ഏഴ് സീറ്റുകള്‍ വരെ മാത്രം നേടി തകര്‍ന്നടിയും.

ബി.ജെ.പിക്ക് 47.5 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 21.4, ജനന്‍നായക് ജനതാ പാര്‍ട്ടിക്ക് (ജെ.ജെ.പി) 9.3, മറ്റുള്ളവര്‍ക്ക് 21.4 ശതമാനവുമാണു ലഭിക്കുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റ് നേടിയിരുന്നു. 33.2 ശതമാനം വോട്ടുവിഹിതമായിരുന്നു അവര്‍ക്കു ലഭിച്ചത്. അതേസമയം ഐ.എന്‍.എല്‍.ഡിക്ക് 24.1 ശതമാനം വോട്ടും 19 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിനാവട്ടെ, 20.6 ശതമാനം വോട്ടും 15 സീറ്റുമാണു ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40.3 ശതമാനം പേരും പരിഗണിച്ചത് നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെയാണ്. 19.9 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയെ അനുകൂലിച്ച് വോട്ട് ചെയ്തത്. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് 14.2 ശതമാനം പേരും വോട്ട് ചെയ്തു.